ഭരണഭാഷാ വാരാഘോഷം: രജിസ്‌ട്രേഷന്‍ വകുപ്പിലെ ഇംഗ്ലീഷ് വാക്കുകളുടെ മലയാളം പരിഭാഷ പരിചയപ്പെടുത്തി
പാലക്കാട് രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പിലെ ഇംഗ്ലീഷ് വാക്കുകളുടെ മലയാളം പരിഭാഷ പരിചയപ്പെടുത്തി. മലയാള ഭാഷയുടെ പ്രാധാന്യം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സബ് രജിസ്ട്രാര്‍ ഓഫീസര്‍ എന്‍. ദിലീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മറ്റ് വകുപ്പുകളെ അപേക്ഷിച്ച് രജിസ്‌ട്രേഷന്‍ വകുപ്പില്‍ മലയാള ഭാഷ ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് പോലും രജിസ്‌ട്രേഷന്‍ വകുപ്പില്‍ ജോലി ലഭിക്കണമെങ്കില്‍ മലയാള ഭാഷാ പ്രാവീണ്യം നിര്‍ബന്ധമായിരുന്ന സാഹചര്യമുണ്ടായിരുന്നു. മലയാള ഭാഷ കാലഹരണപ്പെട്ട് പോകാതിരിക്കാനുള്ള ചുമതല നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന പരിപാടിയില്‍ ചിട്ടി ഓഡിറ്റര്‍ എം. ജ്യോതികുമാര്‍ അധ്യക്ഷനായി. ജില്ലാ രജിസ്‌ട്രേഷന്‍ ജനറല്‍ ഓഫീസര്‍ പി.കെ അനുജിത്ത്, സീനിയര്‍ ക്ലാര്‍ക്കുമാരായ എം.കെ സജീഷ്, എസ് സൗമ്യ, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
രജിസ്‌ട്രേഷന്‍ വകുപ്പിലെ ചില ഇംഗ്ലീഷ് വാക്കുകളുടെ മലയാളം തര്‍ജ്ജമ താഴെ
പവര്‍ ഓഫ് അറ്റോര്‍ണി-വക്കാലത്തുകള്‍, ഇന്‍സ്ട്രുമെന്റ്‌സ്-ഉപകരണങ്ങള്‍, സെക്യൂരിറ്റി ബോണ്ട്- ജാമ്യ പത്രം, അഡോപ്ഷന്‍ ഡീഡ് – ദത്തുപത്രങ്ങള്‍, മ്യൂട്ടേഷന്‍ – പോക്കുവരവ്, ഓപ്ഷണല്‍ – ഐച്ഛികം, വില്‍ – ഒസ്യത്ത്, ലീസ് – പാട്ടം, പാര്‍ട്ടീഷന്‍ ഡീഡ് – ഭാഗപത്രം, ഡേറ്റ് സ്റ്റാമ്പ് – തീയതി മുദ്ര, ട്രൂ കോപ്പി – ശരിപ്പകര്‍പ്പ്, വര്‍ക്ക് ഡയറി- വേല വിവര ഡയറി, അറ്റസ്റ്റേഷന്‍- സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി രജിസ്‌ട്രേഷന്‍ വകുപ്പ് സാധരണയായി ഉപയോഗിക്കുന്ന വാക്കുകളാണ് വകുപ്പ് ജീവനക്കാര്‍ പരിചയപ്പെടുത്തിയത്. ഭരണ വാരാഘോഷത്തിന്റെ ഭാഗമായി ഇതില്‍ നിന്ന് തിരഞ്ഞെടുത്ത വാക്കുകള്‍ അടുത്ത ദിവസം ജില്ലാ രിസ്ട്രാര്‍ ഓഫീസിന് മുന്നിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് മുന്നിലും പ്രദര്‍ശിപ്പിക്കും.