സി.എസ്.ആര്‍ ഫണ്ട് കൈമാറി
സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായ (സി.എസ്.ആര്‍) കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന് 19.95 ലക്ഷം രൂപ അനുവദിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന് പി.എസ്.സുപാല്‍ എം.എല്‍.എ ആദ്യ ഗഡുവായ 9,97,344 ലക്ഷം രൂപയൂടെ ചെക്ക് കൈമാറി. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് എം.എല്‍.എയുടെ ശുപാര്‍ശ പ്രകാരം തുക അനുവദിച്ചത്.
സെന്‍ട്രല്‍ വെയര്‍ഹൗസിങ്ങ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.വി.പ്രദീപ് കുമാര്‍, റീജിയണല്‍ മാനേജര്‍ ബി.ആര്‍ മനീഷ്, സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ രാഗുല്‍ ധര്‍മരാജ ,സൂപ്രണ്ട് എ. ആര്‍ രാഖി തുടങ്ങിയവര്‍ പങ്കെടുത്തു.
‘നല്ല മലയാളമോ മാധ്യമങ്ങളില്‍’ ചര്‍ച്ച നവംബര്‍ ഏഴിന്
ഭാഷയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെയും സഹകരണത്തോടെ കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ‘നല്ല മലയാളമോ മാധ്യമങ്ങളില്‍’ എന്ന വിഷയത്തില്‍ ഫാത്തിമ മാതാ നാഷണല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ ഏഴ്) രാവിലെ 10.30 ന് ചര്‍ച്ച സംഘടിപ്പിക്കും. ചടങ്ങ് ജില്ലാ വികസന കമ്മീഷണര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും. ഫാത്തിമ കോളേജ് പ്രിന്‍സിപ്പല്‍ സിന്ധ്യ കാതറിന്‍ മൈക്കിള്‍ അധ്യക്ഷയാകും.
ഫാത്തിമ കോളേജ് മലയാളം വിഭാഗം മേധാവി ഡോ.പെട്രീഷ്യ ജോണ്‍, പന്തളം എന്‍. എസ്.എസ് കോളേജ് മലയാളം വിഭാഗം അധ്യാപിക ഡോ.അര്‍ച്ചന ഹരികുമാര്‍, ഭാഷാ പഠിതാക്കളായ വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇഗ്‌നേഷ്യസ് പെരേര ചര്‍ച്ച നയിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്.ദിലീപ്കുമാര്‍ ,അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗ്രീഷ്മ രാജന്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മേലില ഗ്രാമപഞ്ചായത്തിന്റെ മികച്ച സേവനത്തിന് അംഗീകാരം രണ്ടാം സ്ഥാനം കരസ്ഥമാക്കി
ഫയലുകള്‍ കൃത്യതയോടെ തീര്‍പ്പാക്കി കാര്യക്ഷമമായ സേവനം ലഭ്യമാക്കിയതിന് മേലില ഗ്രാമപഞ്ചായത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ അംഗീകാരം. ഐ.എല്‍.ജി.എം.എസ് പോര്‍ട്ടല്‍ മുഖേന നടപടിക്രമങ്ങള്‍ വ്യക്തതയോടെയും സമയബന്ധിതമായും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് പുരസ്‌കാരം. 2022 ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ ഒമ്പത് വരെയുള്ള ഫയലുകളുടെ പുരോഗതിക്ക് അനുസൃതമായി ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. മേലില രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡിജിറ്റല്‍ ഒപ്പ് രേഖപ്പെടുത്തിയുള്ള സേവനങ്ങള്‍, സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ വഴി ലഭിച്ച അപേക്ഷകള്‍ മികച്ച രീതിയില്‍ തീര്‍പ്പാക്കി ഫയലുകള്‍ കൈകാര്യം ചെയ്തതിനാണ് മേലില ഈ നേട്ടം സ്വന്തമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് താര സജികുമാര്‍ പറഞ്ഞു.
തുണി സഞ്ചി നിര്‍മാണത്തിന്റെ തിരക്കിലാണ് പുനലൂര്‍ അപ്പാരല്‍ പാര്‍ക്ക്
‘പ്ലാസ്റ്റിക് ഉപേക്ഷിക്കാം, തെരുവിലേക്കല്ല, ജീവിതത്തില്‍ നിന്നും, അതിനായി നമുക്ക് ഒന്നിക്കാം’ പുനലൂര്‍ പ്രിമേരോ അപ്പാരല്‍ പാര്‍ക്കിലെ വനിതകള്‍ നിര്‍മ്മിക്കുന്ന തുണി സഞ്ചിയിലെ ക്യാപ്ഷനാണിത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി തുണിസഞ്ചി വ്യാപകമാക്കുകയെന്ന പുനലൂര്‍ നഗരസഭയുടെ ലക്ഷ്യത്തിനായുള്ള പരിശ്രമത്തിലാണിവര്‍. 50 കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരസഭയുടെ 35 വാര്‍ഡുകളിലേക്ക് 31500 തുണിസഞ്ചികള്‍ സ്‌ക്രീന്‍ പ്രിന്റിംഗ് ഉള്‍പ്പെടെ ചെയ്താണ് നിര്‍മിക്കുന്നത്. ഓര്‍ഡര്‍ അനുസരിച്ച് തുണിസഞ്ചി നിര്‍മിച്ചു നല്‍കും.
നഗരസഭയുടെ നേതൃത്വത്തിലുള്ള ചെമ്മന്തൂര്‍ വ്യാപാരസമുച്ചയത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ധനസഹായത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് അപ്പാരല്‍ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. റെഡിമെയ്ഡ് വസ്ത്ര നിര്‍മാണത്തിനായി ആരംഭിച്ച സംരംഭം തുണിസഞ്ചി നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. കഴുകി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. പ്ലാസ്റ്റിക്ക് ബദലൊരുക്കുന്നതിനൊപ്പം മികച്ച വരുമാനം മാര്‍ഗം കൂടിയാണിത്. അപ്പാരല്‍ പാര്‍ക്കിന്റെ കാര്യക്ഷമമായ നടത്തിപ്പിന് നഗരസഭയുടെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
കയര്‍ പരിശീലന കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ കലവൂരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കയര്‍ ടെക്‌നോളജി (എന്‍.എസ്.ക്യു.എഫ് ലെവല്‍ നാല്) കോഴ്‌സ് കാലാവധി ഒരു വര്‍ഷവും മൂന്നുമാസം ഇന്റേണ്‍ഷിപ്പുമാണ്. യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു /തത്തുല്യം പാസ്.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (എന്‍.എസ്.ക്യു.എഫ് ലെവല്‍ മൂന്ന് ) കാലാവധി ആറുമാസവും ഒരുമാസം ഇന്റേണ്‍ഷിപ്പുമാണ്. അപേക്ഷകര്‍ സാക്ഷരതരാകണം. കയര്‍ വ്യവസായ നിയമം (ആര്‍ ആന്‍ഡ് എല്‍) 1958 പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത അപേക്ഷകര്‍ക്ക് മുന്‍ഗണന. പ്രായം 18നും 50നും മധ്യേ.
പ്രതിമാസം 3000 രൂപയാണ് സ്‌റ്റൈപ്പന്‍ഡ് . അവസാന തീയതി നവംബര്‍ 30. അപേക്ഷ ഫോറം www.coirboard.gov.in വെബ്‌സൈറ്റിലും കലവൂരിലെ ദേശീയ കയര്‍ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലും ലഭിക്കും. ഫോണ്‍ 0477 2258067
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിലെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 144/2021) തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.
താല്‍ക്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതിവിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത അക്കൗണ്ടന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. എം.കോമും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പ്രൈവറ്റ്, സ്ഥാപനങ്ങളില്‍ ഫിനാന്‍സ്/ അക്കൗണ്ടിംഗ് വിഭാഗത്തില്‍ ഏഴു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമോ, സി.എ/സി.എം.എ ഡിഗ്രിയും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പ്രൈവറ്റ്, സ്ഥാപനങ്ങളില്‍ ഫിനാന്‍സ്/ അക്കൗണ്ടിംഗ് വിഭാഗത്തില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സൂപ്പര്‍വൈസറി ഗ്രേഡില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി നവംബര്‍ 11ന് 50വയസ്സ് കഴിയാന്‍ പാടില്ല.
ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിതം നവംബര്‍ 17 ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം.. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ,അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് 2 , ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍, എന്നിവ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഫോണ്‍:0484 2312944