Input your search keywords and press Enter.

അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി വേണം: താലൂക്ക് വികസന സമിതി

ഫോട്ടോ: താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സബ്കളക്ടര്‍ മുകുന്ദ് ഠാക്കുറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികസന സമിതി യോഗം

കൊല്ലം: വിലക്കയറ്റം നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ മുകുന്ദ് ഠാക്കുറിന്റെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വികസന സമിതി യോഗം. മഴക്കാലപൂര്‍വ ശുചീകരണവും, തെരുവ് നായ്ക്കളും, ഡെങ്കിപ്പനി വ്യാപനവും സമിതി അംഗങ്ങള്‍ പ്രധാന വിഷയങ്ങളായി ചൂണ്ടിക്കാണിച്ചു.

പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന് മുന്‍പ് ലിങ്ക് റോഡ് പാലം തുറന്ന് നല്‍കണമെന്ന് താലൂക്ക് സമിതി യോഗത്തില്‍ അഭിപ്രയമുയര്‍ന്നു.. തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് എ.ബി.സി പദ്ധതി കാര്യക്ഷമമാക്കണം. കോര്‍പ്പറേഷന്‍ നടപടി ഊര്‍ജ്ജിതമാക്കണം. വന്ധ്യംകരിച്ച നായ്ക്കളെ പുനരധിവസിപ്പിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കണം. ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ബസ് ബേയിലെ നടപ്പാതയില്‍ വഴിയോരക്കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിയില്‍ അഞ്ചു കോടിയുടെ ആധുനിക സി.ടി സ്‌കാന്‍ മെഷീന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കുമെന്ന് ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍. സന്ധ്യ യോഗത്തില്‍ അറിയിച്ചു.

ആണ്ടാമുക്കം കോളനിയില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരെ. എക്‌സൈസ് – പോലീസ് പരിശോധന ശക്തമാക്കും. അതിഥി തൊഴിലാളി ക്യാമ്പുകളിലും മയക്ക് മരുന്ന് വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കും. നഗരത്തിലെ പ്രധാന ഇടങ്ങളില്‍ പ്രീപെയ്ഡ് ഓട്ടോ സര്‍വീസുകള്‍ പുനരാരംഭിക്കാനും, വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ വിവരം പത്രമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നതിന് വേണ്ട നടപടികളും യോഗത്തില്‍ ചര്‍ച്ചയായി. ഭക്ഷ്യ സുരക്ഷ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

മുളങ്കാടകം ശ്മശാനത്തില്‍ ഗ്യാസ് ഫില്ലിങ്ങിനുള്ള നടപടി സ്വീകരിക്കണം. ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറിലെ ഓട അടിയന്തരമായി വൃത്തിയാക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചൈല്‍ഡ് വെല്‍ഫെയറിന്റെ പ്രവര്‍ത്തനരഹിതമായ അമ്മത്തൊട്ടില്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, സമിതി അംഗങ്ങളായ എന്‍. എസ് വിജയന്‍, അയത്തില്‍ അപ്പുക്കുട്ടന്‍, എം. സിറാജുദ്ദീന്‍, തടത്തിവിള രാധാകൃഷ്ണന്‍, കിളികൊല്ലൂര്‍ ശിവപ്രസാദ്, കെ.രാജു,കല്ലേല്‍ സോമന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, എ.ഇഖ്ബാല്‍ കുട്ടി, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!