Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (5/11/2022)

സപ്ലൈകോ അരി വണ്ടി ഏഴിനും എട്ടിനും ജില്ലയില്‍

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ സപ്ലൈകോ അരിവണ്ടി നവംബര്‍ ഏഴിനും എട്ടിനും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തുമെന്ന് പത്തനംതിട്ട ഡിപ്പോ മാനേജര്‍ അറിയിച്ചു.തന്മാസം സപ്ലൈകോ ഔട്ട്ലെറ്റില്‍ നിന്ന് സബ്സിഡി നിരക്കില്‍ അരി വാങ്ങാത്തവര്‍ക്ക് റേഷന്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം അരി(ജയ അരി 25 രൂപ, മട്ട അരി 24 രൂപ, പച്ചരി 23 രൂപ) സബ്സിഡി നിരക്കില്‍ ലഭിക്കും.

അരിവണ്ടി സഞ്ചരിക്കുന്ന ഓരോ താലൂക്കിലെയും സ്ഥലങ്ങളും സമയവും:

ഏഴിന്, കോഴഞ്ചേരി താലൂക്ക്- മുണ്ടുകോട്ടയ്ക്കല്‍ രാവിലെ 8.30, കല്ലേലിമുക്ക് 10.30, നെല്ലിക്കാല 12.30, നീര്‍വിളാകം 3.00, പ്രക്കാനം വൈകുന്നേരം 5.

ഏഴിന്, അടൂര്‍ താലൂക്ക്: ചന്ദനപ്പള്ളി രാവിലെ 8.30, അങ്ങാടിക്കല്‍ 10.15, ഒറ്റത്തേക്ക് 12.30, തേപ്പുപാറ 3.00, പെരിങ്ങനാട് പുത്തന്‍ചന്ത വൈകുന്നേരം 5.30.

ഏഴിന്, റാന്നി താലൂക്ക്: പെരുമ്പുഴ രാവിലെ 8, അങ്ങാടി 8.45, വാഴക്കുന്നം 10, ചെറുകോല്‍പ്പുഴ 11.30, മോതിരവയല്‍ 12.15, വടശേരിക്കര 1.30, പെരുനാട് 2.45, അത്തിക്കയം 3.30, വെച്ചൂച്ചിറ 4.45.

എട്ടിന്, കോന്നി താലൂക്ക്: കുമ്പഴ വടക്ക് രാവിലെ 8.10, കുമ്പഴ, 8.30, അതുമ്പുംകുളം 10.30, മെഡിക്കല്‍ കോളജ് 12.00, ചെങ്ങറ 2.00, ഞക്കുനിലം 3.30, വയലാവടക്ക് വൈകുന്നേരം 5.

എട്ടിന്, തിരുവല്ല താലൂക്ക്: നന്നൂര്‍ രാവിലെ 8.30, നെല്ലിമല 10.30, കല്ലൂപ്പാറ 12.00, പുളിന്താനം 2.30, മുട്ടത്തുമാവ് വൈകുന്നേരം 5.

എട്ടിന്, അടൂര്‍ താലൂക്ക്: ആതിരമല രാവിലെ 8.30, ചേരിക്കല്‍ 10.15, മങ്ങാരം 12.15, കടയ്ക്കാട് 3.00, പാറക്കര വൈകുന്നേരം 5.30.

 

ഐ ഐ ഐ സി യില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടി

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയുടെ 90 ശതമാനം ഫീസും സര്‍ക്കാര്‍ വഹിക്കും.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ താഴെയുള്ളവര്‍ (വരുമാന രേഖ), സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍/പട്ടിക ജാതി /പട്ടിക വര്‍ഗ/ഒബിസി വിഭാഗത്തില്‍പെടുന്നവര്‍(വരുമാനം തെളിയിക്കുന്നരേഖ ,സമ്പാദ്യം തെളിയിക്കുന്ന രേഖ), കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവര്‍ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം). ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക(തെളിയിക്കുന്ന രേഖ). വിഭിന്ന ശേഷിയുള്ള കുട്ടി/കുട്ടികളുടെ അമ്മ (തെളിയിക്കുന്ന രേഖ). വിധവ/വിവാഹ മോചനം നേടിയവര്‍ (തെളിയിക്കുന്ന രേഖ).ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍.

എട്ടാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. നവംബര്‍ 16ന് മുന്‍പായി യോഗ്യത തെളിയിക്കുന്ന രേഖകള്‍ സ്ഥാപനത്തില്‍ നേരിട്ട് ഹാജരാക്കണം. ഫോണ്‍: 8078 980 000, 9188 127 532, വെബ്സൈറ്റ്: www.iiic.ac.in

 

വിശ്വകര്‍മ പെന്‍ഷന്‍ പദ്ധതി

കൊല്ലം ജില്ലയിലെ പരമ്പരാഗത വിശ്വകര്‍മ വിഭാഗത്തില്‍പെട്ട (ആശാരിമാര്‍ (മരം,കല്ല്,ഇരുമ്പ്), സ്വര്‍ണപണിക്കാര്‍, മൂശാരിമാര്‍) 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്ന വിശ്വകര്‍മ പെന്‍ഷന്‍ പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഈ പദ്ധതിപ്രകാരം പെന്‍ഷന്‍ ലഭിക്കുന്നവരോ മറ്റ് ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരോ അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍ : 0474 2 914 417.

വെബ് സൈറ്റ് : www.bcdd.kerala.gov.in.
വിലാസം : മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, റ്റി.കെ മാധവന്‍ മെമ്മോറിയല്‍ ബില്‍ഡിംഗ്, ശ്രീനാരായണ സാംസ്‌കാരിക സമിതി കാമ്പസ്, മുണ്ടയ്ക്കല്‍, കൊല്ലം- 691 001.

 

വിശ്വകര്‍മ പെന്‍ഷന്‍ പദ്ധതി

എറണാകുളം ജില്ലയിലെ വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട ആശാരിമാര്‍, സ്വര്‍ണപണിക്കാര്‍, മൂശാരികള്‍, ഇരുമ്പുപണിക്കാര്‍, ശില്പി വിഭാഗത്തില്‍പ്പെടുന്ന 60 വയസ് പൂര്‍ത്തിയായ മറ്റു ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാത്ത തൊഴിലാളികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രതിമാസ ക്ഷേമപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30 ന് മുമ്പായി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍സ്റ്റേഷന്‍, കാക്കനാട്, എറണാകുളം – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കിയിരിക്കണം. അപേക്ഷ ഫോം www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: – 0484 2983130.

 

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് / പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആര്‍ക്കിടെക്ച്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്‍ഡ് സര്‍വേ, ഡിപ്ലോമ ഇന്‍ കപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്. പി.ജി കോഴ്സുകള്‍ക്ക് ഡിഗ്രിയും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സിയും, ഡിപ്ലോമ കോഴ്സുകള്‍ക്ക് പ്ലസ്ടുവുമാണ് യോഗ്യത. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പമ്പ് ജംഗ്ഷന്‍, ആലുവ. ഫോണ്‍: 8136 802 304, 0484 2 632 321 .

 

വനഭൂമി പതിച്ച് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വനഭൂമിയും 01.01.1977 ന് മുമ്പ് ആദിവാസികളുടെ കൈവശത്തില്‍ ഉണ്ടായിരുന്ന ഭൂമിയും ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിന് കോന്നി താലൂക്കിന്റെ പരിധിയില്‍ ഉള്‍പ്പെട്ട അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ഭൂരഹിതരായ ആളുകള്‍ കോന്നി താലൂക്ക് കാര്യാലയത്തിലോ കൈവശഭൂമി ഉള്‍പ്പെട്ട വില്ലേജിലോ ഒരു മാസത്തിനകം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

 

പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരളയുടെ ഡിസിഎ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി നവംബര്‍ എട്ടു വരെ പിഴയില്ലാതെയും 60 രൂപ പിഴയോടുകൂടി നവംബര്‍ 15 വരെയും നീട്ടി. www.scolekerala.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

 

പുരുഷ നേഴ്സിംഗ് ഓഫീസര്‍ ഒഴിവ്

2022-23 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). 24 ഒഴിവുണ്ട്.

അപേക്ഷകര്‍ അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്സിംഗ് പാസായിട്ടുളളവരും, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റില്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 9188 166 512

 

ബസ് സ്റ്റാന്‍ഡിലെ ലഹരി വില്‍പ്പന തടയണം: താലൂക്ക് വികസന സമിതി

പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്‍പ്പന തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൊതുനിരത്തിന്റെ ഇരു വശങ്ങളിലും തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആറ്റില്‍ നിന്നും കോരിയെടുത്ത മണ്ണ് കോഴഞ്ചേരി സ്റ്റേഡിയത്തില്‍ നിക്ഷേപിച്ചിട്ടുളളതും നീക്കം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയോ സ്റ്റേഡിയത്തില്‍ തന്നെ നിരത്തുകയോ ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അസുഖം ബാധിച്ച് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുളള തെരുവ് നായ്ക്കള്‍ കടകളുടെയും തട്ടുകടകളുടെയും പരിസരത്ത് കാണുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സഞ്ചരിക്കുമ്പോള്‍ നായ്ക്കള്‍ കുറുകെ ചാടുന്നതുമൂലം അപകടങ്ങള്‍ പതിവാണ്. ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പാറ ഉത്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.

പത്തനംതിട്ട മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വികസന സമിതി കണ്‍വീനര്‍ ആന്റ് തഹസില്‍ദാര്‍ ജി.മോഹനകുമാരന്‍ നായര്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോണ്‍ യോഹന്നാന്‍, ഐ.യു.എം പ്രതിനിധി എന്‍. ബിസ്മില്ലാഖാന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

കേരളോത്സവം 12,13 തീയതികളില്‍

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കേരളോത്സവം നവംബര്‍ 12,13 തീയതികളില്‍ നടത്തും. മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മത്സരാര്‍ഥികള്‍ നവംബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495 518 355, 9744 482 281, 9447 930 213, 9947 191 033.

 

ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം: കൂടിക്കാഴ്ച നവംബര്‍ എട്ടിന്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പരിപാടിയിലേക്ക് റിസോഴ്‌സസ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി നവംബര്‍ എട്ടിന് രാവിലെ 10:30ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും. എന്‍എസ്‌ക്യൂഎഫ് കോഴ്സായ സിഇറ്റി (കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ്) പാസായവരോ, അസാപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും ബി.എഡ് യോഗ്യതയും ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവല്ലയില്‍ ബന്ധപ്പെടാം. ഫോണ്‍: 0469 2 600 181.

 

വിലക്കയറ്റവും പൂഴിത്തിവയ്പ്പും തടയുന്നതിന് പരിശോധന ശക്തമാക്കി

പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനവ് പിടിച്ച് നിര്‍ത്തുന്നതിനുമായി സംയുക്ത സ്‌ക്വാഡ് പത്തനംതിട്ട ജില്ലയിലാകെ നവംബര്‍ നാലിനും അഞ്ചിനും പരിശോധന നടത്തി. 16 പലചരക്ക് മൊത്ത വ്യാപാര ശാലകളിലും, 68 റീട്ടെയില്‍ പലച്ചരക്ക് വ്യാപാര ശാലകളിലും, 51 പഴം, പച്ചക്കറി സ്റ്റാളുകളിലും, ഒരു ഹോട്ടലിലുമാണ് പരിശോധന നടത്തിയത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്‌ക്വാഡാണ് പൊതുവിപണിയില്‍ സംയുക്ത പരിശോധന നടത്തിയത്. തുടര്‍ന്നുളള ദിവസങ്ങളിലും പൊതുവിപണി പരിശോധനകള്‍ തുടരുമെന്നും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു

error: Content is protected !!