Input your search keywords and press Enter.

കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിന് 10 കോടി രൂപ അനുവദിക്കും: മന്ത്രി വീണ ജോര്‍ജ്

ഫോട്ടോ: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിക്കുന്നു.

കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 10 കോടി രൂപ അനുവദിക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പുതിയ കെട്ടിടത്തിന് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ആശുപത്രിയോട് ചേര്‍ന്നുള്ള പഞ്ചായത്ത് ഭൂമി ഏറ്റെടുക്കുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഭൂമി ലഭ്യമാകുന്നതിനനുസരിച്ച് തുക അനുവദിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്നത് ധനകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ‘ലക്ഷ്യ’ പദ്ധതിയുടെ ഭാഗമായുള്ള ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ നിര്‍മാണം പുനരാരംഭിക്കുന്നത്തിന് നടപടികള്‍ സ്വീകരിച്ചു.

സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാളം പദ്ധതികളാണ് നടപ്പിലാക്കുന്നത്. സ്ത്രീകളിലെ വിളര്‍ച്ച നിവാരണവുമായി ബന്ധപ്പെട്ട് അടുത്തമാസം മുതല്‍ സംസ്ഥാനമൊട്ടാകെ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം കുറിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇളമാട്, ഇട്ടിവ, മടത്തറ പി.എച്ച്. എസികളെ എഫ്. എച്ച്. സികളായി ഉയര്‍ത്തിയതിന്റെയും ചിതറ, കാരാളികോണം, പൂങ്ങോട് ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. സര്‍ക്കാര്‍ ആശുപത്രികളെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുന്നത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ തിരഞ്ഞെടുത്തിട്ടുള്ള 23 ആശുപത്രികളില്‍ ഒന്നാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രി. 57.44 ലക്ഷം രൂപ ചെലവഴിച്ചാണ് ആറ് കിടക്കളോട് കൂടിയ പീഡിയാട്രിക് ഐ.സി.യു നിര്‍മിച്ചത് വെന്റിലേറ്റര്‍, മള്‍ട്ടിപാരമോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ജെ. നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. ജേക്കബ് വര്‍ഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. അമ്പു, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, താലൂക്ക് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!