Input your search keywords and press Enter.

മലയാളഭാഷ വാരാചരണത്തിന് സമാപനം വിദ്യാര്‍ഥികള്‍ മലയാളഭാഷാ പ്രചാരകരാകണം: സബ് കളക്ടര്‍ മുകുന്ദ് ഠാക്കുര്‍

ഫോട്ടോ: ഭരണഭാഷാ വാരാചരണത്തിന്റെ സമാപനം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ജില്ലാ വികസന കമ്മീഷണര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെയും ഫാത്തിമ മാതാ നാഷണല്‍ കോളേജിന്റെയും സഹകരണത്തോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഭരണഭാഷാ വാരാചരണത്തിന്റെ സമാപനം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ജില്ലാ വികസന കമ്മീഷണര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ മലയാള ഭാഷയുടെ പ്രചാരകരാകണമെന്നും ഭാഷയുടെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുകയും മറ്റ് ഭാഷകള്‍ പഠിക്കുന്നതോടൊപ്പം മാതൃഭാഷയുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കണമെന്നും പറഞ്ഞു. ഭരണഭാഷയെ കൂടുതല്‍ മലയാളീകരിക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘നല്ല മലയാളമോ മാധ്യമങ്ങളില്‍’ വിഷയത്തിലായിരുന്നു ചര്‍ച്ച. മോഡറേറ്ററായ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇഗ്നേഷ്യസ് പെരേര മാധ്യമങ്ങള്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങളില്‍ വായനക്കാര്‍ പൂര്‍ണ്ണ തൃപ്തരല്ല എന്നും മലയാള ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പറഞ്ഞു. മാധ്യമങ്ങളിലെ ഭാഷാപരമായ തെറ്റുകള്‍ വായനക്കാര്‍ ആവര്‍ത്തിക്കുന്നത് ഗൗരവകരമാണെന്ന് ഫാത്തിമ മാതാ നാഷണല്‍ കോളേജ് മലയാളം വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണ്‍ പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിന് വിധേയമാകണമെന്ന് പന്തളം എന്‍.എസ്.എസ് കോളേജ് മലയാള വിഭാഗം അധ്യാപിക ഡോ. അര്‍ച്ചന ഹരികുമാര്‍ പറഞ്ഞു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം.ആര്‍. ഷെല്ലി അധ്യക്ഷനായി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്. ദിലീപ് കുമാര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗ്രീഷ്മ രാജന്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മീഡിയ ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!