Input your search keywords and press Enter.

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന ബ്ലോക്ക് സംഗമം നടന്നു

ഫോട്ടോ-ഹരിതകര്‍മ്മ സേന ബ്ലോക്ക് സംഗമത്തില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.

പാലക്കാട് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന ബ്ലോക്ക് സംഗമം നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളമാകെ മാലിന്യമുക്തവും പ്ലാസ്റ്റിക്ക് രഹിതവുമാക്കാനും ശുദ്ധവായുവും ജലവും ലഭ്യമാക്കാനും ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചെടുക്കാനുമാണ് ഹരിതകര്‍മ്മ സേന പ്രവര്‍ത്തനം നടത്തുന്നതെന്ന് സമൂഹത്തെ ബോധിപ്പിക്കാന്‍ സാധിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കൃത്യമായി ഹരിതസേനാംഗങ്ങള്‍ വീടുകളില്‍ പോകണമെന്നും ഇത് കേവലം യൂസര് ഫീ ആയ 50 രൂപയുടെ പ്രശ്നമല്ല മറിച്ച് മനോഭാവത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീസ് നല്‍കിയതിന്റെ രസീത് കാണിക്കുന്നതടക്കമുള്ള മാതൃകകള്‍ പഞ്ചായത്തുകള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു.

പരിപാടിയില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് അധ്യക്ഷയായി. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനശേഷി ഉയര്‍ത്തുക, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുക മുഖേന ആത്മവിശ്വാസം നിലനിര്‍ത്തി അതിലൂടെ സ്ത്രീശാക്തീകരണം നടപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബ്ലോക്ക് സംഗമം നടത്തിയത്. പരിപാടിയുടെ ഭാഗമായി മികച്ച ഹരിതകര്‍മ്മ സേനയെയും പ്രവര്‍ത്തകരെയും എം.എല്‍.എ ആദരിച്ചു. ഹരിതകര്‍മ്മ സേന പ്രവര്‍ത്തന മികവില്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. വരുണ്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത്, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ എം. സൈതലവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!