Input your search keywords and press Enter.

കൊതുകുജന്യ രോഗങ്ങളെ തുരത്താന്‍ തീവ്ര ശുചീകരണ യജ്ഞം – കൊല്ലം ജില്ലാ കലക്ടര്‍

ഫോട്ടോ: ശക്തികുളങ്ങര മേഖലയിലെ കൊതുകുജന്യ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ യുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം.

കൊല്ലം: ഡെങ്കിപ്പനി ഉള്‍പ്പെടെ ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ സുശക്ത മുന്‍കരുതലെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ശക്തികുളങ്ങര മേഖലയിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഡോ. സുജിത്ത് വിജയന്‍ പിള്ളയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കലക്ടര്‍ തീവ്രശുചീകരണ യജ്ഞത്തിന് ജില്ലാ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയത്.

ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ ഈഡിസ് ആല്‍ഫ ഫിറ്റസ് വിഭാഗത്തിലുള്ള കൊതുകുകളുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തി. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഉപയോഗശൂന്യമായ കക്ക തോടുകള്‍, തൊണ്ടുകള്‍, കണ്ടെയ്‌നറുകള്‍, ടയറുകള്‍, മറ്റ് മാലിന്യ ഉറവിടങ്ങള്‍ എന്നിവ നീക്കം ചെയ്ത് ഉറവിട നശീകരണം ഉറപ്പാക്കണം. എം.എല്‍.എസ്.പി, ഡി.വി.സി, കണ്ടിജന്റ് ജീവനക്കാരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വോളണ്ടിയര്‍മാരാക്കണമെന്നും നിര്‍ദ്ദേശിച്ചു.

വാര്‍ഡ്തല ശുചീകരണ സമിതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. കൂടുതല്‍ ആശാവര്‍ക്കര്‍മാരെ മേഖലയില്‍ നിയോഗിക്കണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വള്ളങ്ങളിലൂടെയുള്ള അനൗണ്‍സ്‌മെന്റുകള്‍, രാവിലെയും വൈകീട്ടുമുള്ള ഫോഗിംഗ്, വീടുകളില്‍ ബോധവത്ക്കരണ സ്റ്റിക്കര്‍ പതിക്കല്‍ എന്നിവ നടത്തുകയും വേണം. കൊതുകജന്യ രോഗങ്ങള്‍ക്കെതിരെയുള്ള ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നതിന് അടിയന്തര യോഗം ഉടന്‍ ചേരും. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണവും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

ജില്ലയില്‍ സിക വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അരുളപ്പന്‍ തുരുത്തിലാണ് ഒരു കേസ് കണ്ടത്തിയതെന്ന് ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. എഫ്.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!