Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (9/11/2022)

സംരംഭക വര്‍ഷാചാരണം; ഏഴ് മാസം 80000 പുതിയ സംരംഭങ്ങള്‍: മന്ത്രി പി. രാജീവ്

സംരംഭക വര്‍ഷാചാരണത്തിന്റെ ഭാഗമായി ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ എന്ന ലക്ഷ്യത്തോടെ തുടങ്ങി ഏഴ് മാസം പിന്നിട്ടപ്പോള്‍ 80000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പദ്ധതിയുടെ ഭാഗമായി തിരുമുല്ലവാരത്ത് ആരംഭിച്ച സുശ്രുത ആയുര്‍വേദ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സ് എല്‍. എല്‍. പി നൂതന സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള ഇന്റേണ്‍സിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സംരംഭകത്വവുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് വകുപ്പില്‍ തന്നെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താമെന്ന് തദ്ദേശ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആയുര്‍വേദത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നതിന് ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പത് ഔഷധക്കൂട്ടുകള്‍ അടങ്ങിയ ‘ആയൂര്‍ പാദുക’ ചെരുപ്പാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഔഷധക്കൂട്ടുകള്‍ അരച്ചുചേര്‍ത്ത് ലെതറില്‍ മെഷീനുകളുടെ സഹായത്തോടെ തേച്ചുപിടിപ്പിച്ചാണ് ചെരുപ്പ് നിര്‍മ്മിക്കുന്നത്. വാതം, പ്രമേഹം രോഗികള്‍ക്ക് ഇവ ഉപയോഗിക്കാം എന്നതാണ് ചെരുപ്പിന്റെ പ്രത്യേകത. കുട്ടികള്‍ക്കായുള്ള ചെരുപ്പുകളുമുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തിന്‍ കീഴിലുളള വിവിധ സംരംഭക യൂണിറ്റുകളും മന്ത്രി സന്ദര്‍ശിച്ചു.

മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പി. യു പവിത്ര, കൗണ്‍സിലര്‍ ജോര്‍ജ് ഡി.കാട്ടില്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, മാനേജര്‍ ദിനേശ്, ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. എസ് ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: വോട്ടെടുപ്പ് ഇന്ന് (നവംബര്‍ 9)

ജില്ലയിലെ പേരയം പഞ്ചായത്തിലെ പത്താം വാര്‍ഡായ പേരയം ബി, പൂതക്കുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോട്ടുവന്‍കോണം എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും മറ്റ് പോളിംഗ് സാമഗ്രികളും സെക്ടര്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്തു. ഇന്ന് (നവംബര്‍ 9) രാവിലെ ഏഴ് മുതല്‍ മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രണ്ട് വാര്‍ഡുകളിലായി എട്ട് സ്ഥാനാര്‍ത്ഥികളും 2740 വോട്ടര്‍മാരുമാണുള്ളത്.

വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര/ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍, ഫോട്ടോ പതിച്ച എസ്.എസ്.എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവയില്‍ ഒന്ന് പോളിംഗ് കേന്ദ്രത്തില്‍ ഹാജരാക്കി സമ്മതിദായകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. പേരയം ബി വാര്‍ഡിന്റെ പോളിംഗ് സ്റ്റേഷന്‍ എന്‍.എസ്.എസ് ഹൈസ്‌ക്കൂളും, കോട്ടുവന്‍കോണം വാര്‍ഡിന്റെ പോളിംഗ് സ്റ്റേഷന്‍ കോട്ടവന്‍കോണം സാംസ്‌കാരിക നിലയം ഒന്ന്, രണ്ടുമാണ്.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റ്റി. ആര്‍ അഹമ്മദ് കബീറിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും. വോട്ടെണ്ണല്‍ നാളെ (നവംബര്‍ 10) രാവിലെ 10ന് നടത്തും. പേരയം ബി വാര്‍ഡിന്റെ വോട്ടെണ്ണല്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും, കോട്ടവന്‍കോണം വാര്‍ഡിന്റെ വോട്ടെണ്ണല്‍ പൂതക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ മിനി ഹാളിലുമാണ് നടത്തുക.

 

കല്ലട ജലോത്സവം: ആലോചന യോഗം ചേര്‍ന്നു

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 ന്റെ 11-ാംമത് ലീഗ് മത്സരം കല്ലടയാറില്‍ നടത്തുന്നതിന്റെ ഭാഗമായി പ്രാദേശിക കമ്മിറ്റി അംഗങ്ങളുടെ യോഗം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്നു. കല്ലട ജലോത്സവം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു. ജലോത്സവത്തിന്റെ ഭാഗമായി നവംബര്‍ 18 ന് സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും.

 

ഏഴുമാസം 16,518 തൊഴിലുകള്‍ അത്യപൂര്‍വ വ്യാവസായിക നേട്ടവുമായി ജില്ല ഒന്നാമത്

2022-23 സംരംഭകവര്‍ഷം ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി ജില്ല കൈവരിച്ചത് അപൂര്‍വ നേട്ടം. ചുരുങ്ങിയ കാലയളവില്‍ അതിവേഗം ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് ജില്ല. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിച്ച് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

11,775 സംരംഭങ്ങള്‍ തുടങ്ങുകയെന്ന ലക്ഷ്യത്തില്‍ ഏഴുമാസം പൂര്‍ത്തിയാകുമ്പോള്‍ ഉല്‍പാദന മേഖലയില്‍ 884 സംരംഭങ്ങളും സേവന മേഖലയില്‍ 3042 സംരംഭങ്ങളും ഉള്‍പ്പെടെ 7915 പുതിയ സംരംഭങ്ങളില്‍ നിന്നായി 423.5 കോടി മൂലധന നിക്ഷേപമാണ് ജില്ല കൈവരിച്ചത്. 16,518 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കി.

പുതിയ സംരംഭകരെ കണ്ടെത്തി വായ്പ,ലൈസന്‍സ് സംബന്ധിച്ച് ബോധവത്ക്കരിക്കുന്നതിനും കൈത്താങ്ങ് നല്‍കുന്നതിനും 79 ഇന്റേണ്‍സിനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചു. സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കും രൂപീകരിച്ചു. 21 വകുപ്പുകളെ അംഗങ്ങളാക്കി ജില്ലാ കളക്ടര്‍ ചെയര്‍മാനായ മോണിറ്ററിംഗ് കമ്മിറ്റി സംരംഭകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത് അടിയന്തര പരിഹാരം കാണും. നിശ്ചിത ഇടവേളകളില്‍ സംരംഭകര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലോണ്‍/ലൈസന്‍/സബ്‌സിഡി മേളകള്‍ നടത്തുന്നുണ്ട്. കൂടാതെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ അതാത് മണ്ഡലങ്ങളില്‍ അവലോകനയോഗങ്ങളും നടത്തുന്നു.

 

ഉപതെരഞ്ഞെടുപ്പ്: വാര്‍ഡുകളിലെ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം

ജില്ലയിലെ പേരയം പഞ്ചായത്തിലെ പത്താം വാര്‍ഡായ പേരയം ബി, പൂതക്കുളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കോട്ടുവന്‍കോണം എന്നിവിടങ്ങളില്‍ നടത്തുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സ്ഥാപന മേധാവികള്‍ അനുമതി മല്‍കണം. സമ്മതിദായകരായുള്ള മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് മേല്‍ വാര്‍ഡുകളിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ അനുമതി നല്‍കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

 

പ്രതിഭാ പിന്തുണ സാമ്പത്തിക സഹായവിതരണം നാളെ (നവംബര്‍ 10)

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍, കലാ-കായിക മേഖലകളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കുന്ന. ‘പ്രതിഭാ പിന്തുണ’ പദ്ധതി പ്രകാരം 51 പേര്‍ക്കാണ് ആനുകൂല്യം നല്‍കുക. ഉദ്ഘാടനം നാളെ (നവംബര്‍ 10) രാവിലെ 10.30 ന് ജയന്‍ സ്മാരക ഹാളില്‍ ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയല്‍ അധ്യക്ഷനാകും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ എസ്. കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ് ബീന, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

അങ്കണവാടിക്ക് പുതിയ കെട്ടിടം

വെളിയം ഗ്രാമപഞ്ചായത്തില്‍ കായില വാര്‍ഡ് മാലയില്‍ 131-ാം നമ്പര്‍ അങ്കണവാടിക്ക് ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. 11 ലക്ഷം രൂപ ചെലവില്‍ പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം, ശുചിമുറികള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് കെ.രമണി അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഉല്ലാസയാത്രകള്‍; ബുക്കിങ് ആരംഭിച്ചു

കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്ന് നവംബര്‍ 12, 13, 17 തീയതികളിലാണ് ഉല്ലാസയാത്ര പുറപ്പെടുന്നത്.. നവംബര്‍ 12ന് രാവിലെ ആറിന് കുമരകത്തേക്കാണ് ആദ്യ യാത്ര. യാത്രക്കൂലി ,ഭക്ഷണം ,ഹൗസ് ബോട്ട് യാത്ര ഉള്‍പ്പെടെ 1450 രൂപയാണ് നിരക്ക്. നവംബര്‍ 12ന് രാത്രി എട്ടിന് മലക്കപ്പാറയിലേക്കാണ് അടുത്ത യാത്ര . ആതിരപ്പള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും ഷോളയാര്‍ മഴക്കാടുകളും, ഷോളയാര്‍ ഡാമും മലക്കപ്പാറ എന്ന മലയോര ഗ്രാമവും സന്ദര്‍ശിക്കും. ഒരാള്‍ക്ക് 1100 രൂപയാണ് നിരക്ക്.

നവംബര്‍ 13ന് രാവിലെ ഏഴിന് ചെന്തുരുണി വന്യജീവി സങ്കേതത്തിലേക്കും റോസ്മല, പാലരുവി, തെ•ല എന്നിവിടങ്ങളിലേക്കും ഉല്ലാസ യാത്ര സംഘടിപ്പിക്കും. 750 രൂപയാണ് ഈടാക്കുക.

നവംബര്‍ 17ന് രാത്രി 7.30ന്് വയനാട്ടിലേക്കാണ് യാത്ര. കാനന യാത്രയും മൂന്ന് ദിവസത്തെ സൈറ്റ് സീങ്ങും, സുല്‍ത്താന്‍ ബത്തേരിയിലെ താമസസൗകര്യവും ഉള്‍പ്പെടെ 4100 രൂപയാണ് ഫീസ്. ബുക്കിങ്ങിനായി: 9447721659, 8921950903, 9495440444, 9496675635.

 

അവലോകന യോഗം നാളെ (നവംബര്‍ 10)

സംസ്ഥാന സര്‍ക്കാര്‍ 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ അവലോകനയോഗം ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ നേതൃത്വത്തില്‍ നാളെ (നവംബര്‍ 10) ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

സീറ്റൊഴിവ്

അടൂര്‍ സെന്ററില്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എയും പരിഗണിക്കും. പ്രായപരിധി 17 നും 35 മദ്ധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നാക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അവസാന തീയതി നവംബര്‍ 19. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍. ഫോണ്‍ 04734296496, 8547126028.

 

രാഷ്ട്രീയ ഏകതാ പര്‍വ് ; കേന്ദ്രീയ വിദ്യാലയതിന് മികച്ച വിജയം

കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 നേവല്‍ ബേസില്‍ നടന്ന കെ.വി.എസ് റീജിയണല്‍ ലെവല്‍ രാഷ്ട്രീയ ഏകതാ പര്‍വ് 2022-ല്‍ കൊല്ലം കേന്ദ്രീയ വിദ്യാലയത്തിന് മികച്ച വിജയം. വിജയികള്‍ എറണാകുളം മേഖലയെ പ്രതിനിധീകരിച്ച് നവംബര്‍ 23 മുതല്‍ 25 വരെ നടത്തുന്ന ദേശീയ തല മത്സരങ്ങളില്‍ പങ്കെടുക്കും.

ഉപകരണ സംഗീത വിഭാഗത്തില്‍ (മെലഡി) 12-ാം ക്ലാസ് വിദ്യാര്‍ഥിനി എസ്. നന്ദന, വിഷ്വല്‍ ആര്‍ട്ട് 3ഡിയില്‍ 12 ാം ക്ലാസ് വിദ്യാര്‍ഥി യു.അമല്‍ എന്നിവര്‍ ഒന്നാം സമ്മാനം നേടി. ദേശസ്‌നേഹം പ്രമേയമാക്കിയ ഹിമാചലി ഗാനമായ സംഘഗാനത്തില്‍ 12 പേര്‍ പങ്കെടുത്തു.

 

ധനസഹായവും പ്രശംസാപത്ര വിതരണവും നവംബര്‍ 10ന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2021-22 അധ്യയനവര്‍ഷം എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള ധനസഹായവും പ്രശംസാപത്ര വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നവംബര്‍ 10ന് രാവിലെ ഒമ്പതിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ എം.മുകേഷ് എം.എല്‍.എ നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയേല്‍ പ്ലസ് ടു, ഉന്നത വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കര്‍ഷക തൊഴിലാളി ബോര്‍ഡ് ഡയറക്ടര്‍ കെ.ശശാങ്കന്‍, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി.സുരേഷ് കുമാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രിവന്റീവ് എക്‌സൈസ് ഓഫീസര്‍ രതീഷ് കുമാര്‍ നയിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും നടത്തും.

 

രജിസ്‌ട്രേഷന്‍ റദ്ദാക്കും

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതും, കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസ് പരിധിയില്‍ വരുന്നതുമായ പുനലൂര്‍ വനിത ടെയ്‌ലറിംഗ് സഹകരണ സംഘം (ക്യൂ.326), പത്തനാപുരം പഞ്ചായത്ത് മാച്ച് സഹകരണ സംഘം (ക്യൂ.284), തുമ്പശ്ശേരി എഞ്ചിനീയറിങ് വ്യവസായ സംഘം (ക്യൂ.280), കൊട്ടാരക്കര താലൂക്ക് ബോധി സംഘം (ക്യൂ.504), പത്തനാപുരം താലൂക്ക് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് പ്രോസസിങ് സംഘം (ക്യൂ.425) എന്നിവയെ ആര്‍.എന്‍.എ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചു. മേല്‍ നടപടിയില്‍ ആക്ഷേപമുള്ള സംഘങ്ങള്‍ നവംബര്‍ 20നകം കൊട്ടാരക്കര വ്യവസായ ഓഫീസിലെ ലിക്വിഡേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍ 9946896295.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തും. എം.ബി.എ/ബി.ബി.എയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് ഡിഗ്രി രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം നവംബര്‍ 15ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍:0474 2712781.

 

പുനരധിവാസ പരിശീലനത്തിന് അപേക്ഷിക്കാം

ജില്ലയിലെ വിമുക്തഭട•ാര്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് മൂന്നുമാസ കാലാവധിയുള്ള ഫാഷന്‍ ഡിസൈനിംഗ് പുനരധിവാസ പരിശീലനത്തിന് നവംബര്‍ 20നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2792987.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെ നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയിലേക്ക് പന്തല്‍, ബാരിക്കേഡ് തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നതിനായി പിഡബ്ല്യുഡി രജിസ്‌ട്രേഷന്‍ ഉള്ള കരാറുകാരില്‍ നിന്നും (‘ഡി’യും അതിലുപരിയും) ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം ക്വട്ടേഷന്‍ തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് കൊല്ലം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2762457

 

ഓഫീസുകള്‍ ഇനി കടലാസുരഹിതം‘ഇ-ഓഫീസ്’ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 10)

റവന്യു സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി ഫയലുകള്‍ ഇ-സേവന പരിധിയിലേക്ക് മാറുന്നു. കമ്പ്യൂട്ടര്‍വത്ക്കരണത്തിന്റെ കൂടി ഭാഗമായാണ് ‘ഇ-ഓഫീസ്’ സംവിധാനം ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. നവസംവിധാനത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ ഇന്ന് (നവംബര്‍ 10) രാവിലെ 10ന് നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും.

ഇ-ഓഫീസ് പദ്ധതിയിലൂടെ സെക്രട്ടേറിയേറ്റ്-കമ്മീഷണറേറ്റ്-കളക്ട്രേറ്റ്- ആര്‍.ഡി.ഒ-താലൂക്ക്-വില്ലേജ് ഓഫീസുകള്‍ വരേയും ബന്ധപ്പെടുത്തുകയാണ്. വിവിധ ഓഫീസുകളും വകുപ്പുകളും സുരക്ഷിത ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയിലൂടെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ ഫലപ്രദമായും സുതാര്യവുമായി കടലാസ്‌രഹിത പ്രവര്‍ത്തനവും കൈവരിക്കും. പൊതുജനങ്ങള്‍ക്ക് അതിവേഗത്തില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കൊട്ടാരക്കര താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യതിഥിയാകും. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഷാജു, എ.ഡി.എം ആര്‍ ബീനാ റാണി, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 10)

സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കി കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആധുനീകരിച്ച ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയായ മൈലം, കലയപുരം, തെക്കുംഭാഗം, പ•ന, തഴവ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 10) റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും.

അതിവേഗത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിനും ഓഫീസുകളുടെ മുഖച്ഛായ മാറ്റുന്നതിലൂടെ പൊതുജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് ഓഫീസുകള്‍ ആധുനീകരിച്ചത്. മൈലം, കലയപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലും, തെക്കുംഭാഗം, പ•ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ഡോ. സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ.യും, തഴവ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ സി. ആര്‍ മഹേഷ് എം.എല്‍.എയും അധ്യക്ഷരാകും.

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, എ.എം ആരിഫ് തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, തദ്ദേശ സ്വയംഭരണസ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

പ്രതിഭാ സംഗമവും ഗസല്‍ നിലാവും നവംബര്‍ 11 ന്

നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ പ്രതിഭാ സംഗമവും ഗസല്‍ നിലാവും നവംബര്‍ 11 ന് വൈകിട്ട് അഞ്ചിന്. കെ.പി അപ്പന്‍ സ്മാരക നവശക്തി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. നവോദയം ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്‌കര്‍ അധ്യക്ഷനാകും.

എം.മുകേഷ് എം.എല്‍.എ പ്രതിഭാ പുരസ്‌കാരം സമര്‍പ്പിക്കും. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. കെ മധു, കവി ചവറ കെ.എസ് പിള്ള, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 7.30 മുതല്‍ ബാസ്റ്റ്യന്‍ ജോണ്‍ നയിക്കുന്ന ഗസല്‍ നിലാവ് അരങ്ങേറും.

 

ടോയ്ക്കത്തോണ്‍ മത്സരം

കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും പാഴ്‌വസ്തുക്കളും ഉപയോഗിച്ചുള്ള നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനും പഴയവ നവീകരിച്ച് പുനരുപയോഗ സാധ്യമാക്കുന്നതിനും സ്വച്ഛ് ഭാരത് മിഷന്‍ ടോയ്ക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. innovativeindia.mygov.in പോര്‍ട്ടല്‍ വഴി നവംബര്‍ 11 നകം രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും മത്സരിക്കാം. വിവരങ്ങള്‍ക്ക് ശുചിത്വമിഷന്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കാം.

 

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

2022-23 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയും, പ്രൊഫഷണല്‍ ഉള്‍പ്പെടെ മറ്റ് കോഴ്സുകളില്‍ പഠിക്കുന്ന കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അംഗത്തിന്റെ ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ബാങ്ക് പാസ്ബുക്ക്, പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള അലോട്ട്മെന്റ് മെമോ, വിദ്യാര്‍ഥിയുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2792248.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (മൂന്ന് മാസം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ 9847452727, 9567422755.

 

നിയമബോധന- ജീവിതനൈപുണ്യ പരിശീലന പരിപാടി

ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘നേര്‍വഴി’ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദ് ന്യൂ ഡോണ്‍ ലൈഫ് സ്‌കില്‍സിന്റെ സഹകരണത്തോടെ കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയില്‍ തടവുകാര്‍ക്കായി സംഘടിപ്പിച്ച നിയമ ബോധന-ജീവിതനൈപുണ്യ പരിശീലന പരിപാടി സമാപിച്ചു. ആറ് ദിവസത്തെ പരിശീലനത്തില്‍ വ്യക്തിത്വ വികസനം, നിയമ അവബോധം, മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനുള്ള ക്ലാസുകളുണ്ടായിരുന്നു.

സമാപന സമ്മേളനം ജയില്‍ സൂപ്രണ്ട് ടി.എ ഇമാംറാസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സിജുബെന്‍ അധ്യക്ഷനായി. ന്യൂ ഡോണ്‍ ലൈഫ് സ്‌കില്‍സ് ഡയറക്ടര്‍ എന്‍. അജയകുമാര്‍, കോ-ഓര്‍ഡിനേറ്റര്‍ അനീഷ്.കെ.മണി, പ്രൊബേഷന്‍ അസിസ്റ്റന്റ് സ്മിജിന്‍ദത്ത്, ഗവേഷക ആര്യാ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

 

രജിസ്‌ട്രേഷന്‍ റദ്ദാക്കും

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പരിധിയിലുള്ള, കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസ് പരിധിയില്‍ വരുന്നതുമായ പുനലൂര്‍ വനിത ടെയ്‌ലറിംഗ് സഹകരണ സംഘം (ക്യൂ.326), പത്തനാപുരം പഞ്ചായത്ത് മാച്ച് സഹകരണ സംഘം (ക്യൂ.284), തുമ്പശ്ശേരി എഞ്ചിനീയറിങ് വ്യവസായ സംഘം (ക്യൂ.280), കൊട്ടാരക്കര താലൂക്ക് ബോധി സംഘം (ക്യൂ.504), പത്തനാപുരം താലൂക്ക് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് പ്രോസസിങ് സംഘം (ക്യൂ.425) എന്നിവയെ ആര്‍.എന്‍.എ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. മേല്‍ നടപടിയില്‍ ആക്ഷേപമുള്ള സംഘങ്ങള്‍ നവംബര്‍ 20നകം കൊട്ടാരക്കര വ്യവസായ ഓഫീസിലെ ലിക്വിഡേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9946896295.

 

ലേലം

ജില്ലാ ആശുപത്രിയിലുള്ള കാലഹരണപ്പെട്ട ഇരുമ്പ്, സ്റ്റീല്‍ സാമഗ്രികള്‍ ഒക്ടോബര്‍ 21ന് ഉച്ചയ്ക്ക് 12 ലേലം ചെയ്യുന്നു. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ പങ്കെടുക്കാം. ഫോണ്‍ 0474 2742004.

 

പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 16 മുതല്‍ നടക്കുന്ന 15 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് നാളെ വരെ (നവംബര്‍ 11) അപേക്ഷിക്കാം. നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം, പദ്ധതിരേഖ തയ്യാറാക്കുന്നതില്‍ പരിശീലനം, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍.ഒ.സി, ബാങ്ക് വായ്പ എന്നിവ ലഭിക്കുന്നതിന് സഹായവും നല്‍കും. ഫോണ്‍- 0474 2748395, 9497274218, 9446701409, 8714501962.

 

‘ഉണര്‍വ് 2022′ ബോധവത്ക്കരണവും കാര്‍ഷിക ഉത്പാദനോപാധികളുടെ വിതരണവും

ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കായി ജില്ലാ തലത്തില്‍ ‘ഉണര്‍വ് 2022′ കൃഷി, മത്സ്യസംസ്‌കരണ മേഖലയില്‍ ബോധവത്ക്കരണവും കാര്‍ഷിക ഉത്പാദനോപാധികളുടെ വിതരണവും നടത്തി. ഉദ്ഘാടനം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷകുമാര്‍ നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനി സാം അധ്യക്ഷനായി.

 

വസ്തുവകകള്‍ കണ്ടുകെട്ടും

പുനലൂരിലെ കേച്ചേരി എന്റര്‍പ്രൈസസ് ഉടമയായ പത്തനാപുരം പിടവൂര്‍ വില്ലേജ് സ്വദേശി എസ്. വേണുഗോപാലിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ജില്ലയിലുള്ള എല്ലാ സ്ഥാവര-ജംഗമ ആസ്തികളും വസ്തുക്കളും ബഡ്‌സ് ആക്ട് 2019 പ്രകാരമുള്ള താല്‍ക്കാലിക കണ്ടുകെട്ടലിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അടിയന്തരമായി നടപ്പിലാക്കാന്‍ താലൂക്ക് തഹസില്‍ദാര്‍മാരെയും ചുമതലപ്പെടുത്തി. കണ്ടുകെട്ടുന്ന സ്ഥാപനങ്ങളുടെ സ്‌കെച്ച്, തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവ സഹിതം വിശദമായ പട്ടിക തയ്യാറാക്കി റിപ്പോര്‍ട്ട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ മുഖേന നവംബര്‍ 15ന് മുന്‍പ് ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു.

 

ആരോഗ്യകരമായ കുടുംബ-സാമൂഹിക അന്തരീക്ഷത്തിനായി പ്രവര്‍ത്തിക്കും: വനിതാ കമ്മീഷന്‍ അധ്യക്ഷ

ആരോഗ്യകരമായ കുടുംബ-സാമൂഹിക അന്തരീക്ഷത്തിനായി കൗമാരക്കാരെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുമെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് വ്യക്തമാക്കിയത്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ‘ഉണര്‍വ്’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്ത്, വാര്‍ഡ്, മുനിസിപ്പാലിറ്റി തലങ്ങളില്‍ ജാഗ്രതസമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സ്ത്രീ-സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നടപടികളും ഊര്‍ജിതമാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

അദാലത്തില്‍ 56 പരാതികള്‍ പരിഗണിച്ചു. 22 എണ്ണം തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് തേടുന്നതിന് അയച്ചു. 29 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്റെ പരിധിയില്‍ തീര്‍പ്പാക്കാനാകാത്ത വസ്തു, അതിര്, സ്വത്ത് തര്‍ക്കങ്ങള്‍, ആര്‍.ഡി.ഒ കോടതിയുടെ പരിധിയില്‍ വരുന്ന കേസുകള്‍ എന്നിവ അതത് കോടതികള്‍ വഴി പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍ ,അഭിഭാഷകരായ ബെച്ചി, ഹേമ, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ കോടതിയിലെ ഹോണ്ടാ സിറ്റി കാറിന് സീറ്റ് കവര്‍, ബക്കറ്റ് മാറ്റ്, ക്രോം ഉള്ള ഡോര്‍ വിസര്‍, അണ്ടര്‍ ബോഡി കോട്ടിംഗ്, ട്രങ്ക് ഗാര്‍ണിഷ് എന്നിവ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജില്ലാ ജഡ്ജി, കൊല്ലം മേല്‍വിലാസത്തില്‍ നവംബര്‍ 18ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

 

അപേക്ഷ ക്ഷണിച്ചു

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും, ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ ആണ് യോഗ്യത.

അപേക്ഷകര്‍ 2021 ജനുവരി ഒന്നിന് 18നും 30നും ഇടയില്‍ പ്രായമുള്ളവരാകണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷള്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഇ. റ്റി. സി (പി. ഓ ) കൊട്ടാരക്കര, കൊല്ലം 691531 വിലാസത്തില്‍ നവംബര്‍ 18 ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0474 2454694.

 

സൗജന്യ പരിശീലനം

ഭിന്നശേഷിക്കാര്‍ക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ‘കൈവല്യ’ പദ്ധതിയുടെ ഭാഗമായി പേപ്പര്‍ബാഗ്, മെഴുകുതിരി നിര്‍മാണ സൗജന്യ പരിശീലന പരിപാടി നടത്തുന്നു. പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചില്‍ ഹാജരാകുകയോ 0474 2747599, 9446271431, 9074019042 നമ്പരുകളിലോ പേര് രജിസ്റ്റര്‍ ചെയ്യണം.

error: Content is protected !!