Input your search keywords and press Enter.

കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു

ജില്ലാതല ഉദ്ഘാടനം വി. മുരുകദാസ് നിര്‍വഹിച്ചു

കെ.എസ്.ഇ.ബി.എല്‍ പാലക്കാട് സര്‍ക്കിളും ആരോഗ്യവകുപ്പും സംയുക്തമായി ജില്ലയിലെ കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. പാലക്കാട് കെ.എസ്.ഇ.ബി. ഐ.ബിയില്‍ നടന്ന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കെ.എസ്.ഇ.ബി.എല്‍ സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ് നിര്‍വഹിച്ചു. ജീവിതശൈലി രോഗനിര്‍ണയം, നേത്ര പരിശോധന, ക്യാന്‍സര്‍ പരിശോധന, മനഃശാസ്ത്രജ്ഞന്റെ സേവനം എന്നിവ ക്യാമ്പില്‍ ലഭിക്കും. 2500-ഓളം പേര്‍ക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിക്കും. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് യു.എച്ച്.ഐ.ഡി ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. ആദ്യദിനം 200-ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ക്യാമ്പ് തുടരും.

പാലക്കാട് ഇലക്ട്രിക് സര്‍ക്കിളിന് കീഴിലെ പാലക്കാട് ഡിവിഷന്‍ ജീവനക്കാര്‍ക്ക് നവംബര്‍ 17 നും ആലത്തൂര്‍ ഡിവിഷന്‍ ജീവനക്കാര്‍ക്ക് നവംബര്‍ 21 നും ചിറ്റൂര്‍ ഡിവിഷന്‍ ജീവനക്കാര്‍ക്ക് നവംബര്‍ 24 നും ക്യാമ്പ് നടക്കും. ക്യാമ്പില്‍ ജീവനക്കാര്‍ക്ക് യു.എച്ച്. ഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍, വിതരണം എന്നിവയും നടക്കും. ജീവനക്കാര്‍ക്ക് ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ ഐ.ബി ക്യാമ്പിലെത്തി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്ത് പരിശോധനയില്‍ പങ്കെടുക്കാം. ഷൊര്‍ണൂര്‍ സര്‍ക്കിളിന് കീഴിലെ ജീവനക്കാര്‍ക്കുള്ള പരിശോധനാ ക്യാമ്പ് പിന്നീട് സംഘടിപ്പിക്കും.

കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍, കോണ്‍ട്രാക്ടര്‍മാര്‍, പെറ്റി കോണ്‍ട്രാക്ടര്‍മാര്‍ (ദിവസവേതനക്കാര്‍) എന്നിവര്‍ക്ക് സംസ്ഥാനതലത്തില്‍ ആരോഗ്യ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.കെ ബൈജു അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ കെ.ആര്‍ ശെല്‍വരാജ്, ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തമ്പാന്‍, പാലക്കാട് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ പി.വി ശ്രീരാം, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിന്ദു പി. കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

 

ഫോട്ടോ: കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ക്കുള്ള ജില്ലാതല മെഡിക്കല്‍ ക്യാമ്പ് കെ.എസ്.ഇ.ബി.എല്‍ സ്വതന്ത്ര ഡയറക്ടര്‍ വി. മുരുകദാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

error: Content is protected !!