Input your search keywords and press Enter.

ശബരിമല തീർഥാടന വാർത്തകൾ (9/11/2022)

ഭക്ഷ്യമന്ത്രിയുടെ അവലോകന യോഗം ഓണ്‍ലൈന്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ ഇന്ന് (നവംബര്‍ 10) രാവിലെ 10ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ചേരാനിരുന്ന
യോഗം ഓണ്‍ലൈനായി നടത്തും.

 

ദേവസ്വം വകുപ്പ് മന്ത്രിയുടെ യോഗം പന്തളത്ത് ഇന്ന് (10)

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്ന് (നവംബര്‍ 10ന്) വൈകുന്നേരം ആറിന് പന്തളം ദേവസ്വം അന്നദാന മണ്ഡപത്തില്‍ യോഗം ചേരും.

 

പമ്പയിലും സന്നിധാനത്തും പന്തളത്തും ഭാരതീയ ചികിത്സാ വകുപ്പിന്റെ താല്‍ക്കാലിക ഡിസ്പെന്‍സറികള്‍

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ 24 മണിക്കൂര്‍ താത്ക്കാലിക ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തന സജ്ജമായി. കൂടാതെ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിച്ചേരുന്ന പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീര്‍ഥാടന കാലയളവില്‍ ഒരു താത്ക്കാലിക ഡിസ്പെന്‍സറി പ്രവര്‍ത്തിക്കും. ഇവിടെ മെഡിക്കല്‍ ഓഫീസറുടെ സേവനവും ഔഷധ വിതരണവും ക്രമീകരിച്ചിട്ടുണ്ട്.

പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 40 ലക്ഷം രൂപയുടെ ഔഷധം പല ഘട്ടങ്ങളിലായി വിതരണം നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഡോ. പി.എസ്. ശ്രീകുമാര്‍ അറിയിച്ചു. ഒന്‍പതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാരും പമ്പയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരും വീതം 22 ജീവനക്കാരെയാണ് സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.

 

പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോയെന്ന് പരിശോധിക്കും

ശബരിമല തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവട കേന്ദ്രങ്ങളില്‍ നിന്നും വിപണനം നടത്തുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോ എന്ന് ലീഗല്‍ മെട്രോളജി വകുപ്പ് ഉറപ്പ് വരുത്തും. ഇതിനു പുറമേ അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നുണ്ടോയെന്നും മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്നുമുള്ള പരിശോധനയും നടത്തുമെന്ന് ലീഗല്‍ മെട്രോളജി ഡെപ്യുട്ടി കണ്‍ട്രോളര്‍ കെ.ആര്‍. വിപിന്‍ അറിയിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറുടെ നിയന്ത്രണത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌ക്വാഡുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് എന്നിവരും ഭാഗമാണ്.

 

ശബരിമല തീര്‍ഥാടനം: നദികളിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ബാരിക്കേഡും സുരക്ഷാ ബോര്‍ഡും സ്ഥാപിച്ച് ജലസേചന വകുപ്പ്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ, കക്കാട്ടാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ ജില്ലാ ഭരണകൂടവും പോലീസ് വകുപ്പും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അപകട ഭീതി ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബാരിക്കേഡുകളും സുരക്ഷാബോര്‍ഡുകളും സ്ഥാപിക്കുന്നത് പൂര്‍ത്തിയാകുന്നു.പമ്പാ സ്നാന സരസിലെ ജല ലഭ്യത ഉറപ്പു വരുത്തുന്നതിന് തടയണകളുടെ പ്രവര്‍ത്തനവും പരിപാലനവും ജലസേചന വകുപ്പാണ് നിര്‍വഹിക്കുന്നത്. ബലിതര്‍പ്പണം നടത്തുന്ന ഭാഗത്ത് തീര്‍ഥാടകര്‍ക്ക് സ്നാനം ഉറപ്പാക്കുന്നതിന് കക്കിയാറില്‍ താല്‍കാലിക തടയണ നിര്‍മിച്ച് ജല വിതാനം നിയന്ത്രിച്ച് ജലലഭ്യത ഉറപ്പുവരുത്തുന്നു.

പമ്പാ, അച്ചന്‍കോവില്‍ നദികളില്‍ തീര്‍ഥാടകര്‍ സ്നാനം നടത്തുന്ന എല്ലാ കടവുകളിലും സുരക്ഷാ ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ സ്ഥാപിച്ചും ബാരിക്കേഡുകള്‍ നിര്‍മിച്ചും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കും. കൂടാതെ തീര്‍ഥാടനം സുരക്ഷിതവും സുഗമവും ആക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമായ പ്രവൃത്തികള്‍ സമയ ബന്ധിതമായി ഏറ്റെടുത്ത് നടപ്പാക്കി വരുന്നു.

നിലവില്‍ പമ്പാ നദിയുടേയും കക്കിനദിയുടേയും തീരത്ത് 1250 മീറ്റര്‍ നീളത്തില്‍ സ്നാനഘട്ടങ്ങള്‍ ജലസേചന വകുപ്പ് പരിപാലിച്ച് പോരുന്നു. പമ്പാ – ത്രിവേണിയിലെ സ്നാന സരസിലെ ജലത്തിന്റെ മലിനീകരണം തടയുന്നതിന് വേണ്ടിയും, ജലനിരപ്പ് നിയന്ത്രിക്കുന്നതിന് വേണ്ടിയും ആറു വിസിബികള്‍ ജലസേചന വകുപ്പ് പരിപാലിക്കുന്നുണ്ട്. കൂടാതെ പമ്പയില്‍ തീര്‍ഥാടകര്‍ക്ക് സ്നാനം ചെയ്യുന്നതിന് ഷവര്‍ യൂണിറ്റുകള്‍ ജലസേചന വകുപ്പ് നിര്‍മിച്ച് നല്‍കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു. 2018ലെ പ്രളയത്തില്‍ ഭീമമായ കേടുപാടുകള്‍ സംഭവിച്ച പമ്പാ – ത്രിവേണിയിലെ ഞുണങ്ങാര്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

പ്രധാന പ്രവര്‍ത്തനങ്ങള്‍: പമ്പാ നദിയിലെ ജലവിതാനം നിയന്ത്രിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും നദിയിലെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് സ്ഥിരം തടയണകളെ പ്രവര്‍ത്തന സജ്ജമാക്കും. പമ്പാ, കക്കി നദിയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിന് സുരക്ഷാ വേലി സജ്ജമാക്കും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപമുളള തടയണയുടെ താഴ്ഭാഗത്തും നദിയിലെ മറ്റ് വിവിധ കടവുകളിലും താല്‍ക്കാലിക വേലിയും സുരക്ഷാ ബോര്‍ഡുകളും സ്ഥാപിക്കും.

നീരൊഴുക്ക് കുറയുന്ന അവസരങ്ങളില്‍ ജലവിതാനം ക്രമീകരിക്കുന്നതിന് പമ്പാ ത്രിവേണിയിലെ ബലിതര്‍പ്പണ ഭാഗത്തും വടശേരിക്കര കാരക്കാട് തോടിന് കുറുകയും താല്‍കാലിക തടയണ നിര്‍മിക്കും. പമ്പാ ത്രിവേണിയില്‍ ജലസേചന നിര്‍മിതികളായ സ്നാന ഘട്ടങ്ങളുടേയും, ജലസേചന കാര്യാലയത്തിന്റെയും അറ്റകുറ്റപണികള്‍. റാന്നി ചെറുകോല്‍ പഞ്ചായത്തില്‍ തിരുവാഭരണ പാതയില്‍ കലുങ്കിന്റെ നിര്‍മാണം. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം കൊട്ടാരകടവിന്റെ പുനര്‍നിര്‍മാണം. അനുബന്ധമായി സ്നാനഘട്ടത്തിന്റെ നിര്‍മാണവും ചേര്‍ന്നുളള തീരസംരക്ഷണ പ്രവര്‍ത്തനങ്ങളും.

 

error: Content is protected !!