Input your search keywords and press Enter.

ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ഏകദിന കയര്‍-ഭൂവസ്ത്ര സെമിനാര്‍ നടത്തി

ഫോട്ടോ: ആലത്തൂരില്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി നടന്ന ഏകദിന കയര്‍-ഭൂവസ്ത്ര സെമിനാര്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: സംസ്ഥാന കയര്‍ വികസന വകുപ്പും എം.ജി.എന്‍.ആര്‍.ഇ.ജി.എസും സംയുക്തമായി ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി കയര്‍-ഭൂവസ്ത്ര ഉപയോഗ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. കയര്‍-ഭൂവസ്ത്രങ്ങളുടെ ഉപയോഗം, സാധ്യത പ്രചരിപ്പിക്കുക, സ്ഥിരതയുള്ളതും പുന:സ്ഥാപിതശേഷിയുള്ള സ്രോതസുകളെ ഭൂസാങ്കേതിക സാഹചര്യങ്ങളില്‍ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കയര്‍ വികസന കോര്‍പ്പറേഷന്‍ പ്രതിനിധി ആര്‍. അരുണ്‍ ചന്ദ്രന്‍ വിഷയാവതരണം നടത്തി.

മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതിദത്ത നാരുകള്‍ കൊണ്ട് വല കെട്ടിയുണ്ടാക്കുന്നതാണ് കയര്‍-ഭൂവസ്ത്രം. ഗുണനിലവാരമുള്ള കയര്‍-ഭൂവസ്ത്രത്തിലൂടെ മണ്ണില്‍ ജലം നിലനിര്‍ത്താനുള്ള ശേഷിയും വളക്കൂറും വര്‍ധിപ്പിക്കാനാകും. കയര്‍-ഭൂവസ്ത്രങ്ങള്‍ വെള്ളത്തിന്റെ വേഗത കുറച്ച് മണ്ണൊലിപ്പ് തടയുകയും അതിന്റെ ഭാരത്തിന്റെ അഞ്ചിരട്ടി ജലം വലിച്ചെടുക്കുകയും ചെയ്യും. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തി അന്തരീക്ഷ താപം കുറയ്ക്കുന്നതിനും ഭാവിയില്‍ മണ്ണില്‍ ലയിച്ച് വളക്കൂറുള്ള മണ്ണാക്കി മാറ്റുന്നതിനും ഇത് സഹായകരമാണ്. കൃഷി, പാടശേഖരങ്ങളിലെ ബണ്ട്-മണ്ണ്-തോടുകളുടെയും കുളങ്ങളുടെയും തിട്ട സംരക്ഷണത്തിനും കയര്‍-ഭൂവസ്ത്രം ഉപയോഗപ്പെടുത്താനാകും. തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍-ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കാനാകും.

പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്പനി കമ്മിറ്റി ചെയര്‍മാന്‍ വി.വി കുട്ടികൃഷ്ണന്‍ അധ്യക്ഷനായി. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ ഹമീദ ജലീസ, പൊന്നാനി കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി.എ ബഷീര്‍, പുതുക്കോട്, ആലത്തൂര്‍, കുഴല്‍മന്ദം, മാത്തൂര്‍, തേങ്കുറിശ്ശി, തരൂര്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന, എ. ഷൈനി, മിനി നാരായണന്‍, പ്രവിത മുരളീധരന്‍, എ. ഭാര്‍ഗവന്‍, ഇ. രമണി, എം. സുമതി, അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.ബി ഉണ്ണികൃഷ്ണന്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസര്‍ സ്വപ്ന ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!