Input your search keywords and press Enter.

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭക സാധ്യത പ്രോത്സാഹിപ്പിക്കണം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

ഫോട്ടോ: സംരംഭക വര്‍ഷാചരണത്തിന്റെ കൊട്ടാരക്കര നിയോജക മണ്ഡലംതല അവലോകനയോഗം ഉദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കുന്നു.

കൊല്ലം: വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സംരംഭക സാധ്യതകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംരംഭക വര്‍ഷാചരണത്തിന്റെ കൊട്ടാരക്കര നിയോജക മണ്ഡലംതല അവലോകനയോഗം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ചുള്ള സംരംഭങ്ങള്‍ തുടങ്ങണം.ഉല്‍പ്പന്നങ്ങളുടെ മാര്‍ക്കറ്റിംഗ് പ്രധാനമാണ്. ആധുനിക വ്യവസായ രീതികള്‍ സ്വായത്തമാക്കണം. വരുമാനം ഉണ്ടാക്കാന്‍ സാധ്യതയുള്ള സംരംഭങ്ങളാണ് തുടങ്ങേണ്ടതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

സംരംഭകര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കി അടുത്ത അവലോകന യോഗത്തില്‍ അവതരിപ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ ചെറു സംരംഭം തുടങ്ങി വിജയം കൈവരിച്ച സംരംഭകരെ എത്തിച്ച് അനുഭവങ്ങള്‍ പങ്കു വെക്കാന്‍ വേദി ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ വകുപ്പുകളുടെയും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സംരംഭക പദ്ധതി സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി 1107 സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യം. നിലവില്‍ 750 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ 43.78 കോടിയുടെ നിക്ഷേപവും 1449 പേര്‍ക്ക് തൊഴിലും ലഭിച്ചു. 67.75 ശതമാനം നേട്ടമാണ് കൈവരിച്ചത്.

കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ധനകാര്യസ്ഥാപന മേധാവികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!