Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (10/11/2022)

അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഭൂമി: മന്ത്രി കെ. രാജന്‍

അര്‍ഹരായവര്‍ക്കെല്ലാം ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍. കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച മൈലം, കലയപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തണമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ശാക്തീകരിക്കുന്നതിന് നാല് ഡെപ്യൂട്ടി കളക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. അനധികൃതമായി ഭൂമിയുടെ അവകാശം ലഭ്യമാക്കിയവര്‍ക്കെതിരെയും സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലും സെക്രട്ടറിയേറ്റിലും എത്തിയ പട്ടയത്തിന്റെ ഫയലുകള്‍ സാധൂകരിച്ചും നിയമപരമായ സംശയങ്ങള്‍ ദൂരീകരിച്ചും ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് തിരിച്ചയക്കാന്‍ വില്ലേജ്-താലൂക്ക് ഓഫീസുകള്‍-കളക്ടറേറ്റ് എന്നിവിടങ്ങളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബറില്‍ സമ്പൂര്‍ണ അദാലത്ത് നടത്തി ഈ ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യം.

വില്ലേജ് ഓഫീസുകളില്‍ പൊതുജന സൗഹൃദമാക്കുന്നതിന് വില്ലേജ്തല ജനകീയ സമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്.

അതിര്‍ത്തി സംസ്ഥാനങ്ങളിലെ സര്‍ക്കാരുമായി ആശയവിനിമയം നടത്തിയതിനുശേഷം പ്രകൃതി വിഭവങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് ഡിജിറ്റല്‍ സര്‍വേ നടത്തുക. കലയപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന് ചുറ്റുമതില്‍ നിര്‍മ്മാണത്തിന് അഞ്ചുലക്ഷം അനുവദിച്ചതായും മന്ത്രി അറിയിച്ചു.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനായി. വില്ലേജ് ഓഫീസുകളിലൂടെയുള്ള സേവനങ്ങള്‍ പ്രധാനമാണ്. പൊതുജനങ്ങള്‍ക്ക് തൃപ്തികരമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണം. ഭൗതിക സാഹചര്യത്തിന് പുറമേ, സേവനങ്ങളും സ്മാര്‍ട്ടാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കെട്ടിടങ്ങളുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ ജി പ്രദീപിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

പുതിയ കെട്ടിടങ്ങളില്‍ വില്ലേജ് ഓഫീസറുടെ മുറി, പ്രധാന ഹാള്‍, റെക്കോര്‍ഡ്, ഡൈനിംഗ് മുറികള്‍, മീറ്റിങ് ഏരിയ, ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി പ്രത്യേകം ശുചിമുറികള്‍, അംഗപരിമിതര്‍ക്ക് റാമ്പ് സൗകര്യം, ഫളാഗ് പോസ്റ്റ്, ഇന്റര്‍ലോക്ക് ചെയ്ത മുറ്റവും ഓഫീസിന് ആവശ്യമായ ഫര്‍ണിച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. മൈലം സ്മാര്‍ട്ട് വില്ലേജിന് 43.80 ലക്ഷവും കലയപുരം വില്ലേജ് ഓഫീസിനായി 44 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല.

കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹര്‍ഷകുമാര്‍, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ്, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി.ടി ഇന്ദുകുമാര്‍, ജില്ലാ പഞ്ചായത്തംഗം ആര്‍.രശ്മി, കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാര്‍, മൈലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. മിനി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം ദിവ്യചന്ദ്രശേഖര്‍, വാര്‍ഡ് അംഗങ്ങളായ കെ. മണി, എസ്. ശ്രീജ, തഹസീദാര്‍ പി. ശുഭന്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പുനലൂരില്‍ ഇടത്താവളം നിര്‍മ്മിക്കുന്നത് പരിഗണിക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പുനലൂരിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടുത്ത വര്‍ഷത്തിനുള്ളില്‍ ഇടത്താവളം നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. പുനലൂര്‍ പി. ഡബ്ല്യൂ. ഡി റെസ്റ്റ് ഹൗസില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പുനലൂരില്‍ ഇടത്താവളം ഒരുക്കുന്നതിന് ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

ഈ വര്‍ഷം തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ താത്കാലിക സംവിധാനങ്ങള്‍ ഉറപ്പാക്കും. ഇതിനായി പുനലൂരില്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഏകോപനം നടപ്പാക്കും. ഭക്തരുടെ എണ്ണത്തിനനുസരിച്ചുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും. അപകടമേഖലകളില്‍ തിരിച്ചറിഞ്ഞ് സൂചനാ ബോര്‍ഡുകള്‍ വ്യത്യസ്ത ഭാഷകളില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും സജ്ജരാക്കണം. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളില്‍ അതിനുള്ള സൗകര്യമൊരുക്കും. വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ എന്നീ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂടി കണക്കിലെടുത്ത് കെ. എസ്. ആര്‍. ടി. സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉറപ്പാക്കി. പുനലൂര്‍ ദേശീയപാതയില്‍ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള റോഡിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കുന്നതിനും ദിശ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ദേശീയ പാത വിഭാഗത്തിന് കത്ത് നല്‍കിയതായും പി. എസ് സുപാല്‍ എം. എല്‍. എ പറഞ്ഞു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍, പുനലൂര്‍ ആര്‍. ഡി. ഒ ബി. ശശികുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ സ്വയം പര്യാപ്തരാക്കും: മന്ത്രി കെ.രാധാകൃഷ്ണന്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ സ്വയംപര്യാപ്തരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍, കലാ-കായിക മേഖലകളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ‘പ്രതിഭാ പിന്തുണ’ പദ്ധതിയുടെ സാമ്പത്തിക സഹായവിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തി മുഖ്യധാരയിലെത്തിക്കാന്‍ പിന്തുണയ്ക്കും. സംസ്ഥാനത്തെ പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളില്‍ അഭ്യസ്തവിദ്യരായവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കലാ-കായിക മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് സാമൂഹ്യ-സാമ്പത്തിക സഹായങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കും. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.

2022 – 23 വര്‍ഷം നടപ്പാക്കുന്ന പ്രതിഭാ പിന്തുണ പദ്ധതിയിലൂടെ 51 പേര്‍ക്ക് ആനുകൂല്യം മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതി ‘എന്‍ട്രി’യിലൂടെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരായി നിയമനം ലഭിച്ച വനിതകളെയും ‘നിബോധിത’ പദ്ധത മുഖേനയുള്ള പരിശീലനത്തിലൂടെ പി.എസ്.സി പരീക്ഷ പാസായി നിയമനം ലഭിച്ചവരെയും മന്ത്രി ആദരിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമലാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനില്‍ എസ്. കല്ലേലിഭാഗം, ജെ. നജീബത്ത്, വസന്താ രമേശ്, സെക്രട്ടറി ബിനുന്‍ വാഹിദ്, പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കല്ലട ജലോത്സവം: 12 ചെറു വള്ളങ്ങളെ പങ്കെടുപ്പിക്കും ആലോചനായോഗം ചേര്‍ന്നു

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 ന്റെ 11-ാമത് ലീഗ് മത്സരം നവംബര്‍ 19ന് കല്ലടയാറില്‍ നടത്തുന്നതിന്റെ ഭാഗമായി ആലോചനായോഗം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്നു. 12 ചെറുവള്ളങ്ങളെ കൂടി ജലോത്സവത്തില്‍ ഉള്‍പ്പെടുത്തി പ്രത്യേക മത്സരം നടത്താന്‍ യോഗം തീരുമാനിച്ചു. വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെറുവള്ളങ്ങളുടെ മത്സര ചിലവുകള്‍ പ്രാദേശിക കമ്മിറ്റികള്‍ കണ്ടെത്തണം. നവംബര്‍ 18ന് ഇടിയക്കടവ് പാലം മുതല്‍ കാരുത്രക്കടവ് വരെ സാംസ്‌കാരിക ഘോഷയാത്ര നടത്താനും യോഗത്തില്‍ തീരുമാനമായി. കല്ലട ജലോത്സവം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു.

മണ്‍ട്രോത്തുരുത്ത്, കിഴക്കേകല്ലട, പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തുകളിലെ ബോട്ട് ക്ലബ് പ്രതിനിധികളുടെ യോഗം നാളെ (നവംബര്‍ 12) രാവിലെ ഒന്‍പതിന് മണ്‍ട്രോത്തുരുത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ചേരും.

സിബിഎല്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഷൈജു, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുന്നു..

 

തൊഴിലിടങ്ങളിലെ പരാതി പരിഹാരത്തിന് ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കണം : വനിതാ കമ്മീഷന്‍

തൊഴിലിടങ്ങളിലെ പീഡന പരാതികള്‍ കമ്മീഷന് മുന്‍പില്‍ കൂടുതലായി എത്തുന്നുവെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍. എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കണം. തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ മൂലം തൊഴില്‍ ഉപേക്ഷിക്കേണ്ട ഗൗരവകരമായ പരാതികളും കമ്മീഷന് മുന്‍പില്‍ എത്തുന്നതായി അംഗം ചൂണ്ടിക്കാട്ടി. ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കേസുകള്‍ തൊഴിലിടങ്ങളില്‍ തന്നെ പരിഹരിക്കാന്‍ മുന്‍കൈ എടുക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വനിതാ കമ്മീഷന്‍ രണ്ട് ദിവസമായി ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ അദാലത്തില്‍ 103 കേസുകള്‍ പരിഗണിച്ചു. രണ്ടാം ദിനമായ ഇന്നലെ (നവംബര്‍ 10) 53 കേസുകള്‍ പരിഗണിച്ചതില്‍ 15 പരാതികള്‍ തീര്‍പ്പാക്കി.. 38 എണ്ണം അടുത്ത സിറ്റിംഗിലേക്കും മാറ്റി.

വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ സരിത, ജയ കമലാസനന്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചിത്രരചനാ മത്സരം നവംബര്‍ 26ന്

ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. നവംബര്‍ 26ന് രാവിലെ 9 മണി മുതല്‍ ബാലികാ മറിയം എല്‍.പി സ്‌ക്കൂളില്‍ മത്സരം നടത്തും. കുട്ടികള്‍ കളറിംഗ് സാമഗ്രികള്‍ സഹിതം രാവിലെ 10:30 ന് മുന്‍മ്പ് രജിസ്റ്റര്‍ ചെയ്യണം. സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോക മണ്ണ് ദിനമായ ഡിസംബര്‍ അഞ്ചിന് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. ഒരു സ്‌കൂളില്‍ നിന്ന് ഓരോ വിഭാഗത്തിലായി അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2767121, 9496620291 .

 

റാങ്ക് ലിസ്റ്റ് റദ്ദായി

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തിക മാറ്റം) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 515/2021) റാങ്ക് ലിസ്റ്റ് റദ്ദായി.

 

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2021-22 അദ്ധ്യായന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ/ ബിരുദാനന്തര കോഴ്സുകളില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി വിജയം കരസ്ഥമാക്കിയവര്‍ക്കാണ് അവസരം. അവസാന തീയതി നവംബര്‍ 30.

അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍, വിദ്യാര്‍ത്ഥിയുടെ രണ്ട് ഫോട്ടോ, കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ ക്ഷേമനിധി ബോര്‍ഡിന്റെ ആനന്ദവല്ലീശ്വരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2792248.

 

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാമില്‍ പ്രോജക്ട് അസിസ്റ്റന്റ് (ഒഴിവ് ഒന്ന്) കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നവംബര്‍ 25ന് രാവിലെ 10.30 ന് എറണാകുളം തേവരയില്‍ അക്വാട്ടിക്ക് അനിമല്‍ ഹെല്‍ത്ത് ലബോറട്ടറി കം റീജിയണല്‍ എക്‌സിക്യൂട്ടീവ് (സെന്‍ട്രല്‍ സോണ്‍) ഓഫീസിലാണ് അഭിമുഖം. യോഗ്യത ബയോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം.

പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഫിഷറീസ് വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷയും ബയോഡേറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ :8281442344 വിലാസം: അക്വാട്ടിക്ക് അനിമല്‍ ഹെല്‍ത്ത് ലബോറട്ടറി കം റീജിയണല്‍ എക്‌സിക്യൂട്ടീവ് (സെന്‍ട്രല്‍ സോണ്‍) അഡാക്ക് സി. സി /60/3907 പേരുമാനൂര്‍ പി. ഒ, കനാല്‍ റോഡ് കൊച്ചി 682015.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ‘ഉജ്ജ്വലം’ പദ്ധതിയുടെ ഭാഗമായി ഡി.റ്റി.പി, പ്രിന്റിംഗ് ഉള്‍പ്പെടെ ചെയ്ത് ബുക്ക് രൂപത്തില്‍ കൈപ്പുസ്തകം തയ്യാറാക്കി നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നവംബര്‍ 16 വരെ ബന്ധപ്പെടാം. ഫോണ്‍: 0474 2792957, 8547129371, 9074030763

 

വില്ലേജ് തല ജനകീയ സമിതികള്‍ ശക്തമാക്കുമെന്ന് : മന്ത്രി കെ. രാജന്‍

വില്ലേജ് തല ജനകീയ സമിതികള്‍ ശക്തമാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. തഴവ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എല്ലാവരുടെയും ഭൂമിക്ക് രേഖ നല്‍കുന്ന ദൗത്യത്തിലാണ് റവന്യൂ വകുപ്പ്. ഭൂമിക്ക് ഉടമകളാകേണ്ടവരുടെയും അര്‍ഹതപ്പെട്ടവരുടെയും എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. പരമാവധി ജനങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കുകയെന്ന ദൗത്യം ഏറ്റെടുത്ത് അര്‍ഹരായ മുഴുവന്‍ പേരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സി.ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷനായി.

ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം ആര്‍. ബീനറാണി, തഹസീല്‍ദാര്‍ ഷിബു പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍,ജില്ല- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!