ഫോട്ടോ: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പോലീസിന്റെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പമ്പയില്‍ എത്തിയപ്പോള്‍.
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പോലീസിന്റെ സുരക്ഷാക്രമീകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നേരിട്ട് വിലയിരുത്തി. ബുധനാഴ്ച ഉച്ചയോടെ പമ്പയിലെത്തിയ അദ്ദേഹം ഒരു മണിക്ക് ഗസ്റ്റ് ഹൗസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ക്രമീകരണങ്ങള്‍ സംബന്ധിച്ച അവലോകനം നടത്തി. ക്രമസമാധാന വിഭാഗം എഡിജിപി എം.ആര്. അജിത് കുമാര്‍, ദക്ഷിണമേഖലാ ഐജി പി. പ്രകാശ്, തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്. നിശാന്തിനി, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
സുരക്ഷിതമായ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കപ്പെട്ടുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി. പമ്പാ തീരത്ത് ഏര്‍പ്പെടുത്തിയ സുരക്ഷാസംവിധാനങ്ങളും പരിശോധിച്ചു. തുടര്‍ന്ന്, ഗണപതികോവില്‍, വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന് കൗണ്ടര്‍, കണ്ട്രോള് റൂം, സിസിടിവികള്‍, പോലീസ് മെസ്, എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പിന്നീട്, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, പോലീസ് സ്റ്റേഷന്, സിസിടിവി കണ്ട്രോള് റൂം എന്നിവടങ്ങളിലും സന്ദര്‍ശനം നടത്തിയശേഷം തിരിച്ചുമടങ്ങി.