Input your search keywords and press Enter.

തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി ശബരിമല ഇടത്താവളം; നഗരസഭാ ചെയര്‍മാന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി

ഫോട്ടോ: പിടിഎ മുന്‍സിപ്പാലിറ്റി- പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളത്തിലെ അവസാനഘട്ട ഒരുക്കങ്ങള്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ വിലയിരുത്തുന്നു.

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് പത്തനംതിട്ട നഗരത്തിലെ ശബരിമല ഇടത്താവളം. തീര്‍ഥാടന കാലത്ത് അയ്യപ്പഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരി വയ്ക്കുന്നതിനും ഡോര്‍മിറ്ററികള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്നദാന കൗണ്ടര്‍, ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ താഴെ വെട്ടിപ്രത്തുള്ള ഇടത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. പോലീസ് എയ്ഡ് പോസ്റ്റ്, ആയുര്‍വേദ – അലോപ്പതി ചികിത്സാ കേന്ദ്രങ്ങള്‍, ചെറുസംഘങ്ങളായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര, വിശ്രമിക്കാന്‍ ആല്‍ത്തറ എന്നിവ പുതുതായി സജ്ജമാക്കി. മുന്‍ വര്‍ഷത്തേതു പോലെ ഇടത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. അയ്യപ്പ സേവാ സംഘത്തിന്റെ സേവനവും ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് ലഭ്യമാകും.

ഇടത്താവളത്തിലെ അവസാനഘട്ട ഒരുക്കങ്ങള്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ വിലയിരുത്തി. മുന്‍ വര്‍ഷത്തേതിനെക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരലി, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍. അജിത് കുമാര്‍, അംബിക വേണു, ജെറി അലക്‌സ്, ഇന്ദിരാ മണിയമ്മ, എസ്. ഷമീര്‍, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ. അനീഷ്, നഗരസഭാ കൗണ്‍സിലര്‍ റോഷന്‍ നായര്‍, നഗരസഭ സെക്രട്ടറി ഷേര്‍ല ബീഗം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫൈസല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപു, സിനി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!