ഫോട്ടോ: ഗോള്‍ ഡെപ്യുട്ടി സ്പീക്കര്‍ – വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ അടൂര്‍ മണ്ഡലതല ഉദ്ഘാടനം കൊടുമണ്‍ സ്റ്റേഡിയത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ഖത്തര്‍ ലോകകപ്പിന് പന്തുരുളും മുന്നെ ലോകകപ്പ് ആവേശത്തിലാണ് ലോകമെമ്പാടും ഉള്ളവര്‍. ഇതിന്റെ ഭാഗമായി കായിക-യുവജന വകുപ്പ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ അടൂര്‍ മണ്ഡലതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗോള്‍വലയിലേക്ക് പന്ത് പായിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റൈലന്‍ ഗോളടിച്ചായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ ഉദ്ഘാടനം. അന്നും ഇന്നും എന്നും താനൊരു അര്‍ജന്റീന ഫാന്‍ ആണന്നു പറഞ്ഞ ഡെപ്യൂട്ടി സ്പീക്കര്‍ അര്‍ജന്റീനയുടെ ഇഷ്ടതാരമായ മെസിയുടെ നമ്പരിലുള്ള ജേഴ്‌സി ധരിച്ചാണ് എത്തിയത്. ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, വാര്‍ഡ് മെമ്പര്‍ എ.ജി. ശ്രീകുമാര്‍, കൊടുമണ്‍ ഇഎംഎസ് അക്കാഡമി ചെയര്‍മാന്‍ എ.എന്‍. സലിം, സെക്രട്ടറി അനിരുദ്ധന്‍ തുടങ്ങിയവരും കൊടുമണ്ണിലെ കായികപ്രേമികളും പങ്കെടുത്തു. അടിസ്ഥാനപരമായ പരിശീലനം മുതല്‍ മികവുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്നതിനുള്ള ഫുട്ബാള്‍ പരിശീലനം കൊടുമണ്ണില്‍ നടന്നുവരുന്നതായും അടൂര്‍ മണ്ഡലത്തില്‍ നിന്നും മികച്ച കായികതാരങ്ങള്‍ ഉയര്‍ന്നു വരുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.