ഫോട്ടോ: നീതി മെഡിക്കല്‍ സ്റ്റോര്‍ അടൂര്‍ – അടൂരില്‍ ജനറല്‍ ആശുപത്രിക്ക് സമീപം പെരിങ്ങനാട് സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.
പത്തനംതിട്ട: സഹകരണ മേഖലയില്‍ നിന്നുള്ള ആശുപത്രികള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍, ലാബുകള്‍ തുടങ്ങിയവ ആരോഗ്യ മേഖലയിലെ ചൂഷണങ്ങളെ അവസാനിപ്പിക്കുന്നതിനുള്ള ജനകീയ ഇടപെടലായി കാണണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അടൂരില്‍ ജനറല്‍ ആശുപത്രിക്ക് സമീപം പെരിങ്ങനാട് സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിന് ശരിയായ രോഗ നിര്‍ണയം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. അതില്‍ ഏറ്റവും പ്രധാനം പരിശോധനകള്‍ ആണ്. ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷനിലേക്ക് കൊണ്ടുവരുന്നതിനുള്ള വലിയ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. അതോടൊപ്പം തന്നെ ആശുപത്രികളിലെ ലാബുകളും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്താനായി അക്രഡിറ്റേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണെന്നും രാജ്യത്ത് മുഴുവന്‍ നല്‍കുന്ന ചികിത്സയുടെ 18 ശതമാനത്തോളം കേരളത്തില്‍ നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പെരിങ്ങനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റിതിന്‍ റോയ് അധ്യക്ഷത വഹിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി. സന്തോഷ്, പി.ബി. ബാബു, പത്തനംതിട്ട പിആര്‍പിസി ചെയര്‍മാന്‍ കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍, അടൂര്‍ ഗവ ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍, അടൂര്‍ അസിസ്റ്റന്‍ഡ് രജിസ്ട്രാര്‍ കെ. അനില്‍, റ്റി.ഡി. ബൈജു, മുണ്ടപ്പള്ളി തോമസ്, അഡ്വ.എസ്. മനോജ്, ഏഴംകുളം നൗഷാദ്, ബോര്‍ഡ് അംഗം സജി കൊക്കാട്, അഡ്വ. ജോസ് കളീക്കല്‍, ബാങ്ക് സെക്രട്ടറി ബിജി ബി കൃഷ്ണന്‍, തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍, സഹകരണസംഘം ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.