ഫോട്ടോ: കേവ് ടെമ്പിള്‍ – തിരുവല്ല കവിയൂരിലെ തൃക്കക്കുടി ഗുഹാക്ഷേത്രം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സന്ദര്‍ശിക്കുന്നു
പത്തനംതിട്ട: തൃക്കക്കുടി ഗുഹാക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ട് ഇതു സ്ഥിതിചെയ്യുന്ന തൃക്കക്കുടിപാറയെ വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തിരുവല്ല കവിയൂരിലെ തൃക്കക്കുടി ഗുഹാക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇവിടേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. 3.91 ഏക്കര്‍ വിസ്തൃതിയുള്ള തൃക്കക്കുടി ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. പ്രാചീന ആരാധനാലയം കൂടിയാണിത്. ക്ഷേത്രം പത്താം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ടാവും വിനോദസഞ്ചാര കേന്ദ്രം നിര്‍മിക്കുക. ടൂറിസ്റ്റ് കേന്ദ്രത്തെ സംബന്ധിച്ചുള്ള സമഗ്രമായ പദ്ധതി നല്‍കാന്‍ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി ലിറ്റി കൈപ്പള്ളില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോണ്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രവീണ്‍ ഗോപി, സിന്ധു, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍, സിപിഐഎം എല്‍.സി. സെക്രട്ടറി എസ്. സതീഷ്, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിറ്റി എബ്രഹാം, ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് ആര്‍. രാജേഷ് കുമാര്‍, ഡിസ്‌പ്ലേ ടെക്‌നീഷ്യന്‍ എഫ്. മില്‍ട്ടണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.