ഫോട്ടോ: കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.
കൊല്ലം: കാലഘട്ടത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് പോലീസ് സേനയെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊട്ടാരക്കരയില്‍ ഇ.ടി.സി ജംഗ്ഷനു സമീപം പോലീസിന്റെ പുതിയ കെട്ടിടത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നത്. ഇത്തരം നടപടികള്‍ ക്രമസമാധാന പാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബര്‍ ക്രൈം കണ്ടെത്തലുള്‍പ്പെടെയുള്ള മേഖലകളില്‍ കേരളാ പോലീസിനെ രാജ്യത്ത് തന്നെ ഒന്നാമതെത്തിച്ചിട്ടുണ്ട്. വിവിധ ദുരന്തഘട്ടങ്ങളില്‍ പോലും ജനങ്ങള്‍ക്ക് സന്നദ്ധ സഹായമായി മാറിയിട്ടുള്ള കേരളാ പോലീസ് സേന ക്രമസമാധാനപാലനം മാത്രമല്ല തങ്ങളുടെ കര്‍ത്തവ്യമെന്ന് വ്യക്തമാക്കുന്ന സേനയുടെ പുതിയ മുഖമാണ്. അത്തരത്തിലുള്ള ജനമൈത്രീ പ്രവര്‍ത്തനങ്ങള്‍ വഴി കേരള ജനതയ്ക്ക് സംസ്ഥാന പോലീസ് സേന സ്വീകാര്യമായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റ്, സ്ത്രീ-ശിശു സൗഹാര്‍ദ്ദ പോലീസ് സ്‌റ്റേഷനുകള്‍, ട്രൈബര്‍ പോലീസിംഗ്, അതിഥി തൊഴിലാളി സൗഹൃദ പോലീസ്, ജനമൈത്രി പോലീസിംഗ് ഉള്‍പ്പെടെ പോലീസിനെ സര്‍ക്കാരിന്റെ ജനകീയ മുഖമാക്കി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏറെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എക്കണോമിക് ഒഫന്‍സസ് പ്രിവന്‍ഷന്‍ വിംഗ്, സൈബര്‍ പട്രോളിംഗ്, സൈബര്‍ വിംഗ് എന്നിവയിലൂടെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ വളരെ പെട്ടെന്ന് കണ്ടെത്തി തടയാന്‍ കഴിഞ്ഞിട്ടുണ്ട്.കുറ്റകൃത്യങ്ങള്‍ക്ക് ശേഷം രാജ്യം വിട്ടു പോകുന്നവരെ കണ്ടെത്തി അവിടെയെത്തി പിടികൂടുന്ന നിലയിലേയ്ക്ക് സംസ്ഥാന പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് കഴിഞ്ഞിട്ടിണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാതൃകാപരമായ ഏറെ പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നും പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. സേനയിലുള്ള വിരലിലെണ്ണാവുന്നവര്‍ നടത്തുന്ന ചിലപ്രവര്‍ത്തികള്‍ പോലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കുന്നുണ്ട്. സമൂഹത്തിനും പോലീസ് സേനയ്ക്കും ചേരാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല.കളങ്കിതരെ സേനയുടെ ഭാഗമാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.ഇത് ഉറപ്പാക്കുമെന്നും അത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധികാര പ്രയോഗ സേനയെന്ന ധാരണയുണ്ടെങ്കില്‍ അതു തിരുത്തി പോലീസ് ജനസേവന സേനയാകണം.തന്റെ മുന്നിലെത്തുന്ന ഓരോ സാധാരണക്കാരനും പ്രാമുഖ്യം കൊടുക്കുന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ പോലീസ് ഉദ്യോഗസ്ഥരും തയാറാകണം തന്നെക്കാള്‍ പ്രാധാന്യത്തോടെ പൊതുജനങ്ങളെ കാണാനും സേവനം നല്‍കാനും കഴിയുക എന്നതാണ് പോലീസ് സേനയുടെ പ്രാഥമിക കര്‍ത്തവ്യം. വാക്കും പ്രവര്‍ത്തിയും മികച്ചത് മികച്ചതാവാന്‍ ജാഗരൂകരാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതിന്റെ ഭാഗമായി മൂന്നാം മുറയുള്‍പ്പെടെയുള്ള സമൂഹത്തിന് ചേരാത്ത പ്രവണതകള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. സംസ്ഥാനത്തെ 520 പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി കാമറാ സംവിധാനം ഉടന്‍ നിലവില്‍ വരും. ലോക്കപ്പ്, സ്‌റ്റേഷന്‍ വരാന്ത, സ്വീകരണ മുറി, പോലീസ് ഓഫീസര്‍മാരുടെ മുറികള്‍ തുടങ്ങി വിവിധ വശങ്ങളില്‍ നിന്നുള്ള ദൃശ്യം ക്യാമറ വഴി നിരീക്ഷിക്കും. 18 മാസം വരെ ഇത് സൂക്ഷിക്കും. പോലീസ് കണ്‍ട്രോള്‍ റൂം, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇത് കൃത്യമായി പരിശോധിക്കാനാകും. സംവിധാനം പൂര്‍ണ്ണ നിലയില്‍ എത്തുന്നതോടെ സ്‌റ്റേഷനുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന വ്യവസ്ഥ രൂപപ്പെടും. ഇത് പോലീസ് സേനയെ നവീകരിക്കുന്നതില്‍ ഏറെ ഉപകരിക്കുമെന്നും പൊതുജനങ്ങളുടെ നേരിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ അടിസ്ഥാന- ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. 15,000ല്‍പ്പരം ചതുരശ്രയടിയില്‍ നാലുനിലകളിലായാണ് കെട്ടിട നിര്‍മാണം. 6.75 കോടി രൂപയാണ് വിനിയോഗിച്ചത്.സ്റ്റേഷന്‍ പരിസരങ്ങള്‍ക്കൊപ്പം ചുറ്റുപാടുകളും ആധുനീകരിക്കും.തൊറ്റായ സമീപനം സ്വീകരിക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം പോലീസ് സേനാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ തയാറാകുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണം ചെറുക്കാനും ദുരന്തനിവാരണ- രക്ഷാപ്രവര്‍ത്തനരംഗം, ലഹരി വിരുദ്ധ പ്രവര്‍ത്തനം എന്നീ മേഖലകളിലും മികച്ച ഇടപെടലാണ് കേരള പോലീസ് നടത്തുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ക്ഷീരവികസന-മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ പി.എസ് സുപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേല്‍, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എ.ഡി.ജി.പിമാരായ കെ.പത്മകുമാര്‍, എം.ആര്‍ അജിത്ത് കുമാര്‍, ഐ.ജി പി.പ്രകാശ്, ഡി.ഐ.ജി ആര്‍.നിശാന്തിനി, കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി, കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ എ. ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, മുന്‍ എം.എല്‍.എ ഐഷാ പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി ഇതോടൊപ്പം ഓണ്‍ലൈനായി നിര്‍വഹിച്ചു. ജില്ലയിലെ അച്ചന്‍കോവില്‍, വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷനുകള്‍ക്കായി പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, ആലപ്പുഴ സൗത്ത്, തൃക്കുന്നപ്പുഴ, എറണാകുളത്തെ നോര്‍ത്ത് പറവൂര്‍, ചെങ്ങമനാട്, മുളന്തുരുത്തി, ഊന്നുകല്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങള്‍ എന്നിവയാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചത്. ആലപ്പുഴയിലെയും വയനാടിലെയും പോലീസ് കണ്‍ട്രോള്‍ റൂം, കോട്ടയത്തെ റിപ്പീറ്റര്‍ സ്റ്റേഷന്‍, പള്ളിക്കത്തോട് സ്റ്റേഷനിലെ അനുബന്ധസൗകര്യങ്ങള്‍ എന്നിവയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സബ്ബ് ഡിവിഷന്‍, കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ സബ് ഡിവിഷന്‍, മേല്‍പ്പറമ്പ, സൈബര്‍ ക്രൈം, വനിതാ പോലീസ് സ്റ്റേഷനുകള്‍, തൃശൂര്‍ സിറ്റി ഈസ്റ്റ് പോലീസ് സ്റ്റേഷന്‍, കണ്ണൂരിലെ കണ്ണവം പോലീസ് സ്റ്റേഷന്‍, കൊല്ലം റൂറലിലെ കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍, വനിതാസെല്‍ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.