എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെയും (ഇ.ഒ.സി) സാനിറ്റേഷന്‍ സൊസൈറ്റിയുടെയും ഉദ്ഘാടനം മന്ത്രി കെ. രാജന്‍ ഇന്ന് (14) നിര്‍വഹിക്കും
ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ തല്‍സമയ ശാസ്ത്രീയ പഠന സംവിധാനം; നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഇഒസികള്‍
പത്തനംതിട്ട കളക്ടറേറ്റിലും തിരുവനന്തപുരത്തും കണ്‍ട്രോള്‍ റൂമുകള്‍; ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഏകോപനം നിര്‍വഹിക്കും
ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചുള്ള അടിയന്തിര ഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യുടെ നേതൃത്വത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയും അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രം (എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (ഇ.ഒ.സി) ആരംഭിക്കുന്നു. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ഉദ്ഘാടനം ഇന്ന് (നവംബര്‍ 14) ഉച്ച കഴിഞ്ഞു രണ്ടിന് ശബരിമലയുടെ ബേയ്‌സ് ക്യാമ്പായ നിലയ്ക്കലില്‍ റവന്യു മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. തുടര്‍ന്ന് പമ്പയില്‍ സാനിറ്റേഷന്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. പത്തനംതിട്ട ജില്ലാദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരാണ് അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പമ്പയില്‍ റവന്യു, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുക്കും. ഇതുവരെയുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും അദ്ദേഹം വിലയിരുത്തും.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ അനുവര്‍ത്തിച്ചുവരുന്ന ഏറ്റവും സുശക്തവും നൂതനവുമായ സംവിധാനമാണ് അടിയന്തിരഘട്ട കാര്യ നിര്‍വഹണ കേന്ദ്രം അഥവാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (ഇ.ഒ.സി). നിയന്ത്രണത്തിന് അതീതമായി തിരക്കേറുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലുണ്ടാകാവുന്ന തെറ്റിദ്ധാരണ പരത്തുന്ന സന്ദേശമോ, തെറ്റായ വിവരങ്ങളോ, ആശങ്ക പരത്തുകയും അലക്ഷ്യമായ തിരക്കോടുകൂടിയ സഞ്ചാരത്തിന് സ്ഥിതിയൊരുക്കുകയും ചെയ്യാം. തിക്കും, തിരക്കും മൂലമുണ്ടാകുന്ന മരണം എന്ന ദുരന്തത്തിലേക്ക് ഇത് വഴിതെളിച്ചേക്കാം. ഈ സാഹചര്യത്തിലാണ് കൃത്യമായതും വിശകലനം ചെയ്യപ്പെട്ടതും പുനഃപരിശോധിക്കപ്പെട്ടതുമായ വിവരങ്ങള്‍ ക്രോഡീകരിച്ച് ആവശ്യമായ വേളകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ശബരിമലയുടെ ഭരണസംബന്ധമായി ബന്ധപ്പെട്ട എല്ലാ വകുപ്പുമേധാവികളേയും ഏകോപിപ്പിച്ചുകൊണ്ട് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നതാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ കാതലായ ഉദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 14 മുതല്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം, പത്തനംതിട്ട കളക്ടറേറ്റ്, തിരുവനന്തപുരം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലെ കണ്‍ട്രോള്‍ റൂമുകളെ ബന്ധിപ്പിച്ചുകൊണ്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (ഇ.ഒ.സി) പ്രവര്‍ത്തനം ആരംഭിക്കും. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ വിവിധങ്ങളായ ആശയവിനിമയ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കണ്‍ട്രോള്‍ റൂമുകളെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളത്.
കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടുവാനുള്ള കാലതാമസം ഒഴിവാക്കുന്നതിലേക്കായി ഇവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഹോട്ട്‌ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നമ്പരുകള്‍ ഡയല്‍ ചെയ്യാനുള്ള താമസവും തിടുക്കത്തില്‍ ഡയല്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യതയും പൂര്‍ണമായി ഒഴിവാക്കാന്‍ ഹോട്ട്‌ലൈനിന് കഴിയും.
ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയിലുള്ള ജനപ്രവാഹത്തിന്റെ വിവരങ്ങള്‍ ഈ കേന്ദ്രത്തില്‍ നിന്നും വിവിധങ്ങളായ ഓഫീസുകള്‍ക്കും പൊതുജനങ്ങള്‍ക്കും അറിയാം. കൂടാതെ എല്ലാ വകുപ്പുമേധാവികള്‍ക്കും ഓരോ മണിക്കൂര്‍ ഇടവിട്ടും ശബരിമലയ്ക്ക് വരുന്നവരുടേയും പോകുന്നവരുടേയും സന്നിധാനത്ത് തങ്ങുന്നവരുടേയും എണ്ണം സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരക്കിന്റെ തോത് അനുസരിച്ച് പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്ന് തലത്തിലുള്ള അലേര്‍ട്ട് നല്‍കും.
രേഖാമൂലമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിലേക്കായി ഫാക്‌സ്, ഇന്റര്‍നെറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പ്രളയം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിങ്ങനെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായാല്‍ ഇന്റര്‍നെറ്റ്, ടെലഫോണ്‍, ഫാക്‌സ്, ഹോട്ട്‌ലൈന്‍ മുതലായ ആശയവിനിമയ സംവിധാനങ്ങളും താറുമാറായേക്കാം. ഈ സാഹചര്യത്തിലാണ് വി.എച്ച്.എഫ് റേഡിയോ സംവിധാനങ്ങളുടെ പ്രസക്തി ഏറുന്നത്. മുന്‍പ് സൂചിപ്പിച്ച എല്ലാ കേന്ദ്രങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ വി.എച്ച്.എഫ് റേഡിയോ സംവിധാനം വഴി പ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള തിരക്കിന്റെ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടും. ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ ഒരു കേന്ദ്രത്തില്‍ നിന്നും വിളിച്ച് അറിയിക്കുന്ന സന്ദേശം ഒരേ സമയം തന്നെ മറ്റെല്ലാ നിലയങ്ങളിലും എത്തിച്ചേരും. തിരക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ പമ്പ ഇ.ഒ.സിയില്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തി ക്രോഡീകരിച്ച് നിലവിലെ സ്ഥിതി കാണിക്കുന്ന ഗ്രാഫുകളുടെ രൂപത്തില്‍ രേഖപ്പെടുത്തി വയ്ക്കും. ഇത് സ്ഥിതിഗതികളെ പെട്ടെന്ന് മനസിലാക്കുന്നതിന് സഹായകരമാണ്.
ശബരിമലയുമായി ബന്ധപ്പെട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, പോലീസ്, ഹെല്‍ത്ത്, റവന്യു, ദേവസ്വം തുടങ്ങി എല്ലാ ഓഫീസുകളുടേയും ഫോണ്‍ നമ്പരുകള്‍ അടങ്ങുന്ന റിസോഴ്‌സ് ഇന്‍വെന്ററി, കണ്‍ട്രോള്‍ റൂമുകളിലും ഇഒസിയിലും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ ആവശ്യമായ ആംബുലന്‍സ് സര്‍വീസുകള്‍, ജെസിബി മുതലായ ഹെവി ഡ്യൂട്ടി സംവിധാനങ്ങള്‍ എന്നിവയുടെയെല്ലാം വിവരങ്ങളും ഇഒസിയില്‍ ശേഖരിച്ചിട്ടുണ്ട്. ഏഴു പേര്‍ വീതമടങ്ങുന്ന മൂന്നു സംഘങ്ങളാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത്.