Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (14/11/2022)

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം മൂന്നാംഘട്ട സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 15)

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 15) രാവിലെ 10 ന് പോരുവഴി ഗ്രാമപഞ്ചായത്തിലെ ദേവഗിരിമലയില്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ. കൗശികന്‍ പദ്ധതി വിശദീകരണം നടത്തും.

സംസ്ഥാനത്തെ 1341996 പശുക്കളെയും 101504 എരുമകളെയും കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്ന പദ്ധതി ഡിസംബര്‍ എട്ടിന് സമാപിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ. സിന്ധു, പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി, സ്ഥിരംസമിതി അധ്യക്ഷര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കെ. അജിലാസ്റ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

വ്യവസായ സഹകരണസംഘങ്ങളുടെ വിവരശേഖരണം

വ്യവസായ സഹകരണസംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വിവരശേഖരണം നടത്തുന്നു. കൊട്ടാരക്കര താലൂക്ക് വ്യവസായ ഓഫീസ് പരിധിയിലുള്ള വ്യവസായ സംഘങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഭാഗികമായി പ്രവര്‍ത്തിക്കുന്ന, പുനരുദ്ധാരണ സാധ്യതയുള്ളവ തുടങ്ങിയവയുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാതെ തുടരുന്നതുമായ സംഘങ്ങളില്‍ സ്വന്തമായി ഭൂമിയുള്ളവയുടെ വസ്തുവകകള്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഏറ്റെടുത്ത് സര്‍ക്കാരിലേക്ക് കൈമാറാനുള്ള നടപടിയും വിവരശേഖരണത്തിന്റെ ഭാഗമായി പരിശോധിക്കും.

കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളിലെ 14 ഗ്രാമപഞ്ചായത്തുകളിലായി രജിസ്റ്റര്‍ ചെയ്ത നൈപുണ്യവികസന വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ജില്ലയിലെ മാതൃകാ സംഘമായി തിരഞ്ഞെടുക്കപ്പെട്ട കരീപ്ര മള്‍ട്ടി സഹകരണ സംഘത്തിന് പ്രാരംഭഘട്ട ധനസഹായം അനുവദിച്ചതായി സഹകരണ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

നവംബര്‍ 17ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ രജിസ്റ്റര്‍ ചെയ്ത എല്ലാ സൊസൈറ്റികളുടെയും വിവരശേഖരണം നടത്തും. ഫോണ്‍ : 9946896295.

 

റേഡിയോ പ്രക്ഷേപണവും മലയാളഭാഷയും’ – സംവാദസദസ് നവംബര്‍ 17ന്

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലയാളമിഷന്റെയും എസ്.എന്‍ വനിതാ കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘റേഡിയോ പ്രക്ഷേപണവും മലയാള ഭാഷയും’ എന്ന വിഷയത്തിലുള്ള സംവാദസദസ് നവംബര്‍ 17ന് രാവിലെ 10.30 ന് എസ്.എന്‍ വനിതാ കോളജില്‍ നടക്കും. മലയാളമിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം നിര്‍വഹിക്കും. കോളേജ് പ്രിന്‍സിപ്പാല്‍ ഡോ.ആര്‍.സുനില്‍ കുമാര്‍ അധ്യക്ഷനാകും.

മുന്‍കാല ആകാശവാണി വാര്‍ത്താ അവതാരകരായ എം.രാമചന്ദ്രന്‍, സുഷമ, ആകാശവാണിയുടെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുഖത്തല ശ്രീകുമാര്‍, പുതുതലമുറയിലെ എഫ്.എം. റേഡിയോ ജോക്കിമാരായ ചിഞ്ചു, (റെഡ് എഫ്.എം), വൈശാഖ് (ക്ലബ് എഫ്.എം), എസ്.എന്‍.വനിതാ കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഡി.ആര്‍ വിദ്യ എന്നിവരാണ് പങ്കെടുക്കുക. ഐ.പി.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സലിന്‍ മാങ്കുഴി മോഡറേറ്ററാകും. കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ നാഫി മുഹമ്മദ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്.ദിലീപ് കുമാര്‍ നന്ദിയും പറയും.

 

ഒംബുഡ്‌സ്മാന്‍ സിറ്റിംഗ് നവംബര്‍ 17ന്

തൊഴിലുറപ്പ് പദ്ധതി ഒംബുഡ്‌സ്മാന്‍ സിറ്റിംഗ് നവംബര്‍ 17ന് രാവിലെ 11 മുതല്‍ 12 വരെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പി.എം.എ.വൈ (ജി) എന്നിവ സംബന്ധിച്ച പരാതികള്‍ നേരിട്ടോ, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ട്രേറ്റ്, കൊല്ലം മേല്‍വിലാസത്തിലോ, [email protected] ഇ-മെയിലിലോ അയക്കാം. ഫോണ്‍ 9995491934.

 

അപേക്ഷ ക്ഷണിച്ചു

കൊല്ലം എല്‍.ബി.എസ്. കേന്ദ്രത്തില്‍ ഡി.സി.എ (ഒരു വര്‍ഷം) കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.യാണ് യോഗ്യത. വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in/courses ഫോണ്‍: 0474 2970780.

 

സീറ്റ് ഒഴിവ്

പത്തനാപുരം യു.ഐ.ടി.യില്‍ ബികോം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഇതുവരെ പ്രവേശന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും നവംബര്‍ 16 ന് സ്പോട്ട് അഡ്മിഷനുള്ള അവസരമുണ്ട്. താല്‍പര്യമുള്ളവര്‍ ഇന്ന് (നവംബര്‍ 15) സ്ഥാപനവുമായി ബന്ധപ്പെടണം.

 

പരാതി പരിഹാര അദാലത്ത് നവംബര്‍ 16ന്

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ജലഅതോറിറ്റി നടപ്പാക്കുന്ന ആംനെസ്റ്റി പദ്ധതി പ്രകാരം അപേക്ഷ നല്‍കിയ ഉപഭോക്താക്കള്‍ക്ക് കൊട്ടാരക്കര ജല അതോറിറ്റി പി. എച്ച്. ഡിവിഷനില്‍ നവംബര്‍ 16ന് രാവിലെ 10 മുതല്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുക്കാം. കൊട്ടാരക്കര, വാളകം, പുനലൂര്‍, കടയ്ക്കല്‍ സബ്ഡിവിഷനുകളിലെ ഉപഭോക്താക്കള്‍ക്കാണ് അവസരം. പരാതിക്ക് പരിഹാരമാകാത്തവരുടെ കണക്ഷനുകള്‍ നവംബര്‍ 20ന് ശേഷം വിച്ഛേദിക്കും. ഫോണ്‍ : 0470 2450787.

 

അറിയിപ്പ്

ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ എച്ച്.എസ്.ടി അറബിക്ക് – എന്‍.സി.എ- എസ്.സി (കാറ്റഗറി നമ്പര്‍ 81/2022) തസ്തികയിലേക്ക് ഏപ്രില്‍ 13 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം അവസാന തീയതിക്കുള്ളില്‍ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലെ സി.ടി സ്‌കാന്‍ വിഭാഗത്തിലേക്ക് ഡിസംബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ ഓണ്‍ലൈന്‍ ടെലി റിപ്പോര്‍ട്ടിംഗിനായി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ റേഡിയോളജിസ്റ്റ്/ പാനലുകള്‍/ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 19 വൈക#ിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474-2742004.

 

ടെന്‍ഡര്‍ : അവസാന തീയതി നാളെ (നവംബര്‍ 16)

ജില്ലാ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ‘ഉജ്ജ്വലം’ പദ്ധതിയുടെ ഭാഗമായി ഡി.റ്റി.പി, പ്രിന്റിംഗ് ഉള്‍പ്പെടെ ചെയ്ത് ബുക്ക് രൂപത്തില്‍ കൈപ്പുസ്തകം തയ്യാറാക്കി നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 16. വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0474 2792957, 8547129371, 9074030763

 

കക്ക വാരല്‍ നിരോധിച്ചു

കക്ക വര്‍ഗത്തില്‍പെട്ട ജീവികളുടെ വംശവര്‍ദ്ധനവിനായി അവയുടെ പ്രജനന കാലമായ നവംബര്‍ 15 മുതല്‍ 2023 ഫെബ്രുവരി 15 വരെ അഷ്ടമുടിക്കായല്‍, പരവൂര്‍ കായല്‍, കായംകുളം കായല്‍, അഴീക്കല്‍, ടി.എസ് കനാല്‍, വട്ടക്കായല്‍ എന്നിവിടങ്ങളില്‍നിന്നും കക്കവാരുന്നതും, ഓട്ടിവെട്ടുന്നതും കായല്‍ പുറമ്പോക്കില്‍ നിന്നും പൊടി കക്ക ശേഖരിക്കുന്നതും കക്ക വര്‍ഗത്തില്‍പ്പെട്ട മറ്റു ജീവികളുടെ ശേഖരവും വിപണനവും നിരോധിച്ച് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഉത്തരവിട്ടു.

error: Content is protected !!