‘വികസനത്തിന് കായികം’ പദ്ധതിക്ക് തുടക്കമായി
ചൈല്‍ഡ് ലൈനും യൂണിസെഫും സംയുക്തമായി നടത്തുന്ന ‘വികസനത്തിന് കായികം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം സെന്റ് ബെഹനന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍. രാജീവ് നിര്‍വഹിച്ചു. കായിക വിനോദങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നത് വഴി ലഹരിയുടെയും സമൂഹമാധ്യമങ്ങളുടെയും ചതിക്കുഴിയില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കുട്ടികളോടൊപ്പം പൊതുസമൂഹവും ബോധവാന്മാരാകണമെന്നും കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുവാന്‍ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണെന്നും ചെയര്‍മാന്‍ പറഞ്ഞു. ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. സാമുവല്‍ വിളയില്‍ അധ്യക്ഷത വഹിച്ചു.
ചൈല്‍ഡ് ലൈന്‍ നടത്തുന്ന സേ ദോസ്തി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ഈ വര്‍ഷം വികസനത്തിന് കായികം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ്‌കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും നല്‍കും. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സൗമ്യ ജോബി സ്പോര്‍ട്സ് കിറ്റും ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്തു.
കോയിപ്രം സബ് ഇന്‍സ്പെക്ടര്‍ മധു ശിശുദിന സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലു തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിന്‍സി തോമസ്, ഷിജു പി. കുരുവിള, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് എബ്രഹാം, ഹെഡ്മാസ്റ്റര്‍ സന്തോഷ് വി. മാത്യു, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോയല്‍, സ്റ്റാഫ് സെക്രട്ടറി മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രതിജ്ഞയും നടന്നു. ശിശുദിന റാലിയും യുപി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വിവിധ കായിക പരിപാടികളും സംഘടിപ്പിച്ചു.
ശിശുദിനാഘോഷം സംഘടിപ്പിച്ചു
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശിശുരോഗവിഭാഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്സ് പത്തനംതിട്ടയും (ഐഎപി) സംയുക്തമായി ശിശുദിനം ആഘോഷിച്ചു. ചടങ്ങില്‍ കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഐഎപി പത്തനംതിട്ടയെ പ്രതിനിധീകരിച്ച് ഡോ. ബിനുക്കുട്ടന്‍ ഓരോ കുട്ടിക്കും മെച്ചപ്പെട്ട ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി പ്രമേയം അവതരിപ്പിച്ചു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.സെസി ജോബ്, ആശുപത്രി സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.എസ്.ശ്രീലത, നേത്രരോഗ വിഭാഗം മേധാവി ഡോ.എ.ഷാജി, നഴ്സിംഗ് സൂപ്രണ്ട് ഗ്രേസികുട്ടി, ഡോ. ചിന്നുബാബു എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ഈ മാസം 21ന് രാവിലെ 11ന് ഐ.ടി.ഐയില്‍ അഭിമുഖം നടത്തും. എം.ബി.എ/ ബി.ബി.എ അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍, എക്കണോമിക്സ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും പന്ത്രണ്ടാംക്ലാസ് ലെവല്‍ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷന്‍സ് സ്‌കില്‍സും യോഗ്യതയുളളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2 259 952.
അപേക്ഷ ക്ഷണിച്ചു
2022- 23 വര്‍ഷത്തില്‍ കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ജില്ലയില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്സ് പാത്ത് വേ സോഷ്യല്‍ ലൈഫ് വെല്‍നെസ് പ്രോഗ്രാം നടത്തുവാന്‍ താല്പര്യമുള്ള സര്‍ക്കാര്‍ /എയ്ഡഡ്/ അഫിലിയേറ്റീവ് കോളേജുകള്‍/ അംഗീകാരമുള്ള സംഘടനകള്‍/ മഹല്ല് ജമാഅത്തുകള്‍ /ചര്‍ച്ച് കമ്മറ്റികള്‍ /ക്ലബുകള്‍ എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദ്ദിഷ്ടിത ഫോറത്തില്‍ നവംബര്‍ 25നകം പ്രിന്‍സിപ്പല്‍, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, പത്തനംതിട്ട എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലോ, ഓഫീസില്‍നിന്ന് നേരിട്ടോ ലഭ്യമാണ്. ഫോണ്‍: 9447 049 521, 9961 602 993.
ഗതാഗത നിയന്ത്രണം
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തേക്കുങ്കല്‍-ചിറപ്പുറം-ഇളപ്പുങ്കല്‍ റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ മാസം 18 മുതല്‍ 20 വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പി ഐയു) പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ 2022 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ എട്ടാം ക്ലാസു മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 30വരെ നീട്ടി. വാര്‍ഷിക പരീക്ഷക്ക് 50 ശതമാനം മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് അപേക്ഷിക്കാം, പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിരിക്കണം. അപേക്ഷകള്‍ ജില്ലാ ഓഫീസിലും www,kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍ : 0468 2 320 158.
ബോധവത്ക്കരണ പരിപാടി
ദക്ഷിണ നാവികസേനാ കമാന്‍ഡിന്റ് നേതൃത്വത്തില്‍, നേവിയില്‍ നിന്നും വിരമിച്ച ജില്ലയിലെ വിമുക്ത ഭടന്മാര്‍ അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി ഈ മാസം 22ന് രാവിലെ 11 മുതല്‍ ഒന്നു വരെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടത്തും. ഈ ജില്ലയിലെ ബന്ധപ്പെട്ടവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2 961 104.
കോഷന്‍ മണി കൈപ്പറ്റണം
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ 2017,2018 വര്‍ഷങ്ങളില്‍ ഡി/സിവില്‍ ട്രേഡിലും 2018, 2019 വര്‍ഷങ്ങളില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലും അഡ്മിഷന്‍ നേടി കോഴ്സ് പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ കൈപ്പറ്റാത്തവര്‍ ഈ കാര്യാലയത്തില്‍ നിന്നും ഈ മാസം 30ന് മുന്‍പ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാല്‍ അറിയിച്ചു. ഫോണ്‍ : 0468 2 259 952, 9495 382 802.
ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സര വിജയികള്‍
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാന തലത്തില്‍ യുവജനങ്ങള്‍ക്കായി കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരത്തില്‍ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥി എച്ച്. എസ് ആദര്‍ശ് ഒന്നാം സ്ഥാനവും തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ കെ.അശ്വിനി രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അഖില്‍ ഡി. വര്‍ഗ്ഗീസ് കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരകട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
നെയ്ത്ത് പരിശീലനം
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ സ്റ്റൈപ്പന്റോടുകൂടി 10 പേര്‍ക്ക് നെയ്ത്ത് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ഈ മാസം 20ന് മുമ്പായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2 362 070, 9447 249 327.
ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ ഒഴിവ്
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂള്‍ സ്പെഷ്യല്‍ ടീച്ചര്‍ തസ്തികയിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബി എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പ്ലാസി, ഓട്ടിസം)/ഡി എഡ് സ്പെഷ്യല്‍ (എം.ആര്‍, സി പി, ഓട്ടിസം, ഹിയറിംഗ് ഇംപെയര്‍മെന്റ്, വിഷ്വല്‍ ഇംപെയര്‍മെന്റ് / ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍-എം.ആര്‍ (ഡിഇസിഎസ്ഇ-എം.ആര്‍)/ ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ബേസിഡ് റീഹാബിലിറ്റേഷന്‍ /ഡിപ്ലോമ ഇന്‍ വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍/ ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഡിഎസ്ഇ). നിശ്ചിത യോഗ്യതയുളളവര്‍ കൂടിക്കാഴ്ചയ്ക്കായി യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നവംബര്‍ 24ന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2 300 223.
അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും; ആധാര്‍ സേവനം സൗജന്യം
സംസ്ഥാന വ്യാപകമായി ആഘോഷിച്ചു വരുന്ന അക്ഷയ പദ്ധതിയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ ഈ മാസം 19ന് നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി ചടങ്ങ് നടക്കുന്ന സ്ഥലത്ത് എന്റോള്‍മെന്റ് ഉള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട എല്ലാം സേവനങ്ങളും സൗജന്യമായി പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ് അറിയിച്ചു. മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷവും, അക്ഷയ കുടുംബ സംഗമവും രാവിലെ 10ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. 2002 നവംബര്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്ത് തുടക്കമിട്ട അക്ഷയ പദ്ധതി 20 വര്‍ഷം പിന്നിടുകയാണ്. വിവിധ കലാ പരിപാടികളും സംഘടിപ്പിക്കും. ജില്ലയിലെ മുതിര്‍ന്ന സംരംഭകര്‍, ഭിന്നശേഷിക്കാരായ സംരംഭകര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും.
ഹിയറിംഗ് 22ന്
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുള്‍ ഹക്കീം ഈ മാസം 22ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിംഗ് നടത്തും.
ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം 19ന്
ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍, ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കല്‍ ; ജനകീയ ചര്‍ച്ച 18ന്
പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കലുമായി ബന്ധപ്പെട്ട് കോന്നി ബ്ലോക്കുതല ജനകീയ ചര്‍ച്ച ഈ മാസം 18ന് ഉച്ചയ്ക്ക് രണ്ടിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജനപ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ ഏവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
ശില്പശാല നടത്തി
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്കായി പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്, തിരുവല്ല എം.എസ്.എം.ഇ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. അഡ്വ.മാത്യു.ടി.തോമസ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും എന്ന വിഷയത്തില്‍ പഞ്ചായത്ത് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സോമന്‍ ക്ലാസെടുത്തു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി. എന്‍ അനില്‍കുമാര്‍, മാനേജര്‍ സി.ജി മിനിമോള്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍മാരായ സ്വപ്ന ദാസ്, കെ.അനുപ് ഷിനു, പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.
സൗജന്യ മത്സരപരീക്ഷാ പരിശീലനം
ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അടൂര്‍ വൊക്കേഷന്‍ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്എസ്എല്‍ സി /പ്ലസ് ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി പരിശീലനം ആരംഭിക്കും. നവംബര്‍ 23ന് ആരംഭിക്കുന്ന സൗജന്യ മത്സരപരീക്ഷാ ക്ലാസുകള്‍ക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 21ന് മുന്‍പായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0473 4 224 810.
സെക്യൂരിറ്റി ഗാര്‍ഡ് : താല്‍ക്കാലിക നിയമനം
ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് വിമുക്തഭടന്‍മാരില്‍ നിന്നും താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റാ ഈ മാസം 21നകം കോളേജില്‍ എത്തിക്കണം. ഫോണ്‍ : 0486 2 297 617, 9495 276 791, 8547 005 084.
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ 2022ലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്‌സി ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട്-673 005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍നമ്പറും മൊബൈല്‍ നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളു. ഫോണ്‍ : 0495 2 966 577, 9188 230 577
കെട്ടിട നികുതി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷം കെട്ടിടനികുതി ഒടുക്കുവാനുള്ളവര്‍ ഡിസംബര്‍ 31ന് മുന്‍പ് പിഴപലിശ കൂടാതെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ടും https://tax.lsgkerala.gov.in/epayment/ എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ മുഖേനയും നികുതി ഒടുക്കാമെന്ന് സെക്രട്ടറി അറിയിച്ചു.