Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (18/11/2022) : Part 2

കരസേന റിക്രൂട്ട്‌മെന്റ് റാലി: ഒരുക്കങ്ങള്‍ പൂര്‍ണം

ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഇന്ന് (നവംബര്‍ 17) ആരംഭിക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ണം. രാവിലെ 6.30ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ റിക്രൂട്ട്‌മെന്റ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ ഭരണകൂടവും മറ്റ് വകുപ്പുകളും റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പിന് സജ്ജമാണെന്ന് അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉദ്യോഗാര്‍ഥികള്‍ക്ക് വൈദ്യസഹായത്തിനായി ഡോക്ടറുടെ സേവനം, കുടിവെള്ളം, താമസം, ബയോടോയ്‌ലറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കി. ഗതാഗതനിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. രാവിലെ നാലു മണി മുതല്‍ പ്രവേശനം അനുവദിക്കും. ആദ്യദിനവും രണ്ടാം ദിനവും 2000 പേര്‍ക്ക് വീതമാണ് കായികക്ഷമത-മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറിയിപ്പ് നല്‍കിയതനുസരിച്ച് പ്രവേശനം നല്‍കും. 37,000 പേരാണ് റിക്രൂട്ട്‌മെന്റ് റാലിക്ക് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരിശോധനകള്‍ വിലയിരുത്താന്‍ കലക്ടര്‍ക്കൊപ്പം എ. ഡി. എം. ആര്‍. ബീനാറാണി, ഹുസൂര്‍ ശിരസ്തദാര്‍ ബി. പി. അനി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

 

പ്രസംഗമത്സര വിജയികള്‍

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കൊട്ടാരക്കര സ്വദേശിയും തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥിയുമായ എച്ച്. എസ് ആദര്‍ശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കണ്ണൂര്‍ സ്വദേശിനിയും തലശ്ശേരി സര്‍ക്കാര്‍ ബ്രണ്ണന്‍ കോളജിലെ വിദ്യാര്‍ഥിനിയായ കെ. അശ്വിനി രണ്ടാം സ്ഥാനവും ആലപ്പുഴ സ്വദേശിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയുമായ അഖില്‍ ഡി. വര്‍ഗീസ് മൂന്നാം സ്ഥാനവും നേടി.

വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

 

ഹിന്ദി അധ്യാപക പരിശീലനം

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന്റെ 2022-24 അടൂര്‍ സെന്ററില്‍ ഒഴിവുള്ള ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.

17 വയസിനും 35 നുമിടയിലാണ് പ്രായപരിധി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. നവംബര്‍ 19ന് മുമ്പ് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0473 4296496, 8547126028.

 

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്

കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും കുടിശ്ശിക ഒഴിവാക്കി ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് നടത്തും. ലിഫ്റ്റ് ഒന്നിന് 3310 രൂപയാണ് ഈടാക്കുക. അപേക്ഷ 2023 ഫെബ്രുവരി ഒമ്പത് വരെ സമര്‍പ്പിക്കാം. തുക 0043-102-99 ശീര്‍ഷകത്തില്‍ ട്രഷറിയിലോ ജനസേവനകേന്ദ്രത്തിലോ അടച്ച് അസല്‍ ചെലാന്‍/രസീത്, പുതുക്കിയ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ഹാജരാക്കണം. ഫോണ്‍: 0474 2953700.

 

ടെന്‍ഡര്‍ ക്ഷണിച്ചു

മുഖത്തല ശിശുവികസന പദ്ധതി ഓഫീസില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ രണ്ട് ഉച്ചയ്ക്ക് രണ്ടു വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2504411, 8281999106.

 

ലഹരിക്കെതിരെ ‘കരുതല്‍’ പ്രകാശനം ചെയ്തു

ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഭൂതക്കുളം സര്‍ക്കാര്‍ എച്ച്.എസ്.എസ് തയ്യാറാക്കിയ ‘കരുതല്‍’ ഹ്രസ്വചിത്രം ജി.എസ് ജയലാല്‍ എം.എല്‍.എ പ്രകാശനം ചെയ്തു.

ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ഭൂതക്കുളം എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് തയ്യാറാക്കിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ഹരിദേവും ആദിത്യനുമാണ് പ്രധാന വേഷങ്ങളില്‍. അധ്യാപകനായ അനില്‍ ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ക്യാമറ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ എ.ആര്‍.യദുനന്ദനാണ്. അധ്യാപകനായ വി.കെ മനുവാണ് ചിത്രസംയോജനം. ആര്‍. ആര്‍ രജിത, ധന്യ ആര്‍. നായര്‍, എന്‍. നിഹാസ് തുടങ്ങിയ അദ്ധ്യാപകരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

പി.ടി.എ പ്രസിഡന്റ് ആര്‍.ബൈജു, പ്രധാന അധ്യാപിക കെ. ജെ സുജാദേവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ചെറുസംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വായ്പയും സബ്‌സിഡിയും ലഭിക്കും. പദ്ധതിതുകയുടെ 35 ശതമാനം പരമാവധി 10 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയില്‍ ബാക്കി തുക സ്വന്തം വിഹിതവും ബാങ്ക് വായ്പയുമാണ്. വ്യക്തിഗത യൂണിറ്റുകള്‍ക്ക് പുറമേ പാര്‍ട്ണര്‍ഷിപ്പ്, സ്വയം സഹായ-സഹകരണ സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയ്ക്കും പദ്ധതി ആനുകൂല്യം ലഭിക്കും. സംരംഭങ്ങള്‍ക്ക് അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്ന് ശതമാനം പലിശയിളവും ലഭിക്കും. വിവരങ്ങള്‍ ആശ്രാമത്തുള്ള ജില്ല വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 0474-2748395.

 

നീര്‍ത്തടങ്ങളെ ഭൂപടത്തിലേക്കാക്കി പഞ്ചായത്തുകള്‍

പശ്ചിമഘട്ടമേഖലയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ നീര്‍ത്തടങ്ങളുടെ വിവരങ്ങള്‍ ഭൂപടത്തിലേക്കാക്കുന്ന പദ്ധതിയുടെ ഭാഗമായി തെ•ല, ഏരൂര്‍, അലയമണ്‍ ഗ്രാമപഞ്ചായത്തുകളില്‍ ഭൂപടചിത്രീകരണം പൂര്‍ത്തിയായി. കിഴക്കന്‍ മേഖലയിലെ ഏഴ് പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കുളത്തൂപ്പുഴ, ആര്യങ്കാവ്, ചിതറ, പിറവന്തൂര്‍ പഞ്ചായത്തുകളില്‍ വരും ദിവസങ്ങളില്‍ ഭൂപടചിത്രീകരണം നടത്തുമെന്ന് ഹരിത കേരളം മിഷന്‍ റിസോഴ്‌സ്‌പേഴ്‌സണ്‍ സ്മിത പറഞ്ഞു.

പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളിലെയും മുഴുവന്‍ നീര്‍ച്ചാലുകളും കണ്ടെത്തി ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കുകയാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനകീയപങ്കാളിത്തത്തോടെ നീര്‍ച്ചാല്‍വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകാതെ ദുരന്തപ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ലക്ഷ്യമാക്കുന്നു. നീര്‍ത്തടങ്ങള്‍ വീണ്ടെടുക്കുന്നതിനൊപ്പം പശ്ചിമഘട്ടമേഖലകളിലെ ജനജീവിതം സുരക്ഷിതമാക്കാനും പദ്ധതി സഹായകമാകും. നവകേരളം കര്‍മ്മ പദ്ധതിയുടെ ഏകോപനത്തില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ഐ.ടി മിഷന്റെയും സഹകരണത്തോടെയാണ് സംസ്ഥാനത്ത് 230 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. മാപ്പത്തണ്‍ ആപ്ലിക്കേഷനാണ് ഇതിന് ഉപയോഗിക്കുന്നത്.

 

സംഘാടകസമിതി യോഗം

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ കേരളോത്സവം-2022ന്റെ സംഘാടകസമിതി യോഗം നാളെ (നവംബര്‍ 18) രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള അധ്യക്ഷനാകും.

 

ഇ-ലേലം

കൊല്ലം സിറ്റി പോലീസ് മേധാവിയുടെ അധീനതയിലുള്ള അഞ്ചാലുംമൂട്, ചാത്തന്നൂര്‍, ചവറ, ഇരവിപുരം, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ്, വെസ്റ്റ്, കൊട്ടിയം, ഓച്ചിറ, പരവൂര്‍, പാരിപ്പള്ളി, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്ത 122 വാഹനങ്ങള്‍ www.mstcecommerce.com മുഖേന നവംബര്‍ 25ന് രാവിലെ 11 മുതല്‍ 03: 30 വരെ ഓണ്‍ലൈന്‍ ലേലം നടത്തും.

 

ലക്ചറര്‍ നിയമനം

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഫിസിക്‌സ് ലക്ചറര്‍ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ നവംബര്‍ 21ന് രാവിലെ 10ന് സര്‍ട്ടിഫിക്കറ്റുകളുമായി പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.ഫോണ്‍: 0474 2484068

 

‘ഹരിതവിദ്യാലയം’ ജില്ലയിലെ 10 സ്‌കൂളുകള്‍ പ്രാഥമിക പട്ടികയില്‍

കൈറ്റ് – വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് ജില്ലയില്‍ നിന്നും 10 സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളിലെ നേരിട്ടുള്ള പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക നിശ്ചയിക്കും.

മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. ഫൈനല്‍ റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്‌കൂ ളുകള്ക്ക് 15000/ രൂപ വീതം ലഭിക്കും.

ജില്ലയില്‍ തെരഞ്ഞെടുത്ത സ്‌കൂളുകള്‍: അയണിവേലികുളങ്ങര ജെ.എഫ്.കെ.എം.വി.എച്ച്.എസ്.എസ്, വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസ് , കടയ്ക്കല്‍ ജി.എച്ച്.എസ്.എസ്, അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസ്,, അയ്യന്‍കോയിക്കല്‍ ജി.എച്ച്.എസ്.എസ്, വയല എന്‍.വി.യൂ.പി.എസ്, തൊളിക്കോട് എല്‍.പി.എസ്, ചിതറ ജി.എല്‍.പി.എസ്, പന്‍മനമനയില്‍ ജി.എല്‍.പി.എസ്,, ഇരവിപുരം ജി.എല്‍.പി.എസ്.

 

കോടതികളുടെ പശ്ചാത്തലസൗകര്യ വികസനം നടത്തും – മന്ത്രി കെ. എന്‍. ബാലഗോപാല്‍

കേരളത്തിലെ കോടതികളുടെ പശ്ചാത്തലസൗകര്യ വികസനം പരിമിതികള്‍ മറികടന്നും സുഗമമായി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയില്‍ പുതുതായി അനുവദിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആല്‍ത്തറമൂട് ജംക്ഷനിലെ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിന്യായ നിര്‍വഹണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പുതുതായി 27 ജില്ലാ കോടതികള്‍ അനുവദിച്ചു. ആകെ എണ്ണം 56 ആയി ഉയര്‍ന്നു.

കോടതി വ്യവഹാരവും കേസുകളുടെ അതിവേഗ തീര്‍പ്പാക്കലും ഉറപ്പാക്കാനായി ഫാസ്റ്റ് ട്രാക്ക് കോടതികളും അനുവദിക്കുകയാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. ഇവയൊക്കെ തീര്‍പ്പാക്കാന്‍ കൂടുതല്‍ കോടതികള്‍ വേണം. ഈ യാഥാര്‍ത്ഥ്യം മുന്നില്‍ക്കണ്ടാണ് സാമ്പത്തികഭാരം ഏറ്റെടുത്തും നിര്‍മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നത്. കൊല്ലം കോടതി സമുച്ചയവും യാഥാര്‍ത്ഥ്യമാകും. ഉയര്‍ന്ന നിര്‍മാണച്ചിലവ് നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കുന്നത്. ചെന്നൈ ഐ.ഐ.ടിയില്‍ നിന്നുള്ള സാങ്കേതിക സഹായം കൂടി തേടുകയാണ്. അതു പോലെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റൈപന്‍ഡ് നല്‍കുന്ന വിഷയത്തിലും പിന്തുണ നല്‍കാനാണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിന്‍സിപ്പല്‍ ഡിസട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എം. ബി. സ്‌നേഹലത അധ്യക്ഷയായി. മേയര്‍ പ്രസന്ന ഏണസ്റ്റ്, അഡീഷനല്‍ ജില്ലാ ജഡ്ജി പി. മായാദേവി, സി. ജെ. എം എസ്. രമേഷ് കുമാര്‍, ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഉദയകുമാര്‍, ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ ഇ. ഷാനവാസ്ഖാന്‍, പി. സജീവ് ബാബു, സര്‍ക്കാര്‍ പ്ലീഡര്‍ സേതുനാഥന്‍ പിള്ള, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ഓച്ചിറ എന്‍. അനില്‍ കുമാര്‍, എ. കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

‘റേഡിയോ പ്രക്ഷേപണവും മലയാളഭാഷയും’ – വേറിട്ട സംവാദസദസ്സ്

റേഡിയോ പ്രക്ഷേപണ കാലഘട്ടങ്ങളെ അടയാളപ്പെടുത്തി വേറിട്ടൊരു സംവാദസദസ്സ്. ആകാശവാണി മുതല്‍ പുതിയകാലത്തിന്റെ എഫ്. എം. സ്റ്റേഷനുകള്‍ വരെ നീളുന്ന വൈവിദ്ധ്യം അനുഭവവേദ്യമാക്കിയായിരുന്നു പരിപാടി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലയാളം മിഷന്റെയും കൊല്ലം എസ്. എന്‍. വനിത കോളജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ‘റേഡിയോ പ്രക്ഷേപണവും മലയാളഭാഷയും’ മലയാള മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.

‘കനല്‍പൊട്ടില്‍’ തുടങ്ങി ‘കണ്ണട’യിലേക്ക് പടര്‍ന്ന മുരുകന്‍ കാട്ടാക്കടയുടെ കാവ്യഅവതരണം ശബ്ദവിന്യാസത്തിന്റെയും മലയാളഭാഷ ഉപയോഗത്തിന്റെയും നെല്ലും പതിരുമാണ് തിരഞ്ഞത്. മലയാളികളുടെ ശ്രവ്യസാംസ്‌കാരിക വളര്‍ച്ചയില്‍ മുഖ്യപങ്ക് ആകാശവാണിക്കാണെന്ന് കവി പറഞ്ഞു.

ഇന്റര്‍നെറ്റ് റേഡിയോകളുടെ ജനപ്രിയത വര്‍ധിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ‘റേഡിയോ മലയാളം’ അവതരിപ്പിക്കുകയായിരുന്നു. നല്ലമലയാളവും മലയാള സാഹിത്യശകലങ്ങളും ഇതുവഴിയാണ് ലോകത്തിന് പരിചയപ്പെടുത്തുന്നത്. ഭാഷയുടെ പ്രാധാന്യം നിലനിറുത്താനായി സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

അപൂര്‍വ അനുഭവമാണ് സംവാദസദസ്സ് പകര്‍ന്നതെന്ന് ആകാശവാണി മുന്‍ വാര്‍ത്ത അവതാരകന്‍ എം. രാമചന്ദ്രന്‍ പറഞ്ഞു. കാലഘട്ടങ്ങള്‍ക്ക് അനുസരിച്ച് ഭാഷയ്ക്ക് മാറ്റം ഉണ്ടാകണമെന്നും വാര്‍ത്ത അവതാരകര്‍ എല്ലാ മലയാള വാക്കുകളും ഉപയോഗിക്കുന്നില്ലന്നും ആകാശവാണി മുന്‍ വാര്‍ത്ത അവതാരക സുഷമ. വാര്‍ത്ത വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും വിശദീകരിച്ചു.

പഴയ-പുതിയ കാലഘട്ടങ്ങളിലെ റേഡിയോ അവതരണരീതികളും ചര്‍ച്ച ചെയ്തു. സ്വകാര്യ റേഡിയോ ചാനലുകള്‍ മലയാളഭാഷയ്‌ക്കൊപ്പം മറ്റു ഭാഷകളും ഇടകലര്‍ത്തി ഉപയോഗിക്കുന്നതിന് നല്‍കുന്ന സ്വാതന്ത്ര്യം പരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായകരമാണെന്നും റേഡിയോയിലൂടെ പൊതുജീവിതത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നുണ്ടെന്നും റെഡ് എഫ്. എം. ജോക്കി ജെ. ചിഞ്ചു പറഞ്ഞു. ഹൃദയത്തില്‍ നിന്ന് സംസാരിക്കുമ്പോള്‍ ഭാഷ പ്രശ്‌നമല്ലന്ന് ക്ലബ് എഫ്. എം അവതാരകന്‍ ജെ. വൈശാഖ് പറഞ്ഞു.

വാര്‍ത്താവതരണരീതിയിലൂടെ ആകാശവാണി വാക്കുകള്‍ക്കും വായനയ്ക്കും നല്‍കുന്ന പ്രചോദനം ശ്രദ്ധേയമാണെന്ന് മോഡറേറ്ററും ഇന്‍ഫര്‍മേഷന്‍സ്-പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ സലിന്‍ മാങ്കുഴി പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി രാമചന്ദ്രനെയും സുഷമയും പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. മറ്റ് വിശിഷ്ടാതിഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.എസ്. എന്‍. വനിതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. സുനില്‍കുമാര്‍ അധ്യക്ഷനായി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നാഫി മുഹമ്മദ്, എസ്. എന്‍. വനിതാ കോളേജ് അധ്യാപിക ഡോ. ഡി. ആര്‍. വിദ്യ, റേഡിയോ മലയാളം മേധാവി ജേക്കബ് ഇബ്രാഹിം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍….വാര്‍ത്തകള്‍ കഴിഞ്ഞു-സുഷമ

ഒരു കാലഘത്തിന്റെ റേഡിയോ ശബ്ദവീചികള്‍ക്ക് ശ്രീനാരായണ വനിതാ കോളജില്‍ പുനര്‍ജനി. എം. രാമചന്ദ്രന്‍, സുഷമ എന്നീ ആകാശവാണി വാര്‍ത്താ അവതാരകര്‍ സ്വരസംക്രമത്തിന്റെ പോയകാലം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കിയപ്പോള്‍ നിറഞ്ഞ കയ്യടിയും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റേഡിയോ പ്രക്ഷേപണവും മലയാളഭാഷയും സംവാദത്തിലായിരുന്നു ഇരുവരും വാര്‍ത്ത അവതരിപ്പിച്ച് ഗൃഹാതുരത പകര്‍ന്നത്.

വാര്‍ത്തകള്‍ വായിക്കുന്നതിനിടയിലെ മൗനത്തിന്റെ ഇടവേളകള്‍ക്ക് വ്യത്യസ്ത മാനങ്ങളുണ്ടെന്ന് ഉദാഹരണസഹിതം അവതരിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മരണം മലയാളികളിലേക്കെത്തിച്ച ഓര്‍മ എം. രാമചന്ദ്രന്‍ പങ്കിട്ടു. തിരഞ്ഞെടുപ്പ്ഫലപ്രഖ്യാപനത്തിലെ ചെറുമൗനങ്ങളുടെ ഇടവേളകള്‍ക്ക് ഉദ്വേഗം ജനിപ്പിക്കാനായെന്നും ഓര്‍ത്തെടുത്തു.

ഡല്‍ഹിയിലെ വാര്‍ത്താവായനയുടെ ചതുരവടിവ് മടുപ്പിക്കുമായിരുന്നുവെന്ന് സുഷമയുടെ തുറന്നുപറച്ചില്‍. യുവവാണിയുടെ ആവേശകാലവും മലയാളിത്തമുള്ള പരിപാടികളുടെ അവതരണവുമെല്ലാം സദസ്സിന് കൗതുകപൂര്‍വം പകര്‍ന്ന് നല്‍കി സുഷമ.

 

‘ബാലനിധിയുടെ’ പുതിയ ക്യു. ആര്‍ കോഡിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 18)

വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ബാലനിധി ധനസമാഹരണ പദ്ധതിയുടെ ക്യു. ആര്‍. കോഡിന്റെ പുനരവതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 18) ഉച്ചയ്ക്ക് രണ്ടുമണിക്ക് വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. വനിതാ -ശിശുവികസന വകുപ്പിന്റെ ‘കുഞ്ഞാപ്പ്’ മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ചുള്ള അവബോധവും ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ സന്ദേശവും ചടങ്ങില്‍ നല്‍കും.

 

ജില്ലാ ആസൂത്രണ സമിതി 82 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ 55 തദ്ദേശസ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്.

‘ദി സിറ്റിസണ്‍’ ക്യാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം. ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍ പഞ്ചായത്തുകളില്‍ നേരിട്ടെത്തി ക്യാമ്പയിന്റെ പുരോഗതി വിലയിരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കുന്ന ‘ജീവനം’ പദ്ധതിക്ക് എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മതിയായ ഫണ്ട് വകയിരുത്തണം. എ. ബി. സി പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ ഭൗതികസാഹചര്യം ഒരുക്കുന്നതിനനുസരിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നിന്നുമുള്ള സേവനങ്ങള്‍ ലഭ്യമാക്കണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ബ്ലോക്ക്തല അവലോകനയോഗം ഡിസംബര്‍ മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

65 ഗ്രാമപഞ്ചായത്തുകളുടെയും 11 ബ്ലോക്കുകളുടെയും നാല് മുന്‍സിപ്പാലിറ്റികളുടെയും കോര്‍പ്പറേഷന്റെയും പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. നവകേരളം തദ്ദേശകം 2.0യുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ഡി. പി. സി അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കേരള മീഡിയ അക്കാദമിയില്‍ വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയില്‍ ആറുമാസം ദൈര്‍ഘ്യമുള്ള വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് നവംബര്‍ 25 വരെ keralamediaacademy.org വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 30 പേര്‍ക്കാണ് പ്രവേശനം. 30,000 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്ലസ്.ടുവാണ് വിദ്യാഭ്യാസ യോഗ്യത.

അപേക്ഷാഫീസ് -300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ). ഇ-ട്രാന്‍സ്ഫര്‍/ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഫോണ്‍: 0484 2422275, 9447607073.

 

ആര്‍മി റിക്രൂട്ട്മെന്റ് റാലിക്ക് തുടക്കം

ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തില്‍ തെക്കന്‍ ജില്ലകളിലേക്ക് നടത്തുന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിക്ക് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ തുടക്കം. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. ആത്മവിശ്വാസത്തോടെ രാജ്യത്തെ നയിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ആശംസകള്‍ നേര്‍ന്നു.

ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്തവരാണ് റാലിയില്‍ പങ്കെടുക്കുന്നത്. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ക്ലര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍- ടെക്നിക്കല്‍, ട്രേഡ്സ്മെന്‍, നഴ്സിംഗ് അസിസ്റ്റന്റ്, മത അധ്യാപകര്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് അഗ്‌നിവീര്‍ റാലി. ആദ്യദിനം എത്തിയ 1707 ഉദ്യോഗാര്‍ഥികളില്‍ 904 പേര്‍ ഒന്നാംഘട്ടമായ കായികക്ഷമത പരിശോധനയ്ക്ക് യോഗ്യത നേടി. ഇതില്‍ 151 പേരാണ് കായിക ക്ഷമത വിജയിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് അര്‍ഹരായത്. ഉദ്യോഗാര്‍ഥികള്‍ക്ക് റാലിയില്‍ പങ്കെടുക്കാന്‍ നിശ്ചിത ദിവസം അനുവദിച്ചിട്ടുണ്ട്. കായിക ക്ഷമത, വൈദ്യപരിശോധന എന്നിവ വിജയിക്കുന്നവര്‍ക്ക് പിന്നീട് എഴുത്തു പരീക്ഷ നടത്തും.

ആര്‍മിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘവും റിക്രൂട്ട്മെന്റിന്റെ ഭാഗമായി ക്യാമ്പ് ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കി. റാലി നവംബര്‍ 29ന് സമാപിക്കും.

error: Content is protected !!