എലിക്കാട്ടൂര്‍ നാല് സെന്റ് കോളനി ഇനി അംബേദ്കര്‍ ഗ്രാമം ഒരു കോടി രൂപയുടെ ഭരണാനുമതി
പത്തനാപുരം നിയോജക മണ്ഡലത്തില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ എലിക്കാട്ടൂര്‍ വാര്‍ഡിലെ നാലു സെന്റ് കോളനി ഇനി അംബേദ്കര്‍ ഗ്രാമമാകും. കോളനിയുടെ സമഗ്രവികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പട്ടികജാതിവികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ എലിക്കാട്ടൂരില്‍ യോഗം ചേര്‍ന്നു.
റോഡുകള്‍, കുടിവെള്ളസൗകര്യങ്ങള്‍, മാലിന്യസംസ്‌കരണം, വീട് അറ്റകുറ്റപ്പണി എന്നിവ കാലാനുസൃതമായി നവീകരിക്കും. കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി, സംസ്‌ക്കാരികനിലയം, കളിസ്ഥലം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന കോളനികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ളപദ്ധതികളാണ് ആവിഷ്‌ക്കരിക്കുന്നത്.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ജയന്‍, വൈസ് പ്രസിഡന്റ് ഡി.മഞ്ജു, ജില്ലാ പഞ്ചായത്ത് അംഗം പി. അനന്തു, പട്ടികജാതി വികസന ഓഫീസര്‍ സി. എന്‍ പൊന്നമ്മ, കോളനി നിവാസികള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി നഗരസഭയില്‍ മാലിന്യനിര്‍മാര്‍ജനം ഇനി ഹരിതമിത്രം ഹൈടെക് ആപ്പിലൂടെ
കരുനാഗപ്പള്ളി നഗരസഭയിലെ മാലിന്യശേഖരണം ഇനി സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം അഥവാ ഹരിതമിത്രം ആപ്പിലൂടെ. വീടുകളില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ക്യു.ആര്‍ കോഡ് പതിപ്പിച്ച് വിവരശേഖരണം നടത്തി ഒന്നാമത് എത്തിയതിന്റെ പ്രഖ്യാപനവും പ്രവര്‍ത്തനോദ്ഘാടനവും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ നഗരസഭാ അങ്കണത്തില്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ കോട്ടയില്‍ രാജു അധ്യക്ഷനായി.
ശുചിത്വമിഷന്‍, കില, കെല്‍ട്രോണ്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന നൂതന സാങ്കേതികവിദ്യയിലൂടെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകും. നഗരസഭാ പരിധിയിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മൊബൈല്‍ സംവിധാനം സജ്ജമാക്കി. പ്രത്യേക പരിശീലനം ലഭിച്ച ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നത് വഴി വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായി വിലയിരുത്താനാകും.
വൈസ് ചെയര്‍പേഴ്സണ്‍ എ. സുനിമോള്‍, സെക്രട്ടറി എ. ഫൈസല്‍, നവകേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍, നഗരസഭാ സ്ഥിരംസമിതി അംഗങ്ങള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡുകള്‍ തുറന്നു
ഡോ. ശിവരാമകൃഷ്ണ പിള്ള ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നവീകരിച്ച ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡുകള്‍ അദ്ദേഹത്തിന്റെ ഭാര്യ എല്‍. രാധികാ ദേവി, മക്കളായ ഡോ. എസ് ഉണ്ണികൃഷ്ണന്‍, ഡോ. ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് തുറന്നു കൊടുത്തു. ആശുപത്രിയില്‍ ചീഫ് സര്‍ജനായി സേവനമനുഷ്ഠിച്ച ശിവരാമകൃഷ്ണപിള്ളയുടെ സ്മരണാര്‍ഥം 35 ലക്ഷം രൂപ ചെലവഴിച്ചാണ് 60 കിടക്കകളുള്ള പുരുഷ•ാരുടെയും 30 കിടക്കുകളുള്ള സ്ത്രീകളുടെയും വാര്‍ഡുകള്‍ നവീകരിച്ചത്. ആശുപത്രി മാനേജ്മെന്റ് സമിതിയും സ്റ്റാഫ് കൗണ്‍സില്‍ ജീവനക്കാരും കുടുംബാംങ്ങളെ ആദരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് അധ്യക്ഷനായി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ, നഴ്സിംഗ് സൂപ്രണ്ട് തങ്കമണി, ഡോ. ജയചന്ദ്രന്‍, ഡോ. ജോണ്‍ സക്കറിയ, ഡോ. കരുണാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വീഡിയോ കവറേജ്; ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവപരിപാടികള്‍ വീഡിയോ കവറേജ് ചെയ്ത് ഹാര്‍ഡ് ഡിസ്‌ക്കിലാക്കി നല്‍കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ രണ്ടുവരെ അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ച് സമീപ സ്‌കൂളുകളിലെ 12 വേദികളിലാണ് കലോത്സവം. നവംബര്‍ 25 ന് രാവിലെ 10.30 വരെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0474-2792957.
താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം സൈനിക, അര്‍ദ്ധസൈനിക, പോലീസ്, സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് രണ്ടുമാസത്തെ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് പ്രവൃത്തിപരിചയമുള്ളതും മുന്‍വര്‍ഷങ്ങളില്‍ മികച്ചനേട്ടം കൈവരിച്ചതുമായ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സാമ്പത്തിക വിശകലനം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ താല്‍പര്യപത്രം നവംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794996.
വണ്‍ ടൈം വെരിഫിക്കേഷന്‍
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക്- നേരിട്ടുള്ള നിയമനം (കാറ്റഗറി നമ്പര്‍-103/2019), തസ്തികമാറ്റം വഴിയുള്ള നിയമനം (കാറ്റഗറി നമ്പര്‍-104/2019) എന്നിവയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ നവംബര്‍ 21, 22 തീയതികളില്‍ ആണ്ടാമുക്കത്തുള്ള പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ജനനതീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രൊഫൈല്‍ സന്ദേശം മുഖേന അറിയിച്ച ദിവസം ഓഫീസില്‍ ഹാജരാകണം.
അപേക്ഷാ തീയതി നീട്ടി
കേരള മോട്ടര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2022-23 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. ഫോണ്‍: 0474 2749334.
റാങ്ക്പട്ടിക റദ്ദാക്കി
വിദ്യാഭ്യാസ വകുപ്പില്‍ മുഴുവന്‍സമയ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ് (കാറ്റഗറി നമ്പര്‍ 180/2020) തസ്തികയുടെ റാങ്ക്പട്ടിക റദ്ദാക്കി.
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
ജില്ലാ ആശുപത്രിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് നവംബര്‍ 24 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത : എം.ബി.ബി.എസ്, ഡി.പി.എം/എം.ഡി./ഡി.എന്‍.ബി (സൈക്യാട്രി). അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 0474 2795017.
കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര: ബുക്കിംഗ് ആരംഭിച്ചു
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്ന് ഉല്ലാസയാത്ര. നവംബര്‍ 20 രാവിലെ 6.30ന് കുമരകത്തേക്കാണ് ആദ്യയാത്ര. യാത്രക്കൂലി ,ഭക്ഷണം,ഹൗസ്‌ബോട്ട് സഞ്ചാരം ഉള്‍പ്പെടെ 1450 രൂപയാകും. രാവിലെ ഏഴിന് റോസ്മല, പാലരുവി, തെ•ല എന്നിവിടങ്ങളിലേക്കും ഡിപ്പോയില്‍ നിന്ന് കാനനയാത്ര പുറപ്പെടും. പ്രവേശന ഫീസ് ഉള്‍പ്പടെ 750 രൂപയാണ് നിരക്ക്. ബുക്കിംഗിനായി-9447721659,9496675635, 8921950903.
കുട്ടികളുടെ അവകാശ സംരക്ഷണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം: മന്ത്രി ജെ. ചിഞ്ചുറാണി
കുട്ടികളുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും പൊതുജനപങ്കാളിത്തം അനിവാര്യമാണെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ശിശുദിന -ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ബാലനിധി ധനസമാഹരണം ക്യു. ആര്‍ കോഡ്, ‘കുഞ്ഞാപ്പ്’ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രചാരണം എന്നിവയുടെ ജില്ലാതല ഉദ്ഘാടനം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംരക്ഷണവും കരുതലും ആവശ്യമായ കുട്ടികള്‍ക്ക് ക്ഷേമം, സുരക്ഷിതമായ ബാല്യം, പുനരധിവാസം, ഉത്തമ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കാലാനുസൃത മാറ്റത്തോടെ മികച്ച സാഹചര്യങ്ങള്‍ തുടങ്ങിയവ ഒരുക്കി മുഖ്യധാരയില്‍ എത്തിക്കും. ഇതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ പൂര്‍ണ്ണമായും ബാലസൗഹൃദ സംസ്ഥാനമെന്നതാണ് ബാലനിധി പദ്ധതിയുടെ ലക്ഷ്യം. സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന ബാലനിധി ക്യാമ്പയിനില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നത് കൂടുതല്‍ കരുത്താകുമെന്നും മന്ത്രി പറഞ്ഞു. ബാലനിധി ക്യു.ആര്‍ കോഡ് വഴി സംഭാവനകള്‍ നല്‍കാം.
എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എ.കെ ജംല റാണി, കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ആശാ ദാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ.തങ്കമണി, വിമലഹൃദയ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയി സെബാസ്റ്റ്യന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരണ്യകം ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ്
ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യകേരളവും സംയുക്തമായി സംഘടിപ്പിക്കുന്ന ആരണ്യകം ദ്വിദിന ട്രൈബല്‍ മെഡിക്കല്‍ ക്യാമ്പ് തെ•ല ഹെറിറ്റേജ് ഓഡിറ്റോറിയത്തില്‍ ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രമണി അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് വിഷയവതരണം നടത്തി. ക്യാമ്പിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ ആരോഗ്യ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
തദ്ദേശ സ്ഥാപന പ്രതിനിധികളായ ലേഖ ഗോപാലകൃഷ്ണന്‍, ബിനിത ബിനു, ജയരാജ് എസ്, ജസീന്ത റോയ്, മാമ്പഴത്തറ സലീം, ശാന്തകുമാരി ടി, ഡെപ്യൂട്ടി ഡി.എ.ംഒ.മാരായ ഡോ. സാജന്‍ മാത്യൂസ്, ഡോ. വി.അജിത, ജില്ലാ ട്രൈബല്‍ ഓഫീസര്‍ സജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ആര്‍ അരുണ്‍കുമാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
കുളത്തൂപ്പുഴ (വില്ലുമല), തെ•ല (ഉറുകുന്ന്, കുറവന്‍ താവളം), അച്ചന്‍കോവില്‍, ആര്യന്‍കാവ് എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമായി ഇന്ന് (നവംബര്‍ 19) മെഡിക്കല്‍ ക്യാമ്പ് നടത്തും. ഗൈനക്കോളജി, ശിശുരോഗ, നേത്രരോഗ, ദന്തരോഗ വിഭാഗങ്ങള്‍, ജീവിതശൈലി രോഗ നിര്‍ണയം, ശ്വാസകോശ, നെഞ്ച്, ത്വഗ്‌രോഗ നിര്‍ണയങ്ങള്‍, ജന്തുജന്യ പ്രാണിജന്യ രോഗപരിശോധനകള്‍, പകര്‍ച്ചവ്യാധിരോഗ നിര്‍ണയം, പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.
ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഇന്ന് (നവംബര്‍ 19) മുതല്‍ വള്ളംകളി അവലോകനയോഗം ചേര്‍ന്നു
നവംബര്‍ 26ന് നടത്തുന്ന പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തില്‍ ചെറുവള്ളങ്ങള്‍ക്ക് നവംബര്‍ 19ന് രാവിലെ 11 മണി മുതല്‍ നവംബര്‍ 23 വൈകിട്ട് മൂന്ന് വരെ രജീസ്‌ട്രേഷന്‍ നടത്താം. സി.ബി.എല്‍ ഫൈനല്‍, പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വെപ്പ് എ, വെപ്പ് ബി, ഇരുട്ടുകുത്തി എ, ഇരുട്ടുകുത്തി ബി, തെക്കനോടി വനിതാ വിഭാഗങ്ങളിലെ വള്ളങ്ങളെയാണ് മത്സരിപ്പിക്കുന്നത്. ഓരോ വിഭാഗത്തില്‍ നിന്നും രജിസ്‌ട്രേഷന്‍ മുന്‍ഗണനാ ക്രമത്തില്‍ മൂന്ന് വളളങ്ങള്‍ക്ക് പങ്കെടുക്കാം. വള്ളങ്ങളുടെ രജിസ്‌ട്രേഷനായി 200 രൂപയുടെ മുദ്രപത്രം, തിരിച്ചറിയല്‍ രേഖ, ക്യാപ്റ്റന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നല്‍കണം. രജിസ്‌ട്രേഷന് കൊല്ലം ഡിറ്റിപിസി ഓഫീസിന് സമീപമുള്ള ഡിറ്റിപിസി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷന്‍ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടാം.
സി.ബി.എല്‍ ഫൈനല്‍, പ്രസിഡന്‍സ് ട്രോഫി മത്സരങ്ങളുടെ ഭാഗമായി വനിതകള്‍ നയിക്കുന്ന മൂന്ന് ചെറുവള്ളങ്ങള്‍ ഉള്‍പ്പെടെ 15 വള്ളങ്ങളുടെ മത്സരങ്ങള്‍ നടത്തും. വിവിധ സബ് കമ്മിറ്റികള്‍ അടിയന്തരമായി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.
ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം ടൂറിസം വകുപ്പില്‍ നിന്നും 25 ലക്ഷം രൂപ പ്രസിഡന്‍സ് ട്രോഫി വള്ളംകളിക്കായി അനുവദിച്ചിട്ടുണ്ട്. നവംബര്‍ 22 മുതല്‍ 25 വരെ പ്രചരണാര്‍ത്ഥം ജില്ലയില്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ നടത്തും. എം.പി, എം.എല്‍.എ, ജില്ലാ കളക്ടര്‍, പ്രസ് ക്ലബ് ടീമുകളുടെ സെവന്‍സ് ഫുട്ബോളും, കളക്ടര്‍, മേയര്‍ ടീമുകളുടെ വടംവലി മത്സരവും, കരുനാഗപ്പള്ളി മുതല്‍ കൊല്ലം വരെ മിനി മാരത്തോണ്‍ മത്സരവും, വാട്ടര്‍ സ്പോര്‍ട്സ്, വിളംബര ജാഥകള്‍ തുടങ്ങിവയും വള്ളംകളിയോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ചു.
സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 20) വൈകിട്ട് നാലിന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.
എം.എല്‍.എമാരായ എം.മുകേഷ്, എം. നൗഷാദ്, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, എ.ഡി.എം ആര്‍.ബീനാറാണി, ഡി.ടി.പി.സി സെക്രട്ടറി രമ്യ ആര്‍ കുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘സ്‌കഫോള്‍ഡ് 2022’ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 19)
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തുകളുടെ സഹായത്താല്‍ സമഗ്ര ശിക്ഷ കേരളയിലൂടെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠനമികവ് പുലര്‍ത്തുന്നതും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്ക് പഠന-പഠനേതര പിന്തുണ നല്‍കുന്ന ‘സ്‌കഫോള്‍ഡ് 2022’ ന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 19) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ കൊട്ടിയം ക്രിസ്തുജ്യോതിസ് അനിമേഷന്‍ സെന്ററില്‍ നിര്‍വഹിക്കും. ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത 25 കുട്ടികള്‍ക്കുള്ള ദ്വിദിന ശില്‍പശാലയും 19, 20 തീയതികളില്‍ നടക്കും.
സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ വിനീത വിജയന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജി.കെ ഹരികുമാര്‍, റിസോഴ്‌സ്പേഴ്‌സന്‍ ആര്‍. സജിറാണി, പ്രോഗ്രാം ഓഫീസര്‍ ഡോ.ടി.എസ് ബിന്ദു, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, നിയമ വിദഗ്ധര്‍, പോലീസ്, ബാലാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സന്നദ്ധസേനപ്രവര്‍ത്തകര്‍ക്ക് പരിശീലനം
സന്നദ്ധസേനപ്രവര്‍ത്തകര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണം, അഗ്‌നിസുരക്ഷാ, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ നവംബര്‍ 21നും, കരിക്കോട് ടി.കെ.എം എഞ്ചിനീയറിങ് കോളജില്‍ 22 നും ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളജില്‍ 23 നുമാണ് പരിശീലനം. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
പ്രായപരിധി 16നും 25നും മധ്യേ. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. https://forms.gle/iLKcKPQuqBb1WdCB8 , സന്നദ്ധസേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് വേേു:െ//മെിിമറവമലെിമ. https://sannadhasena.kerala.gov.in/volunteerregistration എന്നീ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0474 2794002, 2794004, 2950055, 1077.
അഞ്ചലില്‍ തേന്‍ സംസ്‌കരണ പ്ലാന്റ് സജ്ജം
ശുദ്ധമായ തേന്‍ സംഭരിച്ച് വിതരണം ചെയ്യുന്നതിന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തേന്‍ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി. നവംബര്‍ 29 ന് വൈകിട്ട് മൂന്നിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും.
ചടങ്ങില്‍ പി.എസ് സുപാല്‍ എം.എല്‍.എ അധ്യക്ഷനാകും. അഞ്ചല്‍ ബനാന ആന്‍ഡ് ബീ മൈത്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഹരികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ നിര്‍വഹിക്കും. അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ബൈജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ഷാജി, വി. എഫ്. പി. സി. കെ സി. ഇ. ഒ വി. ശിവരാമകൃഷ്ണന്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്. വേണുഗോപാല്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, സ്വാശ്രയ കര്‍ഷക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏറം കാര്‍ഷിക വിപണിയോട് ചേര്‍ന്നാണ് പ്ലാന്റ് സജ്ജീകരിച്ചിട്ടുള്ളത്. വിപണിയില്‍ അംഗങ്ങളായ തേനീച്ച കര്‍ഷകരില്‍ നിന്നും കൂടുതല്‍ അളവില്‍ തേന്‍ സംഭരിച്ച് സംസ്‌കരണം നടത്തി പൊതുവിപണിയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ശുദ്ധമായ തേന്‍ ലഭിക്കുന്നതിന് തേനിലെ ഈര്‍പ്പവും മെഴുകും നീക്കം ചെയ്തതിനുശേഷം 1000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള ടാങ്കുകളില്‍ സംഭരിക്കുന്നു. 16 ലക്ഷം രൂപ ബ്ലോക്ക് വിഹിതവും വിപണിയുടെ തനത് ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപയുമുള്‍പ്പെടെ 34 ലക്ഷം രൂപ വിനിയോഗിച്ചാണ് യന്ത്രസാമഗ്രികള്‍ സ്ഥാപിച്ചതും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയതും. തേന്‍ ഉല്‍പാദനവും സംഭരണവും വര്‍ധിപ്പിക്കുന്നതിനൊപ്പം പ്ലാന്റിന്റെ പ്രവര്‍ത്തനം തേന്‍ ഉല്‍പ്പാദക സംഘങ്ങള്‍ക്ക് ഏറെ സഹായകരവുമാകുമെന്ന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന്‍ പറഞ്ഞു.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്
എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ ഒഴിവ്. എഴുകോണ്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 46 വയസ് (2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം). വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസാകാന്‍ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം.
അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഹാജരാക്കണം. സംവരണാനുകൂല്യം ലഭിക്കുന്നതിന് പട്ടികജാതി -പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ തഹസീല്‍ദാറില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ്, പിന്നാക്ക വിഭാഗക്കാര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള ഇ.ഡബ്ലിയു.എസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, നഴ്‌സറി, പ്രീ-പ്രൈമറി ടീച്ചര്‍ പരിശീലനം പാസായിട്ടുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വിധവകള്‍ പുനര്‍വിവാഹിതര്‍ അല്ലെന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യനീതി വകുപ്പിന്റെ സ്ഥാപനങ്ങളില്‍ താമസിച്ചിട്ടുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള സ്ഥിരം താമസ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
മുന്‍പരിചയമുള്ളവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക കൊട്ടാരക്കര ശിശുവികസന പദ്ധതി ഓഫീസിലും എഴുകോണ്‍ ഗ്രാമപഞ്ചായത്തിലും ലഭിക്കും. ഡിസംബര്‍ 19 ന് വൈകിട്ട് അഞ്ചിനകം കൊട്ടാരക്കര ശിശു വികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2451211.
സംരംഭകത്വ പരിശീലനം
അഞ്ചു വര്‍ഷത്തില്‍ പ്രവര്‍ത്തന കാര്യക്ഷമത നേടാനാവാത്ത സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏഴ് ദിവസത്തെ റസിഡന്‍ഷ്യല്‍ പ്രോഗ്രാമായ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 മുതല്‍ 14 വരെ കീഡിന്റെ കളമശ്ശേരിയിലുള്ള ക്യാമ്പസിലാണ് പരിശീലനം.
സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പെടെ 4130 രൂപയാണ് ഫീസ്. www.kied.info പോര്‍ട്ടലില്‍ ഓണ്‍ലൈനായി ഡിസംബര്‍ ഒന്നിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 0484 2550322.
കേരളോത്സവം: സംഘാടകസമിതി രൂപീകരിച്ചു
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ കേരളോത്സവം 2022 ന്റെ ഭാഗമായി ജി.എസ് ജയലാല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളായ സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ചെയര്‍മാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ•ാര്‍ വൈസ് ചെയര്‍മാന്‍മാരായും ആരോഗ്യ- വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കിംഗ് ചെയര്‍മാനായും, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെയും ഉള്‍പ്പെടുത്തി 51 അംഗ സമിതിയാണ് രൂപീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത പ്രതാപ് അധ്യക്ഷയായി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സഹകരണസംഘം പ്രസിഡന്റുമാര്‍, കായിക -കലാസമിതി ഭാരവാഹികള്‍, യുവജന സംഘടന ഭാരവാഹികള്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കായികാ അധ്യാപകര്‍, കലാസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വച്ഛതാ റണ്‍ ഇന്ന് (നവംബര്‍ 19)
ജില്ലാ ശുചിത്വമിഷന്റെ ഒ.ഡി.എഫ് പ്ലസ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ ശൈലീ രൂപീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് (നവംബര്‍ 19) ജില്ലയിലെ 68 ഗ്രാമപഞ്ചായത്ത് പരിധികളില്‍ ശുചിത്വ പ്രതിജ്ഞയോടെ സ്വച്ഛതാ റണ്‍ നടത്തും. ഗ്രാമപഞ്ചായത്ത് തലത്തില്‍ ടീം ലീഡറും വിദ്യാര്‍ഥി വിഭാഗത്തില്‍ ജൂനിയര്‍ ശുചിത്വ അംബാസഡറും ഉണ്ടാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ, യുവജന, വനിത സംഘടനകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദര്‍ഘാസ് ക്ഷണിച്ചു
ചാമക്കടയിലുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിന്റെ 2011 മോഡല്‍ ടാറ്റ ഇന്‍ഡിക്ക വി2 വാഹനം നിരാകരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. നവംബര്‍ 30 ന് ഉച്ചയ്ക്ക് മൂന്ന് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ഉഷസ് ബില്‍ഡിങ്, ബിഗ് ബസാര്‍, കൊല്ലം-691001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2762117.
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി), ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്.ഡി.വി) (കാറ്റഗറി നമ്പര്‍ 017/2021) , ബൈ ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 018/2021) തസ്തികകളുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
പെരിനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും സാമ്പിള്‍ റഫറല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗിനായി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കവറിന് പുറത്ത് ക്വട്ടേഷന്‍ നല്‍കുന്നവരുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തി ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ്, ആര്‍.സി ബുക്ക്, പൊല്യൂഷന്‍, ഡ്രൈവറുടെ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 30ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് പെരിനാട് പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍: 0474 2731061.