പത്തനംതിട്ട: രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണമായി ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുടിവെള്ള വിതരണം സാധ്യമാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പതിനേഴ് ലക്ഷം കുടിവെള്ള കണക്ഷനുകളായിരുന്നു ഉണ്ടായിരുന്നത്. പതിമൂന്ന് ലക്ഷം കണക്ഷനുകള്‍ ഒന്നരവര്‍ഷം കൊണ്ട് അധികം നല്‍കി. രണ്ട് വര്‍ഷത്തിനുള്ളില്‍ 71 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരും. ജലജീവന്‍ പദ്ധതിയുടെ കൃത്യമായ പരിശോധനയ്ക്കും പരാതികള്‍ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനും വേണ്ടി പ്രത്യേക ടീമിനെ മന്ത്രിയുടെ ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്.
അവലോകനയോഗത്തില്‍ ഏകദേശം എല്ലാ പരാതികളും പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ രണ്ടാംഘട്ട റിവ്യു മീറ്റിംഗ് നടത്തും. സ്ഥല ലഭ്യതയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. ഏകദേശം 60 ശതമാനത്തിലേറെ പ്രവൃത്തികള്‍ സാങ്കേതിക അനുമതി നല്‍കി ടെന്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഭരണാനുമതി കൊടുത്തിരിക്കുന്ന പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്യാനുള്ള തടസങ്ങള്‍ പരിഹരിക്കും. അത്തരത്തിലുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ വകുപ്പ് നടത്തുന്നത്.
ജില്ലയില്‍ പദ്ധതി നടത്തിപ്പിനായി 2459.56 കോടി രൂപയാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. അടൂരില്‍ 436.21 കോടി രൂപയും, കോന്നിയില്‍ 647.99 കോടി രൂപയും ആറന്മുളയില്‍ 608.26 കോടി രൂപയും റാന്നിയില്‍ 548.01 കോടി രൂപയും, തിരുവല്ലയില്‍ 219.1 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ കാര്യക്ഷമതയുള്‍പ്പെടെയുള്ള കാര്യങ്ങളുടെ പരിശോധനയ്ക്കായി ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടത്തും. കേരളത്തില്‍ 40,000 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്. മാര്‍ച്ചിന് മുന്‍പ് ഏകദേശം മുഴുവന്‍ പ്രവൃത്തിയും ടെന്‍ഡര്‍ ചെയ്യും. മലയോരമേഖലകളില്‍ എല്ലാ വീടുകളിലും ശുദ്ധീകരിച്ച ചെയ്ത വെള്ളം എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
എല്ലാവര്‍ക്കും കുടിവെള്ളം എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 2,35000 കണക്ഷനുകളാണ് ഇനി ജില്ലയില്‍ നല്‍കാനുള്ളത്. നമുക്ക് മുന്നിലുള്ള വെല്ലുവിളി ഓരോ മണ്ഡലത്തിലേയും ഭൂമിയേറ്റെടുക്കലാണ്. അത് എത്രയും വേഗത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. എംഎല്‍മാരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ നടത്തി പഞ്ചായത്തിന്റെ ഇടപെടലോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും ഇതിനായി പൊതുസമൂഹത്തിന്റെ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: മിനിസ്റ്റര്‍ റോഷി അഗസ്റ്റിന്‍ – ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍, ശബരിമല തീര്‍ഥാടനക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നു. ആരോഗ്യമന്ത്രി വീണാജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍ എന്നിവര്‍ സമീപം.