Input your search keywords and press Enter.

ളാഹ അപകടം: ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും

പത്തനംതിട്ട: പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്ക്കുണ്ടായത്. ഈ കുട്ടിയുള്‍പ്പെടെ അഞ്ചു പേരേയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയും കോന്നി മെഡിക്കല്‍ കോളജിലേയും ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന വിദഗ്ധ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്.

38 പേരാണ് നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്. ബസിലുണ്ടായിരുന്ന പരിക്കേല്‍ക്കാത്തവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി. അവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കും. വിജയവാഡയില്‍ നിന്നുള്ള 44 പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബസിലുള്ളവരെ രക്ഷപ്പെടുത്തി. പത്തുമണിയോടെ അപകട സ്ഥലത്ത് നിന്നും ബസ് മാറ്റിയിട്ടുണ്ട്. പമ്പയിലേക്കുള്ള ട്രാഫിക്കിലും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയെന്നും മന്ത്രി അറിയിച്ചു.

ളാഹയ്ക്കു സമീപം വിളക്കുവഞ്ചിയില്‍ ശനിയാഴ്ച രാവിലെ 8.45ന് ആയിരുന്നു അപകടം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു. പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ഹേമലത, ശബരിമല എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തിയിരുന്നു.

ഫോട്ടോ: മിനിസ്റ്റര്‍ വീണാ ജോര്‍ജ് ളാഹ – ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ളാഹയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തിനും തുടര്‍ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തതിനു ശേഷം തീര്‍ഥാടകരുമായി സംസാരിക്കുന്നു.

error: Content is protected !!