Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (20/11/2022)

കൊട്ടാരക്കരയിലും പോക്സോ കോടതി: മന്ത്രി കെ. എന്‍ ബാലഗോപാല്‍

പോക്സോ കോടതി പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൊട്ടാരക്കരയില്‍ ജില്ലാ കോടതിയുടെ സമാനറാങ്കിലുള്ള ഒരു കോടതി കൂടിയാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. പുതിയ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര കോടതിസമുച്ചയം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

പോക്സോ കോടതിക്കുള്ള കെട്ടിടം കോടതി സമുച്ചയത്തില്‍ തന്നെയുണ്ട്. ഇവിടെ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കും. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് പരിശോധിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും സംസ്ഥാനത്ത് 27 പോക്സോ കോടതികള്‍ പുതിയതായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുടുംബ കോടതി ജഡ്ജി ഹരി ആര്‍. ചന്ദ്രന്‍, കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കുറ്റാപ്പുറം – താമരക്കുടി നടപ്പാത ഗതാഗതയോഗ്യമാക്കും: മന്ത്രി കെ. എന്‍ ബാലഗോപാല്‍

മൈലം ഗ്രാമപഞ്ചായത്തിലെ കുറ്റാപ്പുറം-താമരക്കുടി നടപ്പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കുന്നത് പരിഗണിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കുറ്റാപ്പുറം കോളനി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

55 കുടുംബങ്ങള്‍ അധിവസിക്കുന്ന മൈലം പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമായ കുറ്റാപ്പുറം കോളനിയില്‍ നിന്ന് താമരക്കുടി ജംഗ്ഷനിലേക്ക് വേഗത്തിലെത്താനായി കുറ്റാപ്പുറം-ചാവരുതുണ്ട് നടപ്പാത പ്രയോജനകരമാകും. വീതികൂട്ടി നവീകരിക്കുന്നതിന് പ്രദേശവാസികള്‍ ഭൂമി വിട്ടുനല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. നടപ്പാത ഗതാഗതയോഗ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി നടത്തുന്ന വിദഗ്ധപഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി. നാഥ്, വൈസ് പ്രസിഡന്റ് ബി. മിനി, വാര്‍ഡ് അംഗം മാര്‍ഗരറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

‘സ്‌കഫോള്‍ഡ്’ ദ്വിദിന ശില്‍പശാലയ്ക്ക് തുടക്കമായി

പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, സമഗ്രശിക്ഷാ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘സ്‌കഫോള്‍ഡ് 2022′ പദ്ധതിയുടെ ദ്വിദിന ശില്‍പശാലയ്ക്ക് കൊട്ടിയം ക്രിസ്തുജ്യോതിസ് അനിമേഷന്‍ സെന്ററില്‍ തുടക്കമായി. പൊതുവിദ്യാലയങ്ങളില്‍ പഠനമികവ് പുലര്‍ത്തുന്ന സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠന-പഠനേതര പിന്തുണ നല്‍കി ഉന്നത വിദ്യാഭ്യാസ-തൊഴില്‍മേഖലകളില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള പൗര•ാരെ വളര്‍ത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ഇത്തരം പദ്ധതികള്‍ പ്രയോജനകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ആയിരത്തോളം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ നിന്നും അഭിമുഖം, എഴുത്തു പരീക്ഷ, വിവിധ ഗെയിമുകള്‍ തുടങ്ങിയ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കി തെരഞ്ഞെടുത്ത 25 പേര്‍ക്കാണ് വിദഗ്ധപരിശീലനം നല്‍കുന്നത്.

സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ വിനീത വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജി. കെ ഹരികുമാര്‍, റിസോഴ്‌സ്പേഴ്‌സന്‍ ആര്‍. സജിറാണി, പ്രോഗ്രാം ഓഫീസര്‍ ഡോ. ടി. എസ്. ബിന്ദു, അഡ്വ. കെ. പി. സജിനാഥ്, ജനപ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, നിയമവിദഗ്ധര്‍, പോലീസ്, ബാലാവകാശ കമ്മീഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രസിഡന്‍സ് ട്രോഫി വള്ളംകളിക്ക് ആവേശം പകരാന്‍ വിപുല പ്രചാരണം

നവംബര്‍ 26 ന് അഷ്ടമുടി കായലിന്റെ ഓളപ്പരപ്പുകളെ ആവേശംകൊള്ളിക്കാനുള്ള പ്രസിഡന്‍സ് ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം നവംബര്‍ 22 മുതല്‍ ഫുട്ബോള്‍, വടംവലി മത്സരങ്ങള്‍, മിനി മാരത്തോണ്‍, വിളംബര ജാഥ തുടങ്ങി ഒട്ടേറെ പരിപാടികള്‍ അരങ്ങേറും.

നവംബര്‍ 22 ന് വൈകിട്ട് നാലിന് ആശ്രമം മൈതാനത്ത് ഫുട്ബോള്‍ മത്സരങ്ങളോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം. എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ഫുട്ബോള്‍ ടീം പ്രസ് ക്ലബ് ടീമുമായും, എം.എല്‍.എ.മാരായ എം.നൗഷാദ്, എം.മുകേഷ് എന്നിവര്‍ നയിക്കുന്ന ടീം ജില്ലാ കളക്ടറുടെ ടീമുമായും ഏറ്റുമുട്ടും. നവംബര്‍ 23 വൈകിട്ട് നാലിനാണ് മത്സരങ്ങളുടെ ഫൈനല്‍.

അന്നേദിവസം വൈകിട്ട് അഞ്ചുമുതല്‍ വടംവലി മത്സരം. രണ്ടു വിഭാഗങ്ങളിലായി ആറു ടീമുകള്‍. വനിതകളുടെ വടംവലി മത്സരത്തില്‍ മേയര്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ ടീമും പുരുഷ വിഭാഗത്തില്‍ എം.എല്‍.എയുടെ ടീം എം.പി യുടെ ടീമുമായും, കളക്ടറുടെ ടീം പ്രസ് ക്ലബ് ടീമുമായും ഏറ്റുമുട്ടും.

നവംബര്‍ 24 ന് രാവിലെ 6.30ന് കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും ഡി.ടി.പി.സി അങ്കണം വരെ മിനി മാരത്തോണ്‍ സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ക്ക് അന്നേദിവസം രാവിലെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായെത്തി പങ്കെടുക്കാം.

നവംബര്‍ 25 ന് വൈകിട്ട് നാലിന് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ നിന്നും ചാമക്കട-ചിന്നക്കട-ആശ്രാമം വഴി ഡി.റ്റി.പി.സി ആസ്ഥാനം വരെ വിളംബര ജാഥയുമുണ്ടാകും.

 

മേയര്‍ ഇന്ന് (നവംബര്‍ 20) ഫ്‌ളാഗ് ഓഫ് ചെയ്യും ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ നഗരം

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വരവേല്‍പ്പൊരുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. ഫുട്‌ബോള്‍ ക്ലബുകള്‍, ഫാന്‍സ് അസോസിയേഷനുകള്‍, കായിക സംഘടനകള്‍, യുവജനങ്ങള്‍, കായികതാരങ്ങള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവ അണിനിരക്കുന്ന റാലിയാണ് ഇന്ന് വൈകിട്ട് കെ. എസ്. ആര്‍. ടി. സി. ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ആരംഭിക്കുക. നഗരം ചുറ്റി ഫുട്‌ബോള്‍ ആവേശമുണര്‍ത്തുന്ന വര്‍ണാഭമായ റാലി മേയര്‍ പ്രസന്ന ഏണ്‌സറ്റ് വൈകിട്ട് നാലിന് ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് അറിയിച്ചു.

 

വിളംബര റാലി ഇന്ന് (നവംബര്‍ 20)

ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചരണാര്‍ഥം ഇന്ന് (നവംബര്‍ 20) വൈകിട്ട് 4. 30 ന് സംഘടിപ്പിക്കുന്ന വിളംബരറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.ചിന്നക്കട റസ്റ്റ് ഹൗസ് പരിസരത്ത് ആരംഭിച്ചു കൊല്ലം ബീച്ചില്‍ സമാപിക്കും. യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി. എസ്. ബിന്ദു, ജില്ലാ കോര്‍ഡിനേറ്റര്‍ ഷബീര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ യൂത്ത് ക്ലബ് ഭാരവാഹികള്‍ ടീം കേരള അംഗങ്ങള്‍ ഫുട്‌ബോള്‍ പ്രേമികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ശൂന്യവേതന അവധി കാലാവധി പിന്നിട്ടിട്ടും ജോലിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിമ്മി സാമുവലിന് സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ജില്ലാ പോലീസ് മേധാവി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തിരികെ ജോലിയില്‍ പ്രവേശിക്കാത്തത് ഗുരുതര അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യനിര്‍വഹണ വീഴ്ചയുമാണെന്ന് വിലയിരുത്തിയാണ് നടപടി. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കാനാണ് നിര്‍ദേശം.

 

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

ഓച്ചിറ ക്ഷീരോല്‍പാദന നിര്‍മാണ-പരിശീലന വികസനകേന്ദ്രത്തില്‍ നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ ക്ഷീരോല്‍പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രത്തിലോ, ആലപ്പുഴ, കൊല്ലം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴിയോ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ മുഖേനയോ 8075028868, 9947775978, 0476 2698550 നമ്പറുകളിലോ നവംബര്‍ 20 വൈകിട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡ്, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

 

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം സൈനിക, അര്‍ദ്ധസൈനിക, പോലീസ്, സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് രണ്ടുമാസത്തെ പരിശീലനം നല്‍കുന്നു. പ്രവൃത്തിപരിചയമുള്ളതും മുന്‍വര്‍ഷങ്ങളില്‍ മികച്ചനേട്ടം കൈവരിച്ചതുമായ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സാമ്പത്തിക വിശകലനം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി നവംബര്‍ 26ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794996.

 

ലഹരിവിരുദ്ധ വാഹനറാലി

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെയും മോട്ടര്‍ വ്യവസായമേഖലയിലെ വിവിധ യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ക്ഷേമനിധി ഓഫീസ് മുതല്‍ ചിന്നക്കട വരെ ലഹരിവിരുദ്ധ വാഹനറാലി നടത്തി. വാര്‍ഡ് കൗണ്‍സലര്‍ രാജീവ് സോമന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബോര്‍ഡംഗം ശിവജി സുദര്‍ശനന്‍ അധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ രതീഷ് കുമാര്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. കോര്‍പറേഷന്‍ നികുതികാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എ.കെ. സവാദ്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍. ഷീന, ഉപദേശകസമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം

സംസ്ഥാനത്തെ ആനപരിപാലന മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശകസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ 25 ന് രാവിലെ 11 ന് ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി- തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണം എന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

 

കര്‍ഷകര്‍ക്ക് സൗജന്യ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് സൗജന്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 22 ന് ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം, 23 ന് താറാവ്‌വളര്‍ത്തല്‍, 24, 25 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 29 ന് കാടവളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. സെന്‍ട്രല്‍ ഹാച്ചറിയുടെ പരിശീലന വിഭാഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ കൈപ്പറ്റണം. ഫോണ്‍: 0479 2457778, 0479 2452277.

error: Content is protected !!