Input your search keywords and press Enter.

കനാല്‍ നവീകരണം തദ്ദേശസ്വയംഭരണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിര്‍വഹിക്കാന്‍ കോഡിനേഷന്‍ കമ്മിറ്റിയുമായി ആലോചിക്കും : മന്ത്രി എം.ബി. രാജേഷ്

കോഡിനേഷന്‍ കമ്മിറ്റി യോഗം 21 ന് നടക്കും

പാലക്കാട്: ജില്ലയിലെ കനാല്‍ നവീകരണം തദ്ദേശസ്വയംഭരണവകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിര്‍വഹിക്കുന്നതിനുളള സാധ്യത നവംബര്‍ 21 ന് നടക്കുന്ന കോഡിനേഷന്‍ കമ്മിറ്റിയില്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് തദ്ദേശസ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലയിലെ കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷിന്റെയും വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടേയും നേതൃത്വത്തില്‍ കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാലുകള്‍ നവീകരിക്കുന്നത് ആവര്‍ത്തന സ്വഭാവം ഉള്ളതിനാല്‍ സാധ്യമല്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

നവംബര്‍ 21ന് അടിയന്തരമായി കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ഉപദേശക സമിതിയും കൃഷി വകുപ്പ്, പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടുത്തി ബ്രാഞ്ച് കനാല്‍ കമ്മിറ്റിയും ചേര്‍ന്ന് കനാല്‍ നവീകരണമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് തീരുമാനിക്കണമെന്നും എല്ലാ മാസവും എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ നിര്‍ബന്ധമായും ഉപദേശക സമിതിയോഗം ചേരണമെന്നും വൈദ്യുത വകുപ്പുമന്ത്രി കെ. കൃഷ്ണന്‍ കുട്ടി യോഗത്തില്‍ പറഞ്ഞു. കനാലുകളിലൂടെ അടിയന്തരമായി വെള്ളം എത്തിക്കുന്നതിനായി കാടുവെട്ടുന്നതിന് സഹകരണ സംഘങ്ങളിലൂടെ ലഭിക്കുന്ന കാട് വെട്ടല്‍ മെഷീനുകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കനാല്‍ നവീകരണത്തിനായി ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതുപോലെ കൃഷി -ജലസേചനവകുപ്പിന് പുറമെ തൊഴിലുറപ്പിന്റെ ഫണ്ട് ലഭ്യത സംബന്ധിച്ച് ആലോചിക്കണമെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയ ജലസേചനവകുപ്പിന്റെ ഫണ്ട് ജില്ലയില്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഡാമുകളിലെ മണലും ചെളിയും നീക്കം ചെയ്തത് ആവശ്യമുള്ള കര്‍ഷകര്‍ക്ക് നിശ്ചിത വിലക്ക് നല്‍കി ആ തുക കനാല്‍ നവീകരണത്തിന് ഉപയോഗപ്പെടുത്താനുളള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലകടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കൃത്യമായ ഇടപെടലുകള്‍ നടത്തി ജില്ലയിലെ കനാലുകള്‍ രണ്ടാം വിളയ്ക്കായി യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കണമെന്ന് കര്‍ഷക പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ കൃഷി വളര്‍ത്തുന്നതിനുള്ള നടപടികള്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. കൃഷി ജില്ലയില്‍ കുറഞ്ഞു വരികയാണ്. കര്‍ഷകര്‍ക്ക് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ സംഘടിപ്പിക്കാനും കര്‍ഷകര്‍ക്ക് നഷ്ടമില്ലാതെ ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് ഹോര്‍ട്ടി കോര്‍പ്പ് ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.

എം.എല്‍.എ മാരായ കെ. ബാബു, കെ.ഡി. പ്രസേനന്‍, ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, അഡ്വ. കെ. ശാന്തകുമാരി , പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍, ജില്ല കലക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം കെ . മണികണ്ഠന്‍, ജനപ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഫോട്ടോ: ജില്ലയിലെ കനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തിൽ മന്ത്രി എം.ബി രാജേഷ് സംസാരിക്കുന്നു

error: Content is protected !!