Input your search keywords and press Enter.

വയോജന സംരക്ഷണ നിയമം: ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊല്ലം: സാമൂഹ്യനീതി വകുപ്പിന്റെയും, മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ” മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും, എല്‍ഡര്‍ ലൈന്‍ സേവനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബ്ലോക്ക്തല ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ അധ്യക്ഷനായി.

വയോജന സംരക്ഷണ നിയമത്തിന്റെ സാധ്യതകളും, നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയങ്ങളിലും സാമൂഹിക അവബോധം സൃഷ്ടിക്കുക, എല്‍ഡര്‍ ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് ബാധ്യതയല്ലെന്നും ഉത്തരവാദിത്വമാണെന്നും തിരിച്ചറിയണം. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായും സബ് കലക്ടര്‍ പറഞ്ഞു.

ജനപ്രതിനിധികള്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍, അങ്കണവാടി, ആശ പ്രവര്‍ത്തകര്‍, പാരാലീഗല്‍ വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായാണ് ആദ്യഘട്ട ക്ലാസ്സ് സംഘടിപ്പിച്ചത്. ഐ.എല്‍.ഡി.എം മീഡിയേറ്റര്‍-ലീഗല്‍ ഫാക്കല്‍റ്റി അഡ്വ. കെ.കെ ജയചന്ദ്രദാസ്, നാഷണല്‍ ഹെല്‍പ്പ് ലൈന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍ എഫ്. ആര്‍.ഒ അഡ്വ. എന്‍.ജി. പഞ്ചമി തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോസ് ഫ്രാന്‍സിസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് .ഹുസൈന്‍, മുഖത്തല ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ അനില്‍, സൂപ്രണ്ട് ആര്‍ .ബാബുരാജ്, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബോധവത്ക്കരണ ക്ലാസ്സില്‍ അധ്യക്ഷന്‍ സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ സംസാരിക്കുന്നു.

error: Content is protected !!