Input your search keywords and press Enter.

സമൂഹത്തെ താഴെത്തട്ടിലുള്ളവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍

പാലക്കാട്: സമൂഹത്തെ താഴെത്തട്ടിലുള്ളവരെ ഉയര്‍ത്തിയെടുത്ത് പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കവിഭാഗ-ക്ഷേമ-ദേവസ്വം-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പട്ടികജാതി വികസന വകുപ്പ് 2019-20 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാട്ടുശ്ശേരി കാക്കാമൂച്ചിക്കാട് കോളനി സമഗ്ര വികസനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു ശതമാനത്തില്‍ കുറവ് മാത്രം അതിദരിദ്രരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം എന്നത് അഭിമാനാര്‍ഹമാണ്. ഒമ്പതാം പഞ്ചവത്സര പദ്ധതി ആരംഭിച്ച് 25 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതരീതിയില്‍ മാറ്റം കൊണ്ടുവരാനായി. അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വേയിലൂടെ കണ്ടെത്തിയ കുടുംബങ്ങളെ കൂടി ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകൊണ്ടു വരുന്നതിനുള്ള ബൃഹത്തായ പദ്ധതി സംസ്ഥാനത്ത് തയ്യാറായി കഴിഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതി അവസാനിക്കുമ്പോള്‍ കേരളം രാജ്യത്തെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജിതമായ ആദ്യ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷന്‍ പദ്ധതിക്കായി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 440 കോടി രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുകള്‍ വകയിരുത്തിയിരിക്കുന്നത്. ഇതിലൂടെ പരമാവധി വീടുകളുടെ പ്രശ്‌നം പരിഹരിക്കാനാകും. കാക്കമൂച്ചിക്കാട് കോളനിയിലെ 2010 ന് ശേഷം നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുളള സേഫ് (സെക്യൂര്‍ അക്കമഡേഷന്‍ ആന്റ് ഫെസിലിറ്റി എന്‍ഹാസ്‌മെന്റ്) പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കാമെന്നും മന്ത്രി പറഞ്ഞു. വീടുകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ ഉണ്ടാകും. ജനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലായിരിക്കണം ത്രിതല പഞ്ചായത്തുകളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

50 ലക്ഷം രൂപ ചെലവിലാണ് കോളനിയില്‍ സമഗ്രവികസനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവൃത്തികള്‍ നിര്‍വഹിച്ചത്. റോഡ്/നടപ്പാതകള്‍ 8.53 ലക്ഷം രൂപ ചെലവിലും അരിക് സംരക്ഷണ പ്രവൃത്തി 32.38 ലക്ഷം രൂപ ചെലവിലുമാണ് പൂര്‍ത്തിയാക്കിയത്. റോഡുകള്‍/നടപ്പാതകള്‍, ആശയവിനിമയ സൗകര്യം, കുടിവെള്ള പദ്ധതി, അഴുക്ക്ചാലുകളുടെ നിര്‍മ്മാണം, വൈദ്യുതീകരണം/സോളാര്‍ വൈദ്യുതീകരണം, സോളാര്‍ തെരുവ് വിളക്ക്, സാനിറ്റേഷന്‍, ഭവന പുനരുദ്ധാരണം, മാലിന്യ നിര്‍മ്മാര്‍ജനം, കളിസ്ഥലം, സംരക്ഷണഭിത്തി നിര്‍മ്മാണം, ജലസേചന പദ്ധതികള്‍, അടുക്കളത്തോട്ടം, വരുമാനദായക പദ്ധതികളായ ഡയറി, ആനിമല്‍ ഹസ്ബന്‍ട്രി, ഹോര്‍ട്ടികള്‍ച്ചര്‍, തുന്നല്‍, ഹാന്‍ഡി ക്രാഫ്റ്റ് മുതലായ വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാട്ടുശ്ശേരി മലംപള്ളിയില്‍ നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി, ജില്ലാ പഞ്ചായത്തംഗം കെ.വി ശ്രീധരന്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ.എസ് അഞ്ജു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ, ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ കെ. സുന്ദരന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാട്ടുശ്ശേരി കാക്കാമൂച്ചിക്കാട് കോളനി സമഗ്ര വികസനം ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.

error: Content is protected !!