കൊല്ലം: സംസ്ഥാനത്തെ റോഡുകളുടെ ഗുണമേന്മ അന്താരാഷ്ട്രനിലവാരത്തില്‍ പരിശോധിക്കുന്നതിന് മൊബൈല്‍ ലാബുകള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമദ് റിയാസ്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സഞ്ചരിക്കുന്ന ലാബുകള്‍ വഴി റോഡ് പണിതുടരവെ നിരീക്ഷണവും സാധ്യമാകും. നിലവിലെ പരിശോധനാ സംവിധാനം ആധുനീകരിക്കും. പരിശോധനകള്‍ ഒരു കുടക്കീഴിലാക്കുന്നതിനും തീരുമാനിച്ചു. റോഡുകളുടെ പണി ടൈംലൈന്‍ വച്ച് കൃത്യസമയത്ത് പൂര്‍ത്തിയാക്കും.
വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് കുഴിക്കുന്ന വകുപ്പുകള്‍ കാലതാമസം കൂടാതെ നന്നാക്കി പഴയനിലയിലാക്കുന്നതിന് നിര്‍ദ്ദേശം നല്കി. ജല അതോറിറ്റി ഇക്കാര്യത്തില്‍ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദ്ദേശിച്ചു.
കെട്ടിടനിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് കോമ്പസിറ്റ് ടെണ്ടര്‍ അഥവാ ഒറ്റടെണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തും. റിവേഴ്സ്ഡ് അഡ്മിനിസ്ട്രേറ്റിവ് സാംക്ഷന്‍ വേഗത്തിലാക്കുന്നതിനായി പരിശോധനാറിപോര്ട്ട് അടിയന്തരമായി നല്‍കുന്നതിന് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തങ്ങളിലൂടെ സാങ്കേതിക തടസങ്ങളും നൂലാമാലകളും പരിഹാരിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കും. ഇതിനായി ഡി. ഐ. സി. സി. പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. പൊതുമരാമത്ത് ജോലികള്‍ക്കായി സ്ഥലം ഏറ്റെടുക്കല്‍, പൈപ്പ്-വൈദ്യുതി ലൈനുകള്‍, ടെലിഫോണ്‍-ഇന്റര്‍നെറ്റ് കേബിളുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയവ പി.ഡബ്ള്യു.ഡി-വാട്ടര്‍ അതോറിറ്റി വകുപ്പുകളുടെ ഏകോപനത്തോടെ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്കി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. പ്രവൃത്തികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.
റോഡ് നിര്‍മാണം, ദേശീയപാത വികസനം, വിവിധ കിഫ്ബി പദ്ധതികള്‍, പാലങ്ങളുടെ നിര്‍മാണം, ബില്‍ഡിങ്സ് തുടങ്ങിയ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് കോടിക്ക് മുകളിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ചാണ് ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്തത്.
എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഡോ. സുജിത്ത് വിജയന് പിള്ള, ജി. എസ്. ജയലാല്‍, പി. എസ്. സുപാല്‍, പി. സി. വിഷ്ണുനാഥ്, സി. ആര്. മഹേഷ്, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, മന്ത്രി കെ. എന്‍. ബാലഗോപാലിന്റെ പ്രതിനിധി പി. കെ. ജോണ്സണ്, പി.ഡബ്ല്യു.ഡി. സെക്രട്ടറി അജിത് കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന പൊതുമരാമത്ത് മന്ത്രി പി. എ. മുഹമദ് റിയാസ്.