പാലക്കാട്: സംസ്ഥാനത്തെ ട്രഷറികളില്‍ ഇ-വാലറ്റ് സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുന്നതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിശ്ചിതതുക നിക്ഷേപിച്ച് ഇ-പേയ്‌മെന്റ്, ഓണ്‍ലൈന്‍ പര്‍ച്ചേസ് ഉള്‍പ്പടെയുള്ളവ നടത്താനുള്ള സൗകര്യമാണ് ഇ-വാലറ്റിലൂടെ ആലോചിക്കുന്നതെന്നും ഇത് നിക്ഷേപകര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ട്രഷറി വകുപ്പില്‍ വലിയ മാറ്റങ്ങള്‍ സര്‍ക്കാര്‍ കാലോചിതമായി വരുത്തുന്നുണ്ട്. ട്രഷറികള്‍ മുഴുവന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറി. കൃത്യത, സുരക്ഷ, തെറ്റായ കാര്യങ്ങള്‍ ഉണ്ടാവാതിരിക്കുക എന്നത് ട്രഷറിയെ സംബന്ധിച്ച് പ്രധാനമാണ്. ആധികാരികത വര്‍ദ്ധിപ്പിക്കാനും ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്താനുമായി ട്രഷറികളിലെ സെര്‍വറുകള്‍ അപ്‌ഗ്രേഡ് ചെയ്തതായും മന്ത്രി പറഞ്ഞു.
ട്രഷറി പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഹാജര്‍ രേഖപ്പെടുത്തുന്നതിന് ബയോമെട്രിക് സംവിധാനം നടപ്പാക്കി. അടുത്ത ഘട്ടത്തില്‍ ഓരോ ഉദ്യോഗസഥനും ബയോമെട്രിക് സംവിധാനത്തിന് കീഴിലാവുന്ന രീതിയിലേക്ക് മാറും. ട്രഷറിയുടെ നിക്ഷേപ പദ്ധതിയില്‍ പണം നിക്ഷേപിച്ചാല്‍ ഏതെങ്കിലും പൊതുമേഖല ബാങ്കുകളെക്കാള്‍ മെച്ചപ്പെട്ട സമ്പാദ്യം ഉണ്ടാവും. ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം കോടി മുതല്‍ രണ്ട് ലക്ഷം കോടി രൂപ വരെ ഒരു വര്‍ഷം ട്രഷറി കൈകാര്യം ചെയ്യുന്നുണ്ട്. അത് ട്രഷറിയുടെ വലുപ്പത്തെയാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ധനലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രമാണ് ട്രഷറികള്‍. അത് നല്ല രീതിയില്‍ കെട്ടിപ്പടുക്കുക എന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെ ജീവിതത്തിന്റെയും പ്രധാന കാര്യമാണ്.
സംസ്ഥാനത്തിന്റെ ധനകാര്യ നട്ടെല്ലാണ് ട്രഷറികള്‍. ട്രഷറിയുമായി ബന്ധപ്പെടുന്ന സ്ഥലങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്. 1467 പെന്‍ഷന്‍കാര്‍, 5002 സേവിങ്‌സ് അക്കൗണ്ടുകളും 9120 സ്ഥിര നിക്ഷേപങ്ങളും 183 സ്ഥാപനങ്ങളും കൊല്ലങ്കോട് ട്രഷറിയുമായി ബന്ധപ്പെടുന്നുണ്ട്. ശമ്പളങ്ങളും ആനുകൂല്യങ്ങളും മാത്രം നല്‍കലല്ല ട്രഷറിയിലൂടെ നടക്കുന്നത്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള പണം അനുവദിക്കുന്നതിന്റെ ഏജന്‍സികളായും ട്രഷറികള്‍ മാറുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ട്രഷറിയുടെ നട്ടെല്ല് പെന്‍ഷന്‍കാരാണ്. ആളുകളെ ഒരുമിച്ച് എത്തിക്കുന്നതില്‍ ട്രഷറി വലിയ പങ്കുവഹിക്കുന്നു. ട്രഷറിയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതലും ഇടപെടുന്നത് പെന്‍ഷന്‍കാരാണ്. ട്രഷറിയില്‍ വരുന്ന ആളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് പുതിയ കെട്ടിടങ്ങളിലൂടെ പ്രധാനമായും സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ തിരുവിതാംകൂര്‍ ട്രഷറികള്‍ ഉണ്ടായ കാലം മുതല്‍ ബാങ്കിങ് അവകാശങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ ബാങ്കിങ് അവകാശങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. സംസ്ഥാനത്തിന് കഴിഞ്ഞവര്‍ഷം കിട്ടിയതിനെക്കാള്‍ 23,000 കോടിയാണ് ഈ വര്‍ഷം കുറവ് വന്നത്. തൊഴിലുറപ്പ് തൊഴിലുകളില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ വരുന്നത് സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയെ ബാധിക്കുന്നതായും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോഴും നാടിന്റെ വികസനത്തിന് തടസം ഉണ്ടാകാത്ത രീതിയില്‍ മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ കെ. ബാബു എം.എല്‍.എ അധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നകുട്ടന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി സുരേഷ്, ജില്ലാ ട്രഷറി ഓഫീസര്‍ പി.വി പത്മകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ-കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കുന്നു.