കൊല്ലം: തേനീച്ചക്കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ഏരൂര്‍ എസ്റ്റേറ്റില്‍ കൃഷിവകുപ്പിന്റെയും ഹോര്‍ട്ടികള്‍ച്ചര്‍മിഷന്റെയും സംയുക്തസഹകരണത്തോടെ സ്ഥാപിച്ച ഹണി പ്രോസസ്സിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുനലൂര്‍ മുനിസിപ്പാലിറ്റിയിലെയും അഞ്ചല്‍ ബ്ലോക്ക്പഞ്ചാത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെയും ആയിരത്തോളം തേനീച്ചക്കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന തേന്‍ സംസ്‌കരിച്ച് വിപണിയില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തുടരെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ കണക്കിലെടുത്താണ് തേനീച്ചക്കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കാന്‍ തീരുമാനിച്ചത്. ഔഷധഗുണമുള്ള തേന്‍ ഭക്ഷണശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാണ്. ഹണി പ്രോസസ്സിംഗ് യൂണിറ്റ് തേനിന്റെ ശുദ്ധതയും ഗുണമേന്മയും ഉറപ്പ് വരുത്തുന്നതിനിടയാക്കും. കര്‍ഷകരില്‍ നിന്നും നേരിട്ടാണ് സംഭരണം. ലാഭകരമായ കൃഷിയും സാധ്യമാകും. തേനീച്ച കൃഷിക്കാവശ്യമായ പെട്ടികള്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ലഭ്യമാക്കണം. ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് ഇടക്കാല ആശ്വാസം നല്‍കുന്നത് പരിഗണിക്കും. ഫാക്ടറി നവീകരണത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ഘട്ടത്തില്‍ പുതിയ തരം തേനീച്ചകളെ കണ്ടെത്തിയ ശാസ്ത്രജ്ഞരെ മന്ത്രി അനുമോദിച്ചു.
പി. എസ് സുപാല്‍ എം. എല്‍. എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ എം. വി. വിദ്യാധരന്‍, മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ ഏരൂര്‍ എസ്റ്റേറ്റില്‍ കൃഷിവകുപ്പിന്റെയും ഹോര്‍ട്ടികള്‍ച്ചര്‍മിഷന്റെയും സംയുക്തസഹകരണത്തോടെ സ്ഥാപിച്ച ഹണി പ്രോസസ്സിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു