Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (26/11/2022) : Part 3

ഏട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം ഇന്ന് (നവംബര്‍ 26) ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനല്‍ അഷ്ടമുടി കായലില്‍

ഏട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലും ഇന്ന് (നവംബര്‍ 26) ഉച്ചയ്ക്ക് 1.30 മുതല്‍ അഷ്ടമുടി കായലില്‍. ജലോത്സവത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. എം.മുകേഷ് എം.എല്‍.എ അദ്ധ്യക്ഷനാകും. മേയര്‍ പ്രസന്ന ഏണസ്റ്റ് പതാക ഉയര്‍ത്തും, മാസ്സ് ഡ്രില്‍ ഫ്‌ലാഗ് ഓഫ് എന്‍. കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും.

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ. എം ആരിഫ്, എം.എല്‍.എമാരായ ഡോ. സുജിത്ത് വിജയന്‍പിള്ള, ജി.എസ് ജയലാല്‍, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, പി. റ്റി.ബി.ആര്‍. എസ് സെക്രട്ടറി എന്‍. പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എസ് ശ്രീനിവാസ്, ഡയറക്ടര്‍ പി. ബി നൂഹ്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

സമാപന സമ്മേളനം

സമാപന സമ്മേളനം മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷനാകും. എം എല്‍.എമാരായ കെ.ബി ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.എസ്. സുപാല്‍, സി.ആര്‍ മഹേഷ്, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷര്‍, സാംസ്‌കാരിക -രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

വള്ളംകളിക്കൊപ്പം സൗജന്യ സോളാര്‍ സബ്‌സിഡി സ്‌പോട്ട് രജിസ്‌ട്രേഷന്‍

ഇന്ന് (നവംബര്‍ 26) നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി അങ്കണത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ സോളാര്‍ സബ്‌സിഡി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി. മൂന്ന് കിലോ വോട്ട്‌സ് വരെ 40% സബ്സിഡിയും, മൂന്നിന് മുകളില്‍ 10 കിലോ വോട്ട്‌സ് വരെ 20% സബ്‌സിഡിയും ലഭിക്കും. ഉപഭോക്താക്കള്‍ സബ്‌സിഡി ഒഴികെയുള്ള തുക അടയ്ക്കണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ : 0474 2740933.

 

ഇത്തിക്കര ബ്ലോക്ക്തല കേരളോത്സവത്തിന് ഇന്ന് (നവംബര്‍ 26) തുടക്കം

ഇത്തിക്കര ബ്ലോക്ക്പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലോക്ക്തല കേരളോത്സവം ഇന്ന് (നവംബര്‍ 26) മുതല്‍ ഡിസംബര്‍ ഒന്ന് വരെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലും, ബ്ലോക്ക് പരിധിയിലെ വിവിധ വേദികളിലും നടക്കും. കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം, ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുക.

ഉദ്ഘാടനം ജി.എസ് ജയലാല്‍ എം.എല്‍.എ ഇത്തിക്കര ബ്ലോക്ക് അങ്കണത്തില്‍ ഇന്ന് (നവംബര്‍ 26) വൈകിട്ട് നാല് മണിക്ക് നിര്‍വഹിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ഹരീഷ്, പ്രിജിശശിധരന്‍, ആശാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീലബിനു, അമ്മിണിയമ്മ, സുദീപ, സുശീലദേവി, ടി. ദിജു, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ-കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

അപേക്ഷ ക്ഷണിച്ചു

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 6235911555.

 

ടെന്‍ഡര്‍ ക്ഷണിച്ചു

മുഖത്തല ശിശുവികസന പദ്ധതി ഓഫീസില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ രണ്ട് ഉച്ചയ്ക്ക് രണ്ടു വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2504411, 8281999106.

 

ടെന്‍ഡര്‍ ക്ഷണിച്ചു

കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 179 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിന്‍ജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ ഏഴ് ഉച്ചയ്ക്ക് 2 മണി വരെ സമര്‍പ്പിക്കാം. ഫോണ്‍ : 0474 2740590, 9188959663.

 

‘ഇന്നലെയുടെ നേട്ടങ്ങള്‍’: ജില്ലയുടെ നേട്ടങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നു

ജനകീയആസൂത്രണം രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയ്ക്ക് കൈവന്ന അഭിമാനകരമായ നേട്ടങ്ങളെക്കുറിച്ചും വിവിധ മേഖലകളില്‍ ഉണ്ടായ വികസന വിടവുകളെക്കുറിച്ചും പഠിക്കുന്നതിന് ‘ഇന്നലെയുടെ നേട്ടങ്ങള്‍’ വിവരശേഖരണം നടത്തി ഡോക്യുമെന്റ് ചെയ്യുകയാണ് ജില്ലാ ആസൂത്രണസമിതി. വിവിധ ഉദ്യോഗസ്ഥരെയും റിസോഴ്‌സ് പേഴ്‌സണ്‍മാരെയും ചുമതലപ്പെടുത്തി .

വിവരശേഖരണവുമായി ബന്ധപ്പെട്ട് വിവിധ വിഷയമേഖലകള്‍ തിരിച്ച് തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരാണ് പ്രൊഫോര്‍മ തയ്യാറാക്കി നല്‍കുന്നത്. ഇതു മുന്‍നിര്‍ത്തി നിര്‍വഹണ ഉദ്യോഗസ്ഥര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെയും, ജില്ലാതല ഉദ്യോഗസ്ഥരുടെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക്മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, വ്യവസായ വകുപ്പ് ഇന്റേണ്‍സ് എന്നിവരുടെ സഹായത്തോടെ സമഗ്രവിവരശേഖരണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കും.

 

അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസില്‍ അക്കാഡമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ എം.കോം/എം.ബി.എ (ഫുള്‍ ടൈം റഗുലര്‍ ) പാസായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2022 ജനുവരി ഒന്നിന് 36 വയസ് കവിയാന്‍ പാടില്ല. നെറ്റ് യോഗ്യയുള്ളവര്‍ക്കും യൂ.ജി/പി.ജി ക്ലാസുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ നവംബര്‍ 30 ന് മുമ്പ് ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട് തിരുവനന്തപുരം -14 വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് 0471 2339178, 2329468.

 

ജല്‍ജീവന്‍ മിഷന്‍ സംസ്ഥാനതല അവലോകന യോഗം

ജല്‍ജീവന്‍മിഷന്‍ പ്രവര്‍ത്തനപുരോഗതി വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് സെക്രട്ടറികൂടിയായ പ്രണബ് ജ്യോതിനാഥ്, മാനേജിങ് ഡയറക്ടറ്റര്‍ എസ്. വെങ്കിടേശപതി എന്നിവരുടെ അധ്യക്ഷതയില്‍ സംസ്ഥാനതല അവലോകന യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉള്‍പ്പെടെ എല്ലാ ജില്ലാ കളക്ടര്‍മാരും പങ്കെടുത്തു.

തുടര്‍പ്രവര്‍ത്തനങ്ങള്‍, നിലവിലെ പുരോഗതി, അംഗീകാരം നല്‍കിയ കണക്ഷനുകളുടെ റിവിഷന്‍, പുതിയ ഇടങ്ങളില്‍ ആരംഭിക്കാനുള്ള നടപടിക്രമം, ഹര്‍ഘര്‍ ജല്‍ സര്‍ട്ടിഫിക്കേഷന്‍ സ്റ്റാറ്റസ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

പദ്ധതി പുരോഗതിയില്‍ സംസ്ഥാനതലത്തില്‍ ജില്ല ഒന്നാം സ്ഥാനത്താണ്. പദ്ധതിക്കായി ലഭ്യമാക്കേണ്ട സര്‍ക്കാര്‍ ഭൂമികളില്‍ ഒന്നൊഴികെ ലഭ്യമായിട്ടുണ്ട്. ഏറ്റെടുക്കല്‍ തടസ്സപ്പെട്ട മൂന്ന് സ്വകാര്യഭൂമികള്‍ വിട്ടുകിട്ടുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഡിസ്ട്രിക്റ്റ് മോണിറ്ററിങ് യൂണിറ്റ് രൂപീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 29ന് രാവിലെ 10ന് കോളേജില്‍ നടത്തും. വിവരങ്ങള്‍ക്ക് www.polyadmission.org ഫോണ്‍- 9744846849, 9400364047, 8111984538.

error: Content is protected !!