Input your search keywords and press Enter.

പരാതികള്‍ ഒഴിവാക്കുന്നതിന് ശുദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക തയാറാക്കുക ലക്ഷ്യം: ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍

പതിനേഴ് വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും ഇപ്രാവശ്യം മുന്‍കൂറായി അപേക്ഷ നല്‍കാം.

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ദിവസവും അതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലും ഉണ്ടാകുന്ന പരാതികള്‍ പരമാവധി ഒഴിവാക്കുന്നതിനായി ശുദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടിക തയാറാക്കുകയാണ് ലക്ഷ്യമെന്ന് പ്രത്യേക ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറും ഗവ സെക്രട്ടറിയുമായ കെ. ബിജു പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ വര്‍ധനവ് കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. കള്ളവോട്ടുകള്‍ തടയുന്നതിന് ഇത് സഹായകമാകും. മരണപ്പെട്ട വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിലാണ് ബൂത്ത് തലത്തിലും, താലൂക്ക്, ജില്ലാ അടിസ്ഥാനത്തിലും ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. അവ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചു തീര്‍പ്പാക്കണം. വോട്ടര്‍ പട്ടികയിലെ തിരുത്തലുകള്‍ കൃത്യമായി പരിഹരിക്കണം. അതിനായി കരട് വോട്ടര്‍ പട്ടിക എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് നല്‍കിയിട്ടുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്ന ഉള്‍പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിച്ച് പരമാവധി വോട്ടര്‍ എന്റോള്‍മെന്റ് നടത്തണം. എല്ലാ ഇലക്ടറല്‍ റോള്‍ ഓഫീസര്‍മാരും ബിഎല്‍ഒമാരും രാഷ്ട്രീയകക്ഷി ഭേദമന്യേ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഎല്‍ഒമാര്‍ക്ക് എതിരെയുള്ള പരാതികള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.

പതിനേഴ് വയസ് പൂര്‍ത്തീകരിച്ചവര്‍ക്കും ഈ പ്രാവശ്യം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനായി മുന്‍കൂര്‍ അപേക്ഷ സമര്‍പ്പിക്കാം. യുവ വോട്ടര്‍മാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മഹത്വം അതിന്റെ ആധികാരികതയും വിശ്വാസത്തിന്റെ ആഴവും ആണെന്നും പരമാവധി സംശുദ്ധമായ വോട്ടര്‍ പട്ടിക തയാറാക്കുക എന്ന ഉദ്യമത്തിനു വേണ്ടിയാണ് പരിശ്രമിക്കുന്നതെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഉത്തരവാദിത്വബോധമുള്ള വോട്ടര്‍മാരായി ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരുക എന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുന്നതിനായി ഹയര്‍സെക്കന്‍ഡറി തലത്തില്‍ കുട്ടികളെ അംബാസിഡര്‍മാരാക്കി കാമ്പയിനുകള്‍ സംഘടിപ്പിക്കണം. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളെയും ആദിവാസികളുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുവാന്‍ പ്രത്യേക പ്രാധാന്യം നല്‍കണം. ജില്ലയുടെ സാമൂഹിക പുരോഗതിയില്‍ പ്രധാന പങ്കു വഹിക്കുന്ന പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ അവരുടെ സംഘടനകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും പങ്കാളിത്തവും അദ്ദേഹം വാഗ്ദാനം ചെയ്തു.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫോട്ടോ: വോട്ടര്‍ – സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രത്യേക ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വറും ഗവ സെക്രട്ടറിയുമായ കെ. ബിജു സംസാരിക്കുന്നു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി തുടങ്ങിയവര്‍ സമീപം.

error: Content is protected !!