Input your search keywords and press Enter.

രണ്ടാംവിള ജലസേചനം: മലമ്പുഴ കനാലുകള്‍ വൃത്തിയാക്കല്‍ 29 ന് തുടങ്ങും

പാലക്കാട്: രണ്ടാംവിള കൃഷിക്ക് മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള മെയിന്‍/ബ്രാഞ്ച് കനാലുകള്‍ വഴിയുള്ള ജലവിതരണം സുഗമമാക്കാന്‍ 29 ന് ശുചീകരണം ആരംഭിക്കുമെന്ന് കനാല്‍ ശുചീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു ആവശ്യപ്പെട്ടതിന് മറുപടിയായി മലമ്പുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച ഷോര്‍ട്ട് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. കനാലുകള്‍ വൃത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുല്ല് വെട്ടലിന് പുറമേ കനാലുകളിലെ മണ്ണ് നീക്കം ചെയ്യണമെന്ന് കെ. ബാബു എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. അടുത്ത വിളയ്ക്ക് പ്രതിസന്ധി ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ നെല്ല് സംഭരണത്തിന് 20 കൃഷി ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പച്ചത്തേങ്ങ സംഭരണത്തിന് 48 അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മുതുതല കൃഷി ഭവനിലെ കൃഷി ഓഫീസറുടെ തസ്തിക നികത്തുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിനുള്ള മറുപടിയായി ജില്ലയില്‍ 16 കൃഷി ഓഫീസര്‍മാരുടെ ഒഴിവുണ്ടെന്നുംപ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. ജില്ലയിലാകെ 95 കൃഷിഭവനുകളാണുള്ളത്. ഒരാള്‍ക്ക് നാല് വീതം കൃഷിഭവനുകളുടെ ചുമതല എന്നതിനു പകരം ഒരാള്‍ക്ക് രണ്ട് കൃഷിഭവന്‍ എന്ന രീതിയില്‍ ക്രമീകരിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ അബ്ബാസ് ജില്ലാ കലക്ടര്‍ക്ക് വേണ്ടി യോഗത്തില്‍ നിര്‍ദേശിച്ചു.

ജില്ലയിലെ റോഡുകളിലൂടെ അമിതഭാരം കയറ്റിയുള്ള ലോറികളുടെ അമിതവേഗത്തിലുള്ള സഞ്ചാരം നിയന്ത്രിക്കുന്നതിന് പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലയിലെ ഗ്രാമീണ റോഡുകളിലൂടെ ടോറസ് ലോറികള്‍ അമിതഭാരം കയറ്റിപോകുന്നതുമൂലം റോഡുകള്‍ തകരുന്നത് സംബന്ധിച്ച വിഷയത്തിലായിരുന്നു വിശദീകരണം. ജില്ലയിലാകെ നടത്തിയ പരിശോധനയില്‍ അമിതഭാരം കയറ്റിയതിന് 8650 പെറ്റികേസുകളാണ് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 93 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ലോറികളുടെ അമിതഭാരം കയറ്റിയുള്ള യാത്രയാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നും വിഷയത്തില്‍ ശക്തമായ പരിശോധന ഉണ്ടാകണമെന്നും ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) നിര്‍ദേശിച്ചു.

പല്ലശ്ശന പഞ്ചായത്തിന്റെ മുന്‍വശം, കരിപ്പോട് നിന്ന് പല്ലശ്ശനക്ക് പോകുന്ന റോഡ്, പല്ലാവൂര്‍-കുനിശ്ശേരി റോഡ് എന്നിവിടങ്ങളില്‍ കുഴി രൂപപ്പെട്ടതില്‍ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ബന്ധപ്പെട്ട അധികൃതരോട് നിര്‍ദേശിച്ചു. ഈ കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് യാത്രാക്ലേശം സൃഷ്ടിക്കുന്നുണ്ടെന്ന് രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒരു കാര്യത്തിന് ഏതൊക്കെ രേഖകള്‍ വേണമെന്ന് അക്ഷയകേന്ദ്രങ്ങളില്‍ പ്രത്യേകം നിര്‍ദേശം നല്‍കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. പെന്‍ഷന് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ അധികരേഖകള്‍ ആവശ്യപ്പെടുന്നതും അക്ഷയകേന്ദ്രങ്ങള്‍ അമിതഫീസ് ഈടാക്കുന്നതും പരിശോധിക്കാനും നിര്‍ദേശം നല്‍കി. ചെമ്മണാമ്പതി-തേക്കടി വനത്തിലൂടെയുള്ള റോഡ് നിര്‍മ്മാണത്തിനായി മുറിച്ചുമാറ്റിയ മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കി മുതലമട സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് നെന്മാറ ഡി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു.

ഷൊര്‍ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ പല ബസുകളും കൃത്യമായി കയറാത്തത് സംബന്ധിച്ച പി. മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലെ പ്രധാന തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും ഇത് സംബന്ധിച്ച് സ്ഥലം ഡിവൈ.എസ്.പിയെ അറിയിക്കണമെന്നും ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) പോലീസിന് നിര്‍ദ്ദേശം നല്‍കി. പട്ടാമ്പി ഗവ യു.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കാനുളള ഇടപെടലുകള്‍ നടത്തണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ആയിരത്തിലധികം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കോടി രൂപ ചെലവില്‍ കിലയുടെ ആഭിമുഖ്യത്തിലാണ് കെട്ടിടം നിര്‍മ്മിക്കുക. റെയില്‍വേയുടെ അതിര്‍ത്തിക്ക് സമീപത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നതെന്നും അതിര്‍ത്തിക്ക് 30 മീറ്റര്‍ അപ്പുറത്ത് മാത്രമേ കെട്ടിടം നിര്‍മ്മിക്കാവൂ എന്നാണ് നിയമമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ നിര്‍മ്മാണത്തിന് അനുവാദം ആവശ്യപ്പെട്ട് റെയില്‍വേക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. യോഗത്തില്‍ നവകേരളം മിഷനുകളുടെ അവലോകനവും നടന്നു. ഭരണഘടനാദിനാചരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഭരണഘടന പ്രതിജ്ഞയെടുത്തു. കൂടാതെ സ്ത്രീധന നിരോധന പ്രതിജ്ഞയും എടുത്തു.

യോഗത്തില്‍ എം.എല്‍.എമാരായ കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) വി.ഇ അബ്ബാസ്, എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ആര്‍.ടി.ഒ ഡി. അമൃതവല്ലി, വകുപ്പ് മേധാവികള്‍, ഉദ്യോസ്ഥര്‍ പങ്കെടുത്തു.

ഫോട്ടോ: കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗം.

error: Content is protected !!