വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ : അപേക്ഷ ക്ഷണിച്ചു
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയം. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. ന്യൂസ്‌ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്‌സ്ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പരിചയം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താമാധ്യമത്തില്‍ വീഡിയോഗ്രാഫി/വീഡിയോഎഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
മറ്റു നിബന്ധനകള്‍: സ്വന്തമായി ഫുള്‍ എച്ച്.ഡി. പ്രൊഫഷണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വിഷ്വല്‍ വേഗത്തില്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവ് ഉണ്ടായിരിക്കണം. പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത ലാപ്ടോപ് സ്വന്തം ഉടമസ്ഥതതയില്‍ ഉണ്ടായിരിക്കണം. ദൃശ്യങ്ങള്‍ തല്‍സമയം നിശ്ചിത സെര്‍വറില്‍ അയയ്ക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉണ്ടായിരിക്കണം.
സ്വന്തമായി എഡിറ്റ്‌സ്യൂട്ട്, എറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗ്യാതറിംഗ് സൗകര്യങ്ങള്‍ സ്വന്തമായി ഉള്ളത് അധികയോഗ്യതയായി കണക്കാക്കും. തത്സമയ വീഡിയോ ട്രാന്‍സ്മിഷന് സ്വന്തമായി പോര്‍ട്ടബിള്‍ വീഡിയോ ബാക്ക്പാക്ക് പോലുള്ള ട്രാന്‍സ്മിറ്റര്‍ സംവിധാനങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനുള്ളില്‍ വാട്‌സാപ്, ടെലഗ്രാം തുടങ്ങി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിഷ്‌കര്‍ഷിക്കുന്ന മാധ്യമങ്ങളിലൂടെ വീഡിയോ നല്‍കണം.
അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയായിരിക്കണം. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. പരിപാടി നടക്കുന്ന സ്ഥലത്തുനിന്നുതന്നെ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കാനായി അയയ്ക്കുന്നതിനുള്ള മള്‍ട്ടി സിം ഡോങ്കിള്‍ ഉണ്ടായിരിക്കണം. ക്രിമിനല്‍ കേസില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2022 ഡിസംബര്‍ ഒമ്പതിന് വൈകിട്ട് മൂന്ന്മണി വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷ നല്‍കണം. ഇ-മെയില്‍ വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല.
പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുന്‍പ് തയ്യാറാക്കി ഏതെങ്കിലും മാധ്യമത്തില്‍ വന്നിട്ടുള്ളതുമായ മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് കൊല്ലം സിവില്‍ സ്റ്റേഷന്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ട് പരിശോധിക്കാം.
പെരിനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഡിസംബര്‍ ഒന്നിന്
പുനര്‍നിര്‍മിക്കുന്ന പെരിനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനവും ശിലാഫലക അനാച്ഛാദനവും ഡിസംബര്‍ ഒന്നിന് റവന്യൂ മന്ത്രി കെ. രാജന്‍ പെരിനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിക്കും. പി.സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനാകും. എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം ആര്‍. ബീനാറാണി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, വൈസ് പ്രസിഡന്റ് എസ്.അനില്‍കുമാര്‍, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാന കേരളോത്സവം സംഘാടകസമിതി രൂപീകരണം ഇന്ന് (നവംബര്‍ 29)
സംസ്ഥാന യുവജനക്ഷേമബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം 2022ന്റെ കായികമത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (നവംബര്‍ 29) ഉച്ചയ്ക്ക് 12 മണിക്ക് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 27 മുതല്‍ 30 വരെയാണ് കായിക മത്സരങ്ങള്‍.
ഇ.പി.എഫ് പെന്‍ഷന്‍ അദാലത്ത്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ മേഖലാകാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12ന് രാവിലെ 11 ന് പെന്‍ഷന്‍ പരാതിപരിഹാര അദാലത്ത് ഓണ്‍ലൈനായി നടത്തും. പി.പി.ഓ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 30നകം ‘നിധി ആപ്‌കേ നികട്’, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, ഇ.പി.എഫ്.ഒ, റീജിണല്‍ ഓഫീസ്, കൊല്ലം വിലാസത്തിലും [email protected] ഇ-മെയില്‍ വഴിയും പരാതി സമര്‍പ്പിക്കാം. ഫോണ്‍: 0474 2767645, 2751872.
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ഡിസംബര്‍ മൂന്നിന്
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാള്‍, തേവള്ളി രാമവര്‍മ്മ ക്ലബ് ഓഡിറ്റോറിയം, സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കലാകായിക മത്സരങ്ങള്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2790971.
ഒംബുഡ്സ്മാന്‍ സിറ്റിംഗ് ഡിസംബര്‍ ഒന്നിന്
തൊഴിലുറപ്പ് പദ്ധതി ഒംബുഡ്സ്മാന്‍ സിറ്റിംഗ് ഡിസംബര്‍ ഒന്നിന് രാവിലെ 11 മുതല്‍ 12 വരെ വെട്ടിക്കവല ബ്ലോക്ക്പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവ സംബന്ധിച്ച പരാതികള്‍ നേരിട്ടോ, ഓംബുഡ്സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ട്രേറ്റ്, കൊല്ലം മേല്‍വിലാസത്തിലോ, [email protected] ഇ-മെയിലിലോ അയക്കാം. ഫോണ്‍ 9995491934.
സൈക്കിള്‍ യാത്രികരുടെ സുരക്ഷ; മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സൈക്കിള്‍ യാത്രികരുടെ സുരക്ഷയെ മുന്‍നിര്‍ത്തി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാത്രികാലങ്ങളില്‍ സൈക്കിള്‍യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കുകയും ലൈറ്റ് ഉണ്ടെന്നും ഉറപ്പുവരുത്തണം. ഹെല്‍മറ്റ്, റിഫ്‌ലക്റ്റീവ് ജാക്കറ്റ് എന്നിവ ധരിക്കണം. അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണം.
ദര്‍ഘാസ് ക്ഷണിച്ചു
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് മാസവാടക അടിസ്ഥാനത്തില്‍ യൂട്ടിലിറ്റി വാഹനം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ ഒമ്പത് വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, ഉഷസ് ബില്‍ഡിംഗ്, ബിഗ് ബസാര്‍, കൊല്ലം-691001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474 2762117.
ക്വട്ടേഷന്‍ ക്ഷണിച്ചു
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ സാമൂഹികനീതി വകുപ്പിന്റെ ട്രാന്‍സിറ്റ് ഹോം അന്തേവാസികള്‍ക്ക് ഒരു ഒരുവര്‍ഷത്തേക്ക് മത്സ്യം, മാംസം എത്തിക്കുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ട്രാന്‍സിറ്റ് ഹോം, കൊട്ടിയം, മയ്യനാട് വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം ലഭ്യമാക്കണം. കവറിന് പുറത്ത് ‘2022-2023 വര്‍ഷം മത്സ്യം വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍’/’2022-2023 വര്‍ഷം മാംസ്യം വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0474 2794029.
ഹിന്ദി അധ്യാപക പരിശീലനം
ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടുവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.
പ്രായപരിധി 17-35 വയസ്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും. ഡിസംബര്‍ 12 നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0473 4296496, 8547126028..
ചിത്രരചന മത്സരവിജയികള്‍
മണ്ണ്പര്യവേക്ഷണ-മണ്ണ്‌സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊല്ലം വിമലഹൃദയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അനന്യ എസ്. സുഭാഷ് ഒന്നാം സ്ഥാനവും, ടി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍. ആഫിയ രണ്ടാം സ്ഥാനവും, ചിറ്റുമല സെന്റ് ജോസഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എസ്. ഗൗരിപ്രിയ മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗത്തില്‍ കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ എസ്. ശ്രീതാദത്ത് ഒന്നാം സ്ഥാനവും, മീനാക്ഷിവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആര്‍. എസ് ഐശ്വര്യ രണ്ടാം സ്ഥാനവും, എസ്. എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ കീര്‍ത്തിക മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലോക മണ്ണ്ദിനമായ ഡിസംബര്‍ അഞ്ചിന് കൊട്ടാരക്കരയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍: 0474 2731061.
‘ഹരിതശ്രീ കാര്‍ഷിക വിപണി’ ഉദ്ഘാടനം ഇന്ന്(നവംബര്‍ 29) മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വിപണനകേന്ദ്രം ഒരുങ്ങി. ‘ഹരിതശ്രീ കാര്‍ഷിക വിപണിയുടെ’ ഉദ്ഘാടനം ഇന്ന് (നവംബര്‍ 29) രണ്ട് മണിക്ക് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും.
കാര്‍ഷികോല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും വിപണന സൗകര്യവും ലക്ഷ്യമിട്ടാണ് പെരിങ്ങള്ളൂരില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിപണി ആരംഭിക്കുന്നത്.
ചടങ്ങില്‍ പി. എസ് സുപാല്‍ എം. എല്‍. എ അധ്യക്ഷനാകും. റീട്ടെയില്‍ ഔട്ട്‌ലെറ്റ് എന്‍. കെ പ്രേമചന്ദ്രന്‍ എം. പി ഉദ്ഘാടനം ചെയ്യും. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍ ആദ്യവില്പന നടത്തും. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. അംബികകുമാരി, കെ. ഷാജി, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സൗജന്യ പരിശീലനം
ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയില്‍ 20 ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാം ഡിസംബര്‍ 12 മുതല്‍. ഭക്ഷ്യസംസ്‌കരണം, നൈപുണ്യവര്‍ധനവ് എന്നിവയിലാണ് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പരിശീലനം. ഐ.എല്‍.ഒ.യുടെ ആഭിമുഖ്യത്തിലും ക്ലാസ് ഉണ്ടായിരിക്കും. ജില്ലാ വ്യവസായകേന്ദ്രത്തില്‍ ഡിസംബര്‍ മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0474-2748395, 9497274218.
വളത്തിനായി ചെറുമത്സ്യങ്ങളെ കൊണ്ടുവന്നാല്‍ നടപടി
ചെറുമത്സ്യങ്ങളെ വളത്തിനും ഇതര ആവശ്യങ്ങള്‍ക്കുമായി പിടിച്ചെടുക്കുന്നതിനും ഹാര്‍ബറുകളും, സ്വകാര്യകടവുകളും കേന്ദ്രീകരിച്ച് ഇറക്കുന്നതിനും എതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. നിശ്ചിത വലുപ്പത്തില്‍ കുറഞ്ഞ ചെറിയ മത്സ്യങ്ങളെ പിടിക്കുന്നതും കൈകാര്യം ചെയ്യുന്നതും കുറ്റകരമാണ്. വളത്തിനായി മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയോ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെയോ (നീണ്ടകര) വിവരം അറിയിക്കാം. ഫോണ്‍: 0474- 2792850, 9496007036.
ജില്ലാതല കേരളോത്സവം: അപേക്ഷകള്‍ സമര്‍പ്പിക്കാം
ജില്ലാതല ‘കേരളോത്സവം 2022′ ലേക്ക് നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ഇനങ്ങളായ വായ്പ്പാട്ട് (ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്ളൂട്ട്, വീണ, ഗിത്താര്‍ എന്നീ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ ഡിസംബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം യുവജനക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 7510958609, 0474-2798440.