Input your search keywords and press Enter.

ലോക എയ്ഡ്‌സ് ദിനം; വിവിധ പരിപാടികള്‍ കൊല്ലം ജില്ലയിൽ

കൊല്ലം: ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ‘ഒന്നായി തുല്യരായി തടുത്ത് നിര്‍ത്താം’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പരിപാടികള്‍. സംഘാടകസമിതി യോഗം ആര്‍. ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മ്മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

നാളെ (നവംബര്‍ 30) വൈകിട്ട് ആറിന് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ ദീപംതെളിയിച്ച് തുടക്കമാകും. ഡിസംബര്‍ ഒന്നിന് രാവിലെ 8:30 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍ ആരംഭിച്ച് ഐ.എം.എ ഹാളില്‍ അവസാനിക്കുന്ന ബോധവത്ക്കരണറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ സംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരക്കും. സര്‍ക്കാര്‍ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും.

ഐ.എം.എ ഹാളില്‍ പൊതുസമ്മേളനം മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രതിജ്ഞചൊല്ലല്‍, റിബണ്‍അണിയിക്കല്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവയുണ്ടാകും. എച്ച്. ഐ. വി ബാധിതര്‍ക്ക് മികച്ച സാമൂഹികഅന്തരീക്ഷം സൃഷ്ടിക്കുകയാണ് പരിപാടികളുടെ ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേനയും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും അവബോധം നല്‍കും.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജേക്കബ് വര്‍ഗീസ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പ്ലാസ, ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജി.നിര്‍മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം.

error: Content is protected !!