പാലക്കാട്: മുതുതല ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അവശ്യകതാ നിര്‍ണയ ക്യാമ്പ് നടത്തി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 86 ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള ഏത് തരം ഉപകരണമാണോ വേണ്ടത് അത് എത്രയും പെട്ടെന്ന് എത്തിച്ച് നല്‍കുമെന്നും എസ്.സി വിഭാഗത്തിലുള്ളവര്‍ക്കും ജനറല്‍ വിഭാഗത്തിനും ഒരു ലക്ഷം രൂപ വീതം പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പറഞ്ഞു.
എസ്.സി. വിഭാഗത്തില്‍ 34, ജനറല്‍ വിഭാഗത്തില്‍ 52 ഭിന്നശേഷിക്കാര്‍ പഞ്ചായത്തിലുണ്ട്. ഇവര്‍ക്കായി വീല്‍ചെയര്‍, വാക്കിങ് സ്റ്റിക്ക്, ഹിയറിങ് എയ്ഡ്, വാട്ടര്‍ബെഡ്, മോള്‍ഡഡ് ഷൂ തുടങ്ങിയവ നല്‍കും. മുതുതലയിലെ കൊടുമുണ്ട ഗെയ്റ്റിന് സമീപമുള്ള ബാബൂസ് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുകേഷ് അധ്യക്ഷനായി. വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ആഷിഫ്, മഞ്ചേരി മെഡിക്കല്‍ കോളെജ് പി.എം.ആര്‍ സെക്ഷന്‍ ഡോക്ടര്‍ കെ. അന്‍സാരി, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷ്‌റാ സമദ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. ഉഷ, ജനപ്രതിനിധികള്‍ അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: മുതുതല ഗ്രാമപഞ്ചായത്തിന്റെ ജനകീയ ആസൂത്രണം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള അവശ്യകതാ നിര്‍ണയ ക്യാമ്പ് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്യുന്നു.