കൊല്ലം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കും എന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിലെ അധികബര്‍ത്തിങ് സൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി തീരദേശ സുരക്ഷാസ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ തീരദേശ സ്റ്റേഷനുകളും സ്ഥാപിച്ചു. കടല്‍രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമും തുടങ്ങി.
മത്സ്യബന്ധനയാനങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കാവുന്ന 26 ഹാര്‍ബറുകള്‍ പൂര്‍ത്തിയാക്കി. മണ്ണെണ്ണഎന്‍ജിനുകള്‍ മാറ്റാന്‍ 40 ശതമാനം സബ്സിഡി നല്‍കും. മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലഘട്ടത്തിനനുസരിച്ചു മത്സ്യത്തൊഴില്‍മേഖല നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സി. ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ജോമോന്‍ കെ. ജോര്‍ജ്, മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിലെ അധികബര്‍ത്തിങ് സൗകര്യങ്ങളുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കുന്നു