Input your search keywords and press Enter.

പൊതുവിതരണരംഗത്തെ സാമൂഹ്യഇടപെടലില്‍ കേരളം മാതൃക: മന്ത്രി ജി. ആര്‍. അനില്‍

കൊല്ലം: പൊതുവിതരണരംഗത്തെ സാമൂഹ്യഇടപെടലില്‍ കേരളം മാതൃകയെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന ‘നിറവ്’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അതിജീവനത്തിന്റെ നാളുകളില്‍ ഭക്ഷ്യകിറ്റ്, ഭവനരഹിതരെ ചേര്‍ത്ത് നിര്‍ത്തുന്ന ഭവന നിര്‍മാണ പദ്ധതി തുടങ്ങി അതിദരിദ്രവിഭാഗത്തിന്റെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈമാസം അവസാന ത്തോടെ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ ഉള്‍പ്പെടെ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍കാര്‍ഡ് നല്‍കും. എല്ലാ വിഭാഗക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നതിനാലാണ് വിലക്കയറ്റത്തിന് തടയിടാനാകുന്നത്. സംസ്ഥാനത്തെ 137 ഊരുകളിലടക്കം സഞ്ചരിക്കുന്ന റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യം എത്തിക്കുന്നു. ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളെ കരുതലോടെ കാണുന്ന നയമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍. എസ്. കല്ലേലിഭാഗം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോണ്‍ ഫ്രാന്‍സിസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ഡോ. പി. കെ. ഗോപന്‍, ജെ.നജീബത്ത്, വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി സുധീഷ് കുമാര്‍, ബി. ജയന്തി, തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ ആദ്യമായി ‘നിറവ്’ കൊല്ലത്ത്

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പോഷകഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന ‘നിറവ്’ പദ്ധതി ആദ്യമായി നടപ്പിലാക്കുകയാണ് ജില്ലയില്‍. ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങളിലെ രക്ഷിതാക്കള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതിയാണിത്.

ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന 2400 കുട്ടികള്‍ക്ക് 2500 രൂപ വിലമതിക്കുന്ന മട്ട അരി (10 കിലോ), കശുവണ്ടി (500 ഗ്രാം), ബദാം (250 ഗ്രാം), ഓട്‌സ് (1 കിലോ ), ഹോര്‍ലിക്‌സ് (500ഗ്രാം) ഈന്തപ്പഴം (500 ഗ്രാം), മില്‍മപേട 180 ഗ്രാം പാക്കറ്റ് (2 എണ്ണം), മില്‍മ പൗഡര്‍ 200 ഗ്രാം പാക്കറ്റ് (2 എണ്ണം), ഡയറിഫ്രഷ് ബട്ടര്‍ റസ്‌ക് 180 ഗ്രാം പാക്കറ്റ് (1), മില്‍ക്ക് കുക്കീസ്(1), ജാക്ക്ഫ്രൂട്ട് പുഡിങ്‌കേക്ക്-1 (500 ഗ്രാം) എന്നിങ്ങനെ 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് നല്‍കുന്നത്.

ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിച്ച് കരുതലോടെ ചേര്‍ത്ത് നിര്‍ത്തുന്ന നൂതനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കുമെന്ന് മുന്‍കൈയെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു. ഭിന്നശേഷി ഗുണഭോക്താക്കള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമാണ് നിറവും. വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ഫോട്ടോ: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന ‘നിറവ്’ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കുന്നു

error: Content is protected !!