Input your search keywords and press Enter.

തിരുവാഭരണയാത്രയുടെ പുണ്യം നിറച്ച് ജയദേവകുമാറിന്റെ ചിത്രപ്രദർശനം

പത്തനംതിട്ട: ശബരീശസന്നിധിയിലേക്ക് കല്ലും മുള്ളും നിറഞ്ഞ ദുർഘടപാതയിലൂടെ തിരുവാഭരണവും വഹിച്ചുള്ള, ക്ഷീണമറിയാത്ത യാത്രയുടെ ഭക്തിസാന്ദ്രവും അനുഭൂതിദായകവുമായ ഓരോ നിമിഷവും പുനർജനിക്കുകയാണ് ജയദേവകുമാറിന്റെ ക്യാമറകണ്ണിലൂടെ. ഭക്തർക്കായി അനുഗ്രഹീതമായ ജീവസ്സുറ്റ ചിത്രങ്ങൾ വീണ്ടും സമ്മാനിക്കുകയാണ് ശ്രദ്ധേയമായ ഒരുപാട് കേസുകൾ തെളിയിക്കുന്നതിൽ സംസാരിക്കുന്ന തെളിവുകളായി മാറിയ, നിരവധി ചിത്രങ്ങൾ ഒപ്പിയെടുത്ത പോലീസ് ഫോട്ടോഗ്രാഫർ ജി ജയദേവകുമാറിന്റെ ക്യാമറ.

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ, തിരുവാഭരണഘോഷയാത്രയുടെ ചിത്രപ്രദർശനം ശനി വൈകിട്ട് 5 മണിക്ക് പന്തളം കൊട്ടാരം തിരുവാഭരണ നടപ്പന്തലിൽ പത്തനംതിട്ട ജില്ല പോലീസ് മേധാവി സ്വപിനിൽ മധുകർ മഹാജൻ ഐ പി എസ് ഉൽഘാടനം ചെയ്തു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിലാണ് ഫോട്ടോപ്രദർശനം. ജീവൻ തുടിയ്ക്കുന്ന ചിത്രങ്ങൾ ഈശ്വരചൈതന്യം നിറഞ്ഞുനിൽക്കുന്നവയാണെന്നും, ഭക്തരുടെ മനം നിറയ്ക്കുമെന്നും, ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു. പോലീസിന്റെ അഭിമാനമാണ് ഇത്തരം വ്യക്തിത്വങ്ങളെന്ന്, ജയദേവകുമാറിനെ അഭിനന്ദിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷവും പ്രദർശനം നടത്തിയിരുന്നു, അന്ന് മകരവിളക്കിന്റെ സമയത്താണ് തുടങ്ങിയത്.

ഇത്തവണ നേരത്തെ ആരംഭിച്ച പ്രദർശനം തീർത്ഥാടന കാലത്ത് മുഴുവനും നീണ്ടുനിൽക്കും. പന്തളംകൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി എൻ നാരായണവർമ്മ, ട്രഷറർ ദീപാ വർമ്മ, കമ്മിറ്റിയംഗം അരുൺ വർമ്മ, തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള , വലിയ കോയിക്കൽ ക്ഷേത്രം ഏ ഒ എസ് വിനോദ് കുമാർ, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി ആഘോഷ് വിസുരേഷ്, ഫോട്ടോഗ്രാഫർ ജി ജയദേവ് കുമാർ എന്നിവർ പങ്കെടുത്തു.

error: Content is protected !!