Input your search keywords and press Enter.

കോന്നി താലൂക്കാശുപത്രി നിര്‍മാണ പുരോഗതി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തി

പത്തനംതിട്ട: കോന്നി താലൂക്ക് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു വിലയിരുത്തി. 13.79 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ ആശുപത്രിയില്‍ നടക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിര്‍മാണ പ്രവര്‍ത്തി പുരോഗമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിര്‍വഹണ ഏജന്‍സി.

പുതിയ കെട്ടിടത്തില്‍ നിലവിലെ കാഷ്വാലിറ്റിയില്‍ ആണ് ആധുനിക ആര്‍ദ്രം ഒപി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ആണ് നിര്‍വഹണ ഏജന്‍സി.

ഒന്നാം നിലയില്‍ ഒപി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്‌ളോറിലേക്ക് ക്യാഷ്വാലിറ്റി മാറ്റി ക്രമീകരിക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച രണ്ടാം നിലയില്‍ ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ആധുനിക ഗൈനക്കോളജി വാര്‍ഡ് ക്രമീകരിക്കും. ആധുനിക ലേബര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ആധുനിക ലേബര്‍ റൂം, ആധുനിക ലേബര്‍ വാര്‍ഡ് എന്നിവ ക്രമീകരിക്കും. ഇതിനായി 2.7 കോടി രൂപ വകയിരുത്തി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ട്. കെല്‍ ആണ് നിര്‍വഹണ ഏജന്‍സി. നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന മൂന്നാം നിലയില്‍ നേത്രരോഗികള്‍ക്കായി ആധുനിക ഐ ഓപ്പറേഷന്‍ തിയേറ്ററും, ഐ വാര്‍ഡും ക്രമീകരിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ആണ് നിര്‍വഹണ ഏജന്‍സി. ഇതേ ഫ്‌ളോറില്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററും ക്രമീകരിക്കും.

നാലാം നിലയില്‍ പുരുഷന്‍ മാര്‍ക്കുള്ള വാര്‍ഡും ഡോക്ടര്‍മാരുടെ മുറികളും ക്രമീകരിക്കും. എല്ലാ നിലയിലും നഴ്‌സിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കുന്നുണ്ട്.

ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ഉള്ള കിടത്തി ചികിത്സ വാര്‍ഡിനു പുറകുവശത്തുള്ള സ്ഥലത്താണ് എംഎല്‍എ ഫണ്ടില്‍ നിന്നും 1.79 കോടി രൂപ ഐസൊലേഷന്‍ വാര്‍ഡിനായി അനുവദിച്ചിട്ടുണ്ട്. കിഫ്ബി മുഖാന്തിരം കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനാണ് നിര്‍മാണ പ്രവര്‍ത്തിയുടെ നിര്‍വഹണ ഏജന്‍സി. വാര്‍ഡിലേക്ക് പോകുവാനുള്ള വഴി നിര്‍മിക്കുവാനും നിലവിലെ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്കുമായി എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി.

താലൂക്ക് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ നേരിട്ട് പരിശോധിച്ച എംഎല്‍എ, പ്രവര്‍ത്തികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. യോഗത്തില്‍ എംഎല്‍എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന രാജന്‍, പത്തനംതിട്ട എന്‍എച്ച്എം ഡി.പി.എം ഡോ. ശ്രീകുമാര്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രേസ് മറിയം, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആശ, അസിസ്റ്റന്റ് എന്‍ജിനീയര്‍ മെജോ, പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്യാംകുമാര്‍, താലൂക്ക് ആശുപത്രി ആര്‍എംഒ ഡോ. അരുണ്‍, കെഎസ്‌ഐ സൈറ്റ് എന്‍ജിനീയര്‍ തമീം, എഫ് ഐ ടി സൈറ്റ് എന്‍ജിനീയര്‍ അജ്മല്‍ ഘോഷ്, സുഗതന്‍, കെല്‍ സൈറ്റ് എന്‍ജിനീയര്‍ വിധുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: കോന്നി താലൂക്ക് ഹോസ്പിറ്റല്‍- കോന്നി താലൂക്ക് ആശുപത്രി നിര്‍മാണ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിലയിരുത്തുന്നു.

error: Content is protected !!