സായുധസേനാ പതാക ദിനാചരണം ഇന്ന് (ഡിസംബര്‍ ഏഴ്)
സായുധസേന പതാകദിനാഘോഷവും പതാകനിധി സമാഹരണവും ഇന്ന് (ഡിസംബര്‍ ഏഴ്) രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യും. സേവനത്തിനിടയില്‍ നഷ്ടമായ സൈനികരോടുള്ള ആദരവായാണ് ദിനാചരണം.
ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്റ്റനന്റ് കേണല്‍ (റിട്ട:) പി. വിശ്വനാഥന്‍ അധ്യക്ഷനാകും. കേണല്‍ കൊച്ചുകോശി പണിക്കര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം. ഉഫൈസുദീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, എക്സ് സര്‍വീസസ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സതീഷ്ചന്ദ്രന്‍, വിവിധ സംഘടനകളുടെ ഭാരവാഹികളായ ജോര്‍ജ് വര്‍ഗീസ്, മധു വട്ടവിള, സാംകുട്ടി ജോര്‍ജ്, ഉദ്യോഗസ്ഥര്‍, വിമുക്തഭടര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
പെന്‍സില്‍ ഡ്രോയിങ് മത്സരം
‘ഓറഞ്ച് ദ വേള്‍ഡ്’ക്യാമ്പയിനിന്റെ ജില്ലാ ശിശു സംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ പെന്‍സില്‍ ഡ്രോയിംഗ് മത്സരം സംഘടിപ്പിച്ചു. കൊല്ലം തേവള്ളി സര്‍ക്കാര്‍ മോഡല്‍ ഹൈസ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ നടത്തിയ മത്സരത്തില്‍ ഐ.സി.ഡി.എസ് ബ്ലോക്ക്തലത്തിലെ വിജയികള്‍ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജംല റാണി, പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ് അജീഷ്, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ബിജിത എസ് ഖാന്‍, സോഷ്യല്‍ വര്‍ക്കര്‍മാരായ കെ.എസ് അനൂപ്, പി. സവിത, ഔട്ട് റീച് വര്‍ക്കര്‍ കെ .എം ബിന്ദു, റെസ്‌ക്യൂ ഓഫീസര്‍ ആര്‍. രശ്മി തുടങ്ങിയവര്‍ സംസാരിച്ചു. മത്സര വിജയിയെ ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍, കളക്ടര്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു പ്രതിനിധി, ചിത്രരചനയില്‍ പ്രാവീണ്യം തെളിയിച്ച വിദഗ്ധന്‍ എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുക്കും. 1000, 750, 500 രൂപ വീതമാണ് ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ലഭിക്കുക.
കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര പാക്കേജ്
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഡിസംബര്‍ 10 ന് വാഗമണ്‍ ചതുരംഗപ്പാറ ദ്വിദിന ഉല്ലാസയാത്ര പുറപ്പെടുന്നു. രാവിലെ അഞ്ചിന് പുറപ്പെട്ട് വാഗമണ്‍ എത്തി, ജീപ്പ് ട്രക്കിങ്, മൊട്ടക്കുന്ന്, സൂയിസൈഡ് പോയിന്റ്, അഡ്വഞ്ചര്‍ പാര്‍ക്ക്, പൈന്‍വാലി സന്ദര്‍ശിച്ച് തിരിച്ചു റിസോര്‍ട്ടിലെത്തി ക്യാമ്പ് ഫയര്‍, ഡി.ജെ പാര്‍ട്ടി, എന്നിവയ്ക്ക് ശേഷം വാഗമണിലെ റിസോര്‍ട്ടില്‍ സ്റ്റേ ചെയ്യും. ഡിസംബര്‍ 11 ന് ആനയിറങ്കല്‍ ഡാം, പെരിയകനല്‍ വെള്ളച്ചാട്ടം, മലയ്ക്കുള്ളന്‍ ഗുഹ, ഗ്യാപ്പ് റോഡ്, ലോക്ക് ഹാര്‍ട്ട് വ്യൂ പോയിന്റ്, സിഗ്‌നല്‍ പോയിന്റ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വഴി മൂന്നാറിലെത്തി മടങ്ങും. ഒരാള്‍ക്ക് 3030 രൂപയാണ് നിരക്ക്.
ഡിസംബര്‍ 11 ന് കൊച്ചിയിലെ ആഡംബര കപ്പലില്‍ അഞ്ച് മണിക്കൂര്‍ നേരം പുറംകടലില്‍ ഉല്ലാസയാത്രയും ക്രമീകരിക്കുന്നു. ഭക്ഷണവും യാത്രക്കൂലിയും ഉള്‍പ്പെടെ 3500 രൂപയാണ് ഈടാക്കുക. ബുക്കിംഗിനായി 9496675635, 8921950903.
അഭിമുഖം ഡിസംബര്‍ 12ന്
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ലക്ചറര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 12ന് രാവിലെ 10ന് നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യത, അക്കാദമിക് പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പാന്‍, ആധാര്‍ കാര്‍ഡുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0475 2910231.
സംരംഭകത്വ പരിശീലനം: തീയതി മാറ്റി
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആറ് മുതല്‍ 14 വരെ നടത്താനിരുന്ന ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പരിശീലനം ഡിസംബര്‍ 12 മുതല്‍ 19 വരെയുള്ള തീയതികളിലേക്ക് മാറ്റി. കീഡിന്റെ കളമശ്ശേരിയിലുള്ള ക്യാമ്പസിലാണ് പരിശീലനം. സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി ഉള്‍പ്പെടെ 4130 രൂപയാണ് ഫീസ്. www.kied.info ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 10 നകം അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 7012376994.
വിത്തുതേങ്ങ ശേഖരണ പദ്ധതിയുമായി കുലശേഖരപുരം പഞ്ചായത്ത്
ആദിനാട് തെങ്ങുകളുടെ സംരക്ഷണത്തിനും വ്യാപനത്തിനുമായി വിത്തു തേങ്ങ ശേഖരണവുമായി കുലശേഖരപുരം പഞ്ചായത്ത്. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതു നടപ്പാക്കുന്നത്. വലുപ്പത്തിലും ഗുണ നിലവാരത്തിലും രോഗ പ്രതിരോധ ശേഷിയിലും വേറിട്ട് നില്‍ക്കുന്നതാണ് ആദിനാട് തെങ്ങുകള്‍. പടിഞ്ഞാറന്‍ തീരത്തെ ഉയരം കൂടിയ തെങ്ങിന വിഭാഗത്തില്‍ പെട്ട തനത് ഇനമായ ഇവക്ക് ഒരേ വലിപ്പമുള്ള തടിയും പ്രത്യേകതകള്‍ ഉള്ള ഓലയുമാണുള്ളത്. പദ്ധതിയുടെ ഭാഗമായി ആദിനാട് തെങ്ങുകള്‍ പരിചരിക്കുന്ന കേര കര്‍ഷകരില്‍ നിന്നും വിത്തുകള്‍ ശേഖരിക്കാന്‍ തുടങ്ങി. 100 രൂപ നിരക്കില്‍ 1500 തേങ്ങകളാണ് കര്‍ഷകരില്‍ നിന്ന് വില നല്‍കി ശേഖരിക്കുന്നത്. ഇവ കൃഷി ഭവന്‍ മുഖേന സൂക്ഷ്മ പരിശോധന നടത്തും. പിന്നീട് ഗുണമേ•യുള്ളവയെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് നഴ്സറിയില്‍ വിത്തുകളാക്കി അടുത്ത വര്‍ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. തുടര്‍ പരിപാലത്തിന് വേണ്ടിയുള്ള സഹായവും പരിശീലനവും നല്‍കാനുമാണ് ലക്ഷ്യം വെക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.
കര്‍ഷകര്‍ക്ക് സഹായകരമായ രീതിയില്‍ വിപണന സൗകര്യവും മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളുടെ നിര്‍മ്മാണവും പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , മോണ്ടിസോറി/ പ്രീ സ്‌കൂള്‍ ടി. ടി. സി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍: 0474 2731061.
‘നയി ചേതന’ ക്യാമ്പയിന് തുടക്കം
ലിംഗാധിഷ്ഠിത വിവേചനങ്ങള്‍ക്കെതിരെ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് നടത്തുന്ന നയിചേതന ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനാണ് തുടക്കം കുറിച്ചത്. ആദ്യഘട്ടം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര ദിനമായ നവംബര്‍ 25ന് ആരംഭിച്ച ക്യാമ്പയിന്‍ ഡിസംബര്‍ 23ന് അവസാനിക്കും.