Input your search keywords and press Enter.

സ്പന്ദനം: ആലത്തൂരില്‍ ഭിന്നശേഷികുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍ നടന്നു

പാലക്കാട്: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ‘സ്പന്ദനം’ എന്ന പേരില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ച് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളുടെ കലാ-കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ ആലത്തൂര്‍ പഞ്ചായത്ത് പരിധിയിലെ 30 കുട്ടികള്‍ പങ്കെടുത്തു. കായിക മത്സരങ്ങളായ ഓട്ടം, നടത്തം, ഷോട്ട്പുട്ട് എന്നിവയും പ്രച്ഛന്നവേഷം, കളറിങ്, ലളിതഗാനം, നാടന്‍പാട്ട്, സംഘനൃത്തം, ലെമണ്‍ സ്പൂണ്‍ എന്നീ ഇനങ്ങളുമാണ് നടന്നത്.

ആലത്തൂര്‍ അലിയ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനവും സമ്മാന വിതരണവും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഫസീല, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍. കുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ബൈജു, ഗ്രാമപഞ്ചായത്തംഗങ്ങളായ വി. കനകാംബരന്‍, യു. ഫാറൂക്ക്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. ഭവദാസന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ നിഷ, പി.ഇ.സി കണ്‍വീനര്‍ കെ. മനോജ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ആലത്തൂരില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സംഘടിപ്പിച്ച കലാ-കായിക മത്സരം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

error: Content is protected !!