Input your search keywords and press Enter.

ചിറ്റൂരില്‍ ജില്ലാതല കേരളോത്സവത്തിന് തുടക്കമായി

പാലക്കാട്: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പല്‍ ഹാളില്‍ തുടക്കമായി. കഥാകൃത്ത് വൈശാഖന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിന്റെ വളര്‍ച്ച പരിഷ്‌കാരത്തേയും കലയുടെ വളര്‍ച്ച സംസ്‌കാരത്തെയും സൂചിപ്പിക്കുന്നതാണെന്നും യുവജനങ്ങളുടെ പങ്കാളിത്തം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഉപന്യാസം, കഥ, കവിത, ചിത്രാരചനാ മത്സരങ്ങളും കാര്‍ട്ടൂണ്‍, ക്ലേ മോഡലിംഗ്, മെഹന്തി,പുഷ്പാലങ്കാരവുമാണ് ആദ്യ ദിനം നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിറ്റൂര്‍ ഗവ കോളെജ്, ചിറ്റൂര്‍ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ട്, ഷാലോം സ്‌കൂള്‍, ചിറ്റൂര്‍ മുന്‍സിപ്പല്‍ ഹാള്‍, മുന്‍സിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കലാമത്സരങ്ങളും, ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങളും നടക്കും. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് നാല് ലക്ഷവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നാല് ലക്ഷവും ഉള്‍പ്പെടെ എട്ട് ലക്ഷം രൂപയാണ് കേരളോത്സവത്തിന് അനുവദിച്ചത്. ജില്ലയിലെ ഏഴ് നഗരസഭകള്‍, 13 ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് 75 മത്സര ഇനങ്ങളിലായി 2000 മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഡിസംബര്‍ 17 ന് കേരളോത്സവം സമാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍ കവിത അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ എം.ശിവകുമാര്‍, സാഹിത്യകാരന്‍ രാജേഷ് മേനോന്‍, ജില്ലാ യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.സി റിയാസുദ്ദീന്‍, യുവജനക്ഷേമ ബോര്‍ഡംഗം ഷെനില്‍ മന്ദിരാട്, നഗരസഭാ അംഗം കെ.സി പ്രീത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അച്യുതാനന്ദ മേനോന്‍, നഗരസഭാ സെക്രട്ടറി സതീഷ് കുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ജില്ലാതല കേരളോത്സവം ഉദ്ഘാടനം ചെയ്ത് സാഹിത്യകാരന്‍ വൈശാഖന്‍ സംസാരിക്കുന്നു.

error: Content is protected !!