Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (12/12/2022)

റോഡുകളുടെ പുനരുദ്ധാരണം

ചവറ നിയോജകമണ്ഡലത്തിലെ വിവിധമേഖലകളില്‍ റോഡുകളുടെ പുനരുദ്ധാരണം തുടങ്ങി. മരുത്തടി മുതല്‍ ഒഴുക്ക്‌തോടു വരെയുള്ള തീരദേശ റോഡ് പുനര്‍നിര്‍മാണത്തിനായി ടാറിട്ടുതുടങ്ങി. തീരദേശവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി 58 ലക്ഷം രൂപയാണ് വിനിയോഗിക്കുക.

തേവലക്കര ഗ്രാമപഞ്ചായത്തിലെ കടപ്പായില്‍ ജംഗ്ഷന്‍ പാലക്കല്‍ചിറ റോഡ് മെറ്റലിങ്ങ് ആരംഭിച്ചു. 11.53 ലക്ഷമാണ് അടങ്കല്‍. ഗ്രാമപഞ്ചായത്തിലെ കല്ലുംപുറം മുക്ക് മുതല്‍ മഞ്ഞിപ്പുഴ കിഴക്കുവശം വരെയുള്ള റോഡിന്റെ കോണ്‍ക്രീറ്റിംഗ് തുടങ്ങി. കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തീകരിച്ച ശേഷം മേലേഴുത്ത് മുക്ക് മുതല്‍ കക്കുരിക്കല്‍ മുക്ക് വരെയുള്ള റോഡിന്റെ പണി ആരംഭിക്കും. രണ്ട് റോഡുകള്‍ക്കും കൂടി 20 ലക്ഷം രൂപയാണ് അടങ്കല്‍ തുക. സാങ്കേതികതടസ്സങ്ങള്‍ നീക്കിയാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതെന്ന് സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ അറിയിച്ചു.

 

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി: കൊട്ടാരക്കര നഗരസഭ മുന്നില്‍

അയ്യങ്കാളി നഗര തൊഴിലുറപ്പ്പദ്ധതിയില്‍ നേട്ടവുമായി കൊട്ടാരക്കര നഗരസഭ. ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചാണ് നേട്ടം. 52,830 തൊഴില്‍ദിനങ്ങളാണ് സൃഷ്ടിച്ചത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ നവംബര്‍ 30 വരെ സംസ്ഥാനത്താകെ 23.02 ലക്ഷം തൊഴില്‍ദിനങ്ങളാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ്പദ്ധതിയിലൂടെ വിവിധ നഗരസഭകളില്‍ ലഭ്യമാക്കിയത്. എല്ലാതലത്തിലുമുള്ള കാര്യക്ഷമമായ കൃത്യനിര്‍വഹണമാണ് അംഗീകാരത്തിന് പിന്നിലെന്ന് നഗരസഭ ചെയര്‍മാന്‍ എ.ഷാജു പറഞ്ഞു.

 

കെ. പി അപ്പന്‍ സ്മൃതിസംഗമം ഡിസംബര്‍ 15ന്

നീരാവില്‍ നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കെ. പി. അപ്പന്‍ സ്മൃതിസംഗമം ഡിസംബര്‍ 15ന്. രാവിലെ 10. 30 ന് മാധ്യമപ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കെ. പി അപ്പന്‍ കൃതികളുടെ പ്രദര്‍ശനോദ്ഘാടനം സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രഫ. എ.ജി ഒലീന നിര്‍വഹിക്കും.

ഡോ. എസ്. ശ്രീനിവാസന്‍, പ്രൊഫ. കെ. ജയരാജന്‍, ഡോ. പ്രസന്നരാജന്‍, പ്രൊഫ. സി. ശശിധരക്കുറുപ്പ്, ഡോ. എ. ഷീലാകുമാരി, ഡോ. എസ് നസീബ്, ഡോ. എം. എസ്. നൗഫല്‍, എസ്. വി ഷൈന്‍ലാല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍, കെ. പി നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

 

സാധ്യതാപട്ടിക

മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (എക്സ്-സര്‍വീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ടുള്ള റിക്രൂട്ട്മെന്റ്/മുന്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍, ഡിഫന്‍സ് സര്‍വീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍) (കാറ്റഗറി നമ്പര്‍ 534/2019) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.

 

ദര്‍ഘാസ്

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ്‌കീപ്പിംഗ് വിഭാഗത്തിലേക്ക് വേസ്റ്റ്‌ട്രോളി വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 20നകം ദര്‍ഘാസുകള്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കൊല്ലം-691574 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ -0474 2572574, 0474 2572572.

 

അഭിമുഖം ഡിസംബര്‍ 15ന്

സാമൂഹ്യവികസനം പോളിടെക്‌നിക്കിലൂടെ (സി.ഡി.റ്റി.പി) 2022-23 സ്‌കീം നടപ്പിലാക്കുന്നതിന് ടെയ്‌ലറിംഗ് ആന്‍ഡ് ഡ്രസ്സ് മേക്കിംഗ്, ഹാന്‍ഡ് എംബ്രോയിഡറി ആന്‍ഡ് ഫാബ്രിക് പെയിന്റിംഗ്, ഇലക്ട്രിക് വയറിംഗ് ആന്‍ഡ് സോളാര്‍ എനര്‍ജി, ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് ആന്‍ഡ് ബൊക്കെമേക്കിംഗ്, സ്‌പ്രേപെയിന്റിംഗ് ആന്‍ഡ് പോളിഷിംഗ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 15ന് രാവിലെ 10ന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ.ടി.ഐ/കെ.ജി.സി.ഇ/സി.ഡി.ടി.പി കോഴ്‌സ് പാസ്സായ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഫോണ്‍ – 9400006421.

 

ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ 179 അങ്കണവാടികളിലേക്കും അഞ്ചാലുംമൂട് ഐ.സി.ഡി.എസ് പ്രോജക്റ്റ് പരിധിയിലെ 36 അങ്കണവാടികളിലേക്കും ഗ്യാസ് സ്റ്റൗ, പ്രഷര്‍ കുക്കര്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ (സ്ഥാപനങ്ങള്‍/വ്യക്തികള്‍) നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 21ന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് കൊല്ലം അര്‍ബന്‍ 2 ഐ.സി.ഡി.എസ് പ്രോജക്ട്, സ്റ്റേഡിയം കോംപ്ലക്‌സ്. ഫേണ്‍: 0474 2740590, 9188959663.

 

പരിശീലനം ഇന്ന് (ഡിസംബര്‍ 13)

‘സ്വീപ്പ്’ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും രൂപീകരിച്ചിട്ടുള്ള ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമുള്ള പരിശീലന പരിപാടി ഇന്ന് (ഡിസംബര്‍ 13) രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ കരിക്കോട് ടി.കെ.എം എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തും. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 272 ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെയും കോ-ഓര്‍ഡിനേറ്റര്‍മാര്‍ പങ്കെടുക്കണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഫോണ്‍ -0474 2794040.

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സര്‍വ്വേ; ആദ്യഘട്ടം ഡിസംബര്‍ 31ന് പൂര്‍ത്തിയാകും

‘കേരളത്തില്‍ വന്ധ്യതയുടെ ചികിത്സയും’, ‘കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളില്‍’ എന്നീ വിഷയങ്ങളില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്തിട്ടുള്ള 64 വാര്‍ഡുകളില്‍ നടത്തുന്ന സര്‍വ്വേകളുടെ ആദ്യഘട്ടം ഡിസംബര്‍ 31ന് പൂര്‍ത്തിയാകും.

വന്ധ്യതാചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സൗകര്യങ്ങള്‍ എന്നിവയും ദമ്പതിമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കണ്ടെത്തുന്നതിനാണ് വിവരശേഖരണം.

പ്രവാസികള്‍ കോവിഡിനെത്തുടര്‍ന്ന് നേരിട്ട വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികളുടെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയും വിവരശേഖരണത്തിലുള്‍പ്പെടുത്തും. മടങ്ങിപ്പോകാത്തവര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതും പഠനവിധേയമാക്കും. ഫോണ്‍ – 0474 2793418.

 

ഓണ്‍ലൈന്‍ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് 20 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ സൂം പ്ലാറ്റ്‌ഫോമിലാണ് പരിശീലനം. ഐസ് ബ്രേക്കിംഗ്, പ്രോജക്ട് ആന്റ് പ്രോഡക്ട് ഐഡന്റിഫിക്കേഷന്‍, മാര്‍ക്കറ്റിംഗ്, പ്രോജക്ട്‌റിപ്പോര്‍ട്ട്, ബ്രാന്‍ഡിംഗ്, ലിഗാലിറ്റീസ് ഓഫ് ബിസിനസ്, ലൈസന്‍സ് ആന്റ് സ്‌കീംസ് ഓഫ് ബിസിനസ്, അക്കൗണ്ടിംഗ്, ബാങ്ക്‌ലോണ്‍ പ്രോസീജിയര്‍, വിജയകരമായ സംരംഭകനുമായുള്ള ആശയവിനിമയം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. www.kied.info മുഖേന 1,180 ഫീസ് അടച്ച് ഡിസംബര്‍ 14ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 0484 2550322, 2532890, 7012376994.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ് (6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ എഫക്റ്റ്‌സ് (3 മാസം) കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

യോഗ്യത :10, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി. വിലാസം – ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് (പി.ഒ) തിരുവനന്തപുരം. ഫോണ്‍ – 8590605260, 0471 2325154.

 

സ്‌പോട്ട് അഡ്മിഷന്‍

കൊല്ലം ആര്‍.ബി.എം, ടി.ടി.ഐ പുനലൂര്‍, ആയൂര്‍ മഞ്ഞപ്പാറ ടി.ടി.ഐ എന്നീ സ്ഥാപനങ്ങളിലെ 2022-24 വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്‌സിലെ ഒഴിവുള്ള 11 സ്വാശ്രയ സീറ്റുകളിലേക്ക് അപേക്ഷാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുളള റാങ്കിന്റെ മുന്‍ഗണനാ ക്രമത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഡിസംബര്‍ 16 രാവിലെ 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ അഞ്ച് ഒഴിവുകള്‍ വീതവും കോമേഴ്‌സ് വിഭാഗത്തില്‍ ഒരു ഒഴിവുമാണ് നിലവിലുളളത്. വിദ്യാത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0474 2792957.

error: Content is protected !!