ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 24 മുതല്‍ 28 വരെ കൊട്ടാരക്കരയില്‍
കൊട്ടാരക്കര നഗരസഭയുടേയും കേരള സ്റ്റേറ്റ് ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെയും ബോള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും നേതൃത്വത്തില്‍ 68-ാമത് സീനിയര്‍ (പുരുഷ-വനിത) ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 24 മുതല്‍ 28 വരെ കൊട്ടാരക്കരയില്‍ നടക്കും.
കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 24ന് വൈകിട്ട് മൂന്നിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനാകും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി , കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ കെ. വരദരാജന്‍, മുന്‍ എം.എല്‍.എ പി. അയിഷ പോറ്റി, ബി. ബി. എഫ്. ഐ പ്രസിഡന്റ് അശോക് കുമാര്‍ ഗോയല്‍, സെക്രട്ടറി ദിനേഷ്, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. എണസ്റ്റ്, ജില്ലാ ബോള്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്. അനില്‍കുമാര്‍. കെ. എസ്. ബി. ബി. എ പ്രസിഡന്റ് ടി. കെ. ഹെന്‍ട്രി, ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു അമ്പലക്കര തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിസംബര്‍ 25ന് മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. പി.എസ്.സുപാല്‍ എം.എല്‍.എ മുഖ്യാതിഥിയാകും. 26ന് മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. പി.സി. വിഷ്ണുനാഥ് എം.എല്‍.എ മുഖ്യാതിഥിയാകും.
ഡിസംബര്‍ 27ന് മത്സരങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ മുഖ്യാതിഥിയാകും. 28ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകിട്ട് മൂന്നിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. കെ. എസ്.ബി. ബി. എ പ്രസിഡന്റ് ടി. കെ. ഹെന്‍ട്രി അധ്യക്ഷനാകും. എം.എല്‍.എമാരായ എം.നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ.ഷാജു, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ബി.ബി.എഫ്.ഐ പ്രസിഡന്റ് അശോക് ഗോയല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഖനനമേഖലയില്‍ മാതൃകയായി ജൈവ ഉദ്യാനം
ജൈവ പുനരുജ്ജീവനം ലക്ഷ്യമിട്ട് ചവറയിലെ ഖനന മേഖലകളില്‍ ജൈവ ഉദ്യാനത്തിന്റെ പച്ചപ്പ്. കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെയും കോസ്റ്റല്‍ പോലീസിന്റെയും സഹകരണത്തോടെ തുടക്കമിട്ട ജൈവ ഉദ്യാനത്തില്‍ മാവ്, പുന്ന ഇനത്തില്‍പ്പെട്ട മുന്നൂറോളം തൈകളാണ് നട്ടത്. വിദ്യാര്‍ഥികളുടെയും, പ്രകൃതി സ്‌നേഹികളുടെയും, കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തില്‍ കൂടുതല്‍ തൈകള്‍ ദിനംപ്രതി നീണ്ടകര മുതല്‍ ചവറ വരെയുള്ള ഖനന മേഖലയില്‍ നട്ടുവരുന്നു. ‘ഹരിതം ഈ തീരം’ പദ്ധതിയുടെ ഭാഗമാണ് തൈനടീല്‍. ചെമ്മണ്ണ്, കമ്പോസ്റ്റ്, വേപ്പിന്‍പുണ്ണാക്ക്, ഉമി എന്നിവ പ്രത്യേകം അളവില്‍ ചേര്‍ത്ത മിശ്രിതമാണ് തൈകളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത്. രണ്ടാംഘട്ടമായി മത്സ്യകൃഷി, കുളത്തിന് ചുറ്റും തെങ്ങ് വച്ചുപിടിപ്പിക്കല്‍, പൂന്തോട്ടം എന്നിവയും ഒരുക്കും. കോസ്റ്റല്‍ പോലീസിന്റെ പരിശോധനയ്ക്കും പരിപാലനത്തിനുമൊപ്പം ഉദ്യാനത്തിന്റെ മേല്‍നോട്ടത്തിന് ജീവനക്കാര്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.
സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
കോവിഡ് 19 ബാധിച്ച് മുഖ്യവരുമാനശ്രയമായ വ്യക്തി മരണപെട്ട കുടുംബങ്ങളിലെ (പട്ടികവര്‍ഗ, പട്ടികജാതി/ ന്യൂനപക്ഷ/ പൊതുവിഭാഗം) വനിതാ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും വനിതാ വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്‌മൈയില്‍ കേരള’ സ്വയം തൊഴില്‍ വായ്പ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 18 നും 55 വയസിനും മധ്യേ പ്രായമുള്ള തൊഴില്‍രഹിത വനിതകളായ ആശ്രിതര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. ഒരുലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് അപേക്ഷയോടൊപ്പം കരം അടച്ച രസീത് നല്‍കണം. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരിയാകണം. വിശദവിവരങ്ങള്‍ക്ക്: www.kswdc.org ഫോണ്‍: 9188606806, 8281552350.
അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ ദൃശ്യമാധ്യമ സാങ്കേതിക കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറുമാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ് കോഴ്‌സുകളിലേക്കും എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സായ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയിലേക്കും അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 20. വിവരങ്ങള്‍ക്ക് mediastudies.cdit.org ഫോണ്‍: 8547720167, 6238941788.
റോസ്മല-തെന്മല ഡാം-പാലരുവി ഉല്ലാസയാത്ര ഡിസംബര്‍ 18ന്
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 18ന് രാവിലെ ഏഴിന് കൊല്ലം ഡിപ്പോയില്‍ നിന്ന് റോസ്മല-തെന്മല ഡാം-പാലരുവി ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഒരാള്‍ക്ക് 750 രൂപയാണ് യാത്രാനിരക്ക് ബുക്കിംഗിനായി 8921950903, 9496675635, 9447721659 നമ്പറുകളില്‍ വിളിക്കാം.