കൊല്ലം: കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് രണ്ട് ദിവസത്തിനകം സര്‍വേ പൂര്‍ത്തീകരിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കടയ്ക്കല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ താലൂക്ക് ആശുപത്രിയുടെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കടയ്ക്കല്‍ പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന ഭൂമി, പഞ്ചായത്തിനോട് അനുബന്ധിച്ചുള്ള ഭൂമി, ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള ഒരു ഏക്കറിന്റെ സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ആശുപത്രി വികസനത്തിന് 20 സെന്റ് ഭൂമിയാണ് ആവശ്യം. ബാക്കി ഭൂമി പഞ്ചായത്തിന്റെ പേരിലാക്കുന്നതിന് പഞ്ചായത്ത് മുഖേന റവന്യു വകുപ്പിന് കത്ത് സമര്‍പ്പിക്കും. ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിച്ച് ആരോഗ്യ വകുപ്പ് ലഭ്യമാക്കിയ 10 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിട നിര്‍മിക്കും. ആശുപത്രിക്ക് അനുവദിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, കടയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അമ്പു, ആശുപത്രി ജീവനക്കാര്‍, റവന്യു വകുപ്പ്തല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് മന്ത്രി ജെ.ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം.